കര്‍ഷകര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം, പിന്നാലെ പേടിച്ചുവിറച്ച് സണ്ണി ഡിയോള്‍; വൈ കാറ്റഗറി ഏര്‍പ്പെടുത്തി സര്‍ക്കാര്‍
national news
കര്‍ഷകര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം, പിന്നാലെ പേടിച്ചുവിറച്ച് സണ്ണി ഡിയോള്‍; വൈ കാറ്റഗറി ഏര്‍പ്പെടുത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 2:12 pm

ന്യൂദല്‍ഹി: നടനും ബി.ജെ.പി നേതാവുമായ സണ്ണി ഡിയോളിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 11 പേരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷയാണ് സണ്ണി ഡിയോളിനായി ഏര്‍പ്പെടുത്തിയത്. ഇതില്‍ രണ്ട് കമാന്റോമാരും പൊലീസും ഉള്‍പ്പെടും.

നേരത്തെ സണ്ണി ഡിയോള്‍ കര്‍ഷക പ്രതിഷേധത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ചിലര്‍ കര്‍ഷക സമരത്തെ മുതലെടുക്കുകയാണെന്നും മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഡിയോള്‍ ആരോപിച്ചികരുന്നു. താന്‍ കര്‍ഷകര്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും ആണെന്നും സണ്ണി ഡിയോള്‍ പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡിയോളിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

അതേസമയം, കാര്‍ഷിക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രാധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് മറ്റുവഴികളെക്കുറിച്ചും ആലോചിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ ധാരണ.

എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Sunny Deol Gets Y-Category Security, Backed New Farm Laws