|

ബുക്ക്‌മൈഷോയിലെ മലയാളം സിനിമകളില്‍ ആലപ്പുഴയിലെ പിള്ളേര്‍ തന്നെ മുന്നില്‍, പക്ഷേ ഓള്‍ ഇന്ത്യയില്‍ ജിംഖാനയെ മലര്‍ത്തിയടിച്ച് സണ്ണി പാജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷു റിലീസായെത്തിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എമ്പുരാന്‍ സൃഷ്ടിച്ച ഓളം അടങ്ങും മുമ്പ് തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ എത്തിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ബസൂക്ക, ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫിന്റെ മരണമാസ്, അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

വന്‍ ബജറ്റിലെത്തിയ ബസൂക്ക സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ സീസണ്‍ അഡ്വാന്റേജ് സ്വന്തമാക്കി യൂത്ത് ഓഡിയന്‍സിനിടയില്‍ ആലപ്പുഴ ജിംഖാന രണ്ടാം ദിനം മുതല്‍ മുന്നേറ്റം തുടങ്ങി. വിഷു കപ്പ് നസ്‌ലെനും പിള്ളേരും സ്വന്തമാക്കിയെന്ന് ഇപ്പോള്‍ തന്നെ ഉറപ്പായിരിക്കുകയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ജിംഖാന തന്നെയാണ് മുന്നില്‍.

24 മണിക്കൂറിനിടെ 90000ത്തിലധികം ടിക്കറ്റുകളാണ് ആലപ്പുഴ ജിംഖാനയുടേതായി വിറ്റുപോയത്. അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി 75000 ടിക്കറ്റുകളും വിറ്റഴിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ സിനിമകളുടെ കാര്യത്തില്‍ ബോളിവുഡ് ചിത്രമായ ജാട്ട് ആണ് മുന്നില്‍ സണ്ണി ഡിയോള്‍ നായകനായ ചിത്രം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.

തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മെല്ലിനേനി സംവിധാനം ചെയ്ത ജാട്ട് ആദ്യദിനം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ സണ്ണി പാജിയുടെ ബോക്‌സ് ഓഫീസ് താണ്ഡവമാണ് കാണാന്‍ സാധിക്കുന്നത്. സണ്ണി ഡിയോളിന്റെ മുന്‍ ചിത്രമായ ഗദ്ദര്‍ 2 ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു.

രണ്‍ദീപ് ഹൂഡയാണ് ജാട്ടിലെ വില്ലനായി എത്തുന്നത്. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവീ മേക്കേഴ്‌സാണ് ജാട്ടിന്റെ നിര്‍മാണം. മൈത്രിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജാട്ട്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 75 കോടിക്കു മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം വന്‍ തിരിച്ചുവരവാണ് സണ്ണി ഡിയോള്‍ നടത്തുന്നത്.

തമിഴ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയും ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇതിനോടകം 200 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിയും സ്വന്തമാക്കി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഗുഡ് ബാഡ് അഗ്ലി മാറുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Sunny Deol’s Jaat movie have insane craze in Bookmyshow surpassed Alappuzha Gymkhana