മണ്ഡലം നോക്കാന്‍ പകരം 'പ്രതിനിധി'യെ വെച്ച് സണ്ണി ഡിയോള്‍; ചതിയാണെന്ന് കോണ്‍ഗ്രസ്
national news
മണ്ഡലം നോക്കാന്‍ പകരം 'പ്രതിനിധി'യെ വെച്ച് സണ്ണി ഡിയോള്‍; ചതിയാണെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2019, 9:34 pm

ചണ്ഡീഗഢ്: മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രതിനിധിയെ വെച്ച് ഗുരുദാസ്പൂര്‍ കോണ്‍ഗ്രസ് എം.പി സണ്ണി ഡിയോള്‍. തന്റെ അസാന്നിധ്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഗുര്‍പ്രീത് സിങ് പല്‍ഹേരി എന്ന മൊഹാലി സ്വദേശിയെയാണ് സണ്ണി ഡിയോള്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടുകയല്ല, 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വേണ്ടിയാണ് താനടക്കമുള്ളവരെ ഉള്‍പ്പെടുത്തി ടീം തയ്യാറാക്കിയതെന്ന് ഗുര്‍പ്രീത് സിങ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഗുരുദാസ്പൂരില്‍ നില്‍ക്കാതെ കൂടുതല്‍ സമയവും മുംബൈയില്‍ കഴിഞ്ഞ സണ്ണി ഡിയോളിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

എം.പിയ്ക്ക് പകരം പ്രതിനിധിയെ നിര്‍ത്താന്‍ പറ്റുമോയെന്ന് അറിയില്ല. പക്ഷെ പല്‍ഹേരിയ്ക്ക് പഞ്ചാബ് സര്‍ക്കാര്‍ ഔദ്യോഗിക വാഹനവും സുരക്ഷയും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സണ്ണി ഡിയോളിന്റെ നടപടി ഗുരുദാസ്പൂരിലെ ജനങ്ങളെ വഞ്ചിക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എങ്ങനെയാണ് എം.പി പകരം ആളെ വെക്കുകയെന്നും സണ്ണിഡിയോളിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.