ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് രാവിലെ 10.22 നാണ് ഇവര്‍ സഞ്ചരിച്ച റഷ്യയുടെ സോയുസ് 31 പേടകം നിലയത്തില്‍ എത്തിയതെന്ന് നാസ വ്യക്തമാക്കി. രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് സംഘം ബഹിരാകാശത്ത് എത്തിയത്.[]
കസാകിസ്താനിലെ ബൈകൊനൂര്‍ വിക്ഷേപണ നിലയത്തില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് സുനിതയെയും രണ്ടു സഹയാത്രികരെയും വഹിച്ചുകൊണ്ട് റഷ്യയുടെ സോയൂസ് കുതിച്ചുയര്‍ന്നത്.
റഷ്യയുടെ സോയൂസ് കമാന്‍ഡര്‍ യൂറി മലെന്‍ചെങ്കോ, ജപ്പാന്‍ ബഹിരാകാശ പര്യവേഷണ ഏജന്‍സിയുടെ ഫൈല്‍ എന്‍ജിനീയര്‍ അകിഹികോ ഹോഷിദെ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ നാലു മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.
ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിതയുടെ പേരില്‍ റെക്കോഡുണ്ട്. 2006-07 വര്‍ഷത്തില്‍ ആറുമാസക്കാലമാണ് അവര്‍ ബഹിരാകാശത്ത് ചെലവിട്ടത്.
(2006-2007 വര്‍ഷത്തെ യാത്രക്കിടെ ബഹിരാകാശത്ത് നിന്നും സുനിത സംസാരിക്കുന്നു)