കോഴിക്കോട്: സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാം മതവിശ്വാസ പ്രകാരം അനുവദനീയമാണെന്ന് മുസ്‌ലിം സംഘടന. സുന്നി യുവജന സംഘമാണ് മുസ്ലീം സ്ത്രീകളില്‍ ചേലാകര്‍മ്മം നടത്തുന്നത് അംഗീകൃത സമ്പ്രദായമാണെന്ന് അഭിപ്രായപ്പെട്ടത്. എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്തവരാണെന്നും അവര്‍ പറയുന്നു.
പ്രവാചകന്റെ വാക്കുകള്‍ മാനദണ്ഡമാക്കിയുള്ള മുസ്‌ലിം നിയമമായ സുന്നയില്‍ ചേലാകര്‍മം അനുവദനീയമാണെന്ന് പറയുന്നുണ്ട്. പുരുഷന്മാര്‍ക്ക് സുന്നത്ത് എന്നത് മുസ്‌ലിം നിയമപ്രകാരം നിര്‍ബന്ധമാകുമ്പോള്‍ സ്ത്രീകള്‍ക്ക് വേണമോ, വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് സുന്നി യുജവന സംഘം വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ സുന്നി വിഭാഗം മുസ്‌ലിങ്ങള്‍ പിന്തുടരുന്ന ഷാഫി മദ്ഹബില്‍പ്പെട്ടവര്‍ സ്ത്രീകളില്‍ സുന്നത്ത് നടത്തുന്നതിനെ അംഗീകരിക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ തങ്ങള്‍ പിന്തുടരുന്ന ഇബന്‍ ഹാജര്‍ അല്‍ ഹെയ്തമിയുടെ പുസ്തകത്തിലും പെണ്‍ സുന്നത്തിനെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു.
സ്ത്രീകള്‍ക്ക് ചേലാകര്‍മം എന്നത് ഒരു അനുഗ്രഹമാണ്. പുരുഷന്മാര്‍ക്കാകട്ടെ ആനന്ദം നല്‍കുന്ന അനുഭവവും. ഇസ്ലാമില്‍ സുന്നത്തിലൂടെ ജനനേന്ദ്രിയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് മുറിക്കുന്നതെന്നും സമകാലിക മലയാളത്തിന്റെ റിപ്പോര്‍ട്ടില്‍ അബ്ദുല്‍ ഹമീദ് ഫൈസി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സുന്നത്ത് നടത്തുന്നതില്‍ പ്രഗത്ഭരായവരുടെ അഭാവം ഉണ്ടായതോടെയാണ് സ്ത്രീകളില്‍ സുന്നത്ത് കുറഞ്ഞു വന്നത്. സ്ത്രീകളില്‍ സുന്നത്ത് നടത്തുന്നതിന് ഇതില്‍ പ്രാവിണ്യമുള്ള സ്ത്രീകള്‍ തന്നെ വേണമെന്നും സുന്നി യുവജന സംഘം പ്രസിഡന്റ് പറയുന്നു.
അതേസമയം, സ്ത്രീകളില്‍ ചേലാകര്‍മം നടത്തിയ കോഴിക്കോട്ടെ ഒരു ക്ലിനിക്കിലേക്ക് മുസ്ലീം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ സുന്നി യുവജന സംഘം അംഗീകരിക്കുന്നില്ല. ഇസ്ലാം മതത്തില്‍ സുന്നത്തിനെ കുറിച്ച് പറയുന്നതെന്താണെന്ന് വ്യക്തതയില്ലാത്തതിനാലാണ് അവര്‍ പ്രതിഷേധിച്ചതെന്നാണ് സുന്നി യുവജന സംഘം പറയുന്നത്.