'പ്രതി സ്‌കൂളിലില്ലാത്ത സമയം വ്യക്തമാക്കി കുട്ടിയെക്കൊണ്ട് മൊഴി കൊടുപ്പിച്ചതാര്? ആര്‍ക്ക് വേണ്ടി?'; എസ്.ഡി.പി.ഐക്കെതിരെ സംശയമുന്നയിച്ച് സുന്നി ഇ.കെ വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍
Palathai Case
'പ്രതി സ്‌കൂളിലില്ലാത്ത സമയം വ്യക്തമാക്കി കുട്ടിയെക്കൊണ്ട് മൊഴി കൊടുപ്പിച്ചതാര്? ആര്‍ക്ക് വേണ്ടി?'; എസ്.ഡി.പി.ഐക്കെതിരെ സംശയമുന്നയിച്ച് സുന്നി ഇ.കെ വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th July 2020, 7:12 pm

കോഴിക്കോട്: പാലത്തായി പീഡന കേസില്‍ എസ്.ഡി.പി.ഐക്കെതിരെ സംശയങ്ങള്‍ പ്രകടിപ്പിച്ച് സുന്നി ഇ.കെ വിഭാഗം നേതാവ് സത്താര്‍ പന്തല്ലൂര്‍. കേസില്‍ പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ തിയതിയടക്കമുള്ള വിവരങ്ങള്‍ ഇരയായ പെണ്‍കുട്ടി നല്‍കേണ്ടതില്ല എന്നിരിക്കെ, ആരാണ് കുട്ടിയോട് പ്രതി സ്‌കൂളിലില്ലാത്ത തിയതികളും സമയങ്ങളും വളരെ വ്യക്തമാക്കി പറയിപ്പിച്ചതെന്ന് സത്താര്‍ ചോദിച്ചു.

പരാതി തയ്യാറാക്കിയതും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി കൊടുപ്പിച്ചതുമടക്കം ചെയ്തതെല്ലാം തങ്ങളാണെന്ന് എസ്.ഡി.പി.ഐയുടെ അവകാശ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സത്താര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

‘കേസെടുത്തെങ്കിലും പോലീസിന്റെ നിസ്സംഗത തുടക്കം മുതലേ വ്യക്തമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. എന്നാല്‍ അവരും ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു.
പ്രതി ബി.ജെ.പി നേതാവാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ സ്വാഭാവികം. അപ്പോള്‍ സാധാരണ കേസിനപ്പുറം പ്രതി രക്ഷപ്പെടാതിരിക്കാനുള്ള ശക്തമായ ജാഗ്രതയും ആവശ്യമാണ്. പോലീസിനെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്ന പരാതിയും പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഉണ്ടായേക്കാവുന്ന ഇടപെടലും ഒരുമിക്കുമ്പോള്‍ കേസ് നടപടിക്രമങ്ങളിലെ ചെറിയ വീഴ്ച പോലും പ്രതിക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെടും’, സത്താര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പരാതി തയ്യാറാക്കിയതും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച് മൊഴി കൊടുപ്പിച്ചതും തുടങ്ങി വേണ്ടതെല്ലാം തങ്ങള്‍ തന്നെ ചെയ്തതായി മണ്ഡലം പ്രസിഡന്റ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ അവകാശപ്പെടുകയും ചെയ്തിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ പ്രതി തന്നെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും ചര്‍ച്ച നടത്തിയെന്നും മണ്ഡലം പ്രസിഡന്റ് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ടെന്നും സത്താര്‍ പറഞ്ഞു.

‘ഒരു ചോദ്യം മാത്രം; പ്രതി സ്‌ക്കൂളിലില്ലാത്ത മൂന്ന് തിയതികളും സമയങ്ങളും വളരെ വ്യക്തമാക്കി, ആ ദിവസങ്ങളില്‍ തന്നെയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ മൊഴി കൊടുപ്പിച്ചതാര്? ആര്‍ക്ക് വേണ്ടി?’, സത്താര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

പാലത്തായി കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.

പോക്സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ.ജി ശ്രീജിത്ത് ത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക