കോഴിക്കോട്: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള പണം സ്വരൂപിക്കാനായി പോര്‍ക്ക് ചാലഞ്ച് പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ യെ വിമര്‍ശിച്ച നാസര്‍ ഫൈസിയെ പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്)
നാസര്‍ ഫൈസി ഡി.വൈ.എഫ്.ഐയുടെ നിലപാടിനോടുള്ള തന്റെ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അത് ജനാധിപത്യപരമായ അവകാശമാണെന്നും എസ്.എം.എഫ് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
‘പന്നി മാംസം നിഷിദ്ധമായി കരുതുന്നവരാണ് മുസ്‌ലിങ്ങള്‍. ദുരന്തത്തില്‍പ്പെട്ട എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഫണ്ട് സമാഹാരിക്കാന്‍ നിരവധി സംവിധാനങ്ങള്‍ നിലനില്‍ക്കെ ഒരു വിഭാഗത്തിന് നിഷേധിക്കപ്പെട്ട രീതിയില്‍ പണം സ്വരൂപിക്കുന്നത് മതേതതരത്വത്തിന് അനുയോജ്യമല്ല.
അതിനാല്‍ മതവിധി പ്രകാരം അഭിപ്രായം പറഞ്ഞ നാസര്‍ ഫൈസിയേയും മറ്റ് മതപണ്ഡിതന്മാരേയും വര്‍ഗീയവാദികളായി ചിത്രീകരിക്കാനുള്ള ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹവും അപകടകരവുമാണ്. മത പണ്ഡിതന്‍മാര്‍ മതം പറഞ്ഞുകൊണ്ടേയിരിക്കും. അതിനെ വര്‍ഗീയമായി ആരോപണം കൊണ്ട് തടയാന്‍ സാധിക്കില്ല,’ എസ്.എം.എഫിന്റെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിലെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായി ഡി.വൈ.എഫ്.ഐ ആരംഭിച്ച പോര്‍ക്ക് ചാലഞ്ചിലൂടെ മതനിന്ദ ഒളിച്ച് കടത്തുയാണെന്ന ആരോപണവുമായി സുന്നി നേതാവായ നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തുന്നത്.
‘വയനാട്ടിലെ ദുരിതബാധിതരില്‍ അധികം പേര്‍ക്കും ബീഫ് ഇറച്ചി നിഷിദ്ധമാണെന്നറിഞ്ഞിട്ടും പോര്‍ക്ക് ചാലഞ്ച് നടത്തുന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് അവഹേളിക്കുന്നതിന് തുല്യമാണ്. ചാലഞ്ച് നടത്താന്‍ അനുവദനീയമായ വേറെ ഭക്ഷണങ്ങള്‍ ഉണ്ടായിട്ടും നിഷിദ്ധ ഭക്ഷണത്തിലൂടെ ദുരിത നിവാരണം നടത്തുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. വയനാട്ടുകാര്‍ കഴിക്കുന്നില്ലല്ലോ എന്ന പേര് പറഞ്ഞ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല,’ ഫൈസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ നാസര്‍ ഫൈസിയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.സമസ്ത നേതാവിന്റെ പോസ്റ്റ് സംഘപരിവാറിന് വളംവെക്കുന്ന രീതിയില്‍ ഉള്ളതാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
അതേസമയം ഡി.വൈ.എഫ്.ഐയുടെ പോര്‍ക്ക് ചലഞ്ച് വന്‍ വിജയമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. സംഘടനയുടെ കോതമംഗലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചലഞ്ചില്‍ 517 കിലോ ഇറച്ചിയാണ് വിറ്റ് പോയത്. ഒരു കിലോക്ക് 375 രൂപ നിരക്കിലായിരുന്നു കച്ചവടം.