|

ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല മത്സരിക്കുന്നത്; അമരിന്ദര്‍ സിങിന് മറുപടിയുമായി സണ്ണി ഡിയോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍. ബി.ജെ.പിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് മത്സരിക്കുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങിന്റെ ആരോപണം ശരിയല്ലെന്നും സണ്ണി ഡിയോള്‍ പറഞ്ഞു.

ഗുരുദാസ്പൂരില്‍ നിന്ന് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചില്ലെങ്കില്‍ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടത്തുമെന്ന ബി.ജെ.പിയുടെ ഭീഷണിക്ക് വഴങ്ങിയാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണം. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി സുനില്‍ ജഖാറിന് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സിങിന്റെ പരാമര്‍ശം.

രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാവണമെങ്കില്‍ ദിവസവും പത്രം വായിക്കണമെന്നും, അതല്ലെങ്കില്‍ ടി.വി കാണണമെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. നേരത്തെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതെന്താണെന്നായിരുന്നു സണ്ണിയുടെ മറുചോദ്യം. പ്രസ്തുത സംഭവം പരാമര്‍ശിച്ചായിരുന്നു സിങിന്റെ പരിഹാസം.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു അവതാരകന്‍ സണ്ണിയോട് ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് എന്താണഭിപ്രായം എന്ന് ചോദിക്കുന്നത് കേട്ടു. അതെന്താണെന്നായിരുന്നു സണ്ണിയുടെ മറുപടി. രാജ്യത്ത് നടക്കുന്നത് എന്താണെന്നറിയില്ലെങ്കില്‍ നിങ്ങളെന്തിനാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്’- സിങ് ചോദിച്ചിരുന്നു.

‘ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് അദ്ദേഹം ഇവിടെ മത്സരിക്കാന്‍ തയ്യാറായതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ദേഹം നിരവധി ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കാനുണ്ടെന്ന് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു’- സിങ് സന്നിക്കെതിരെ ആരോപിച്ചിരുന്നു.

സണ്ണി ഡിയോളിന്റെ പ്രവര്‍ത്തന മേഖല മുംബൈ ആണെന്നും, തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം മുംബൈയിലേക്ക് തിരിച്ചോടുമെന്നും സിങ് പറഞ്ഞിരുന്നു.