മോസ്‌കോ:അന്താരാഷ്ട്ര ബഹിരാകാശനിലയ (ഐ.എസ്.എസ്)ത്തിന്റെ കമാന്‍ഡര്‍ പദവി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഏറ്റെടുത്തു. നിലയത്തിന്റെ നേതൃത്വം കൈയാളുന്ന രണ്ടാമത്തെ വനിതയാണ് അവര്‍.
കഴിഞ്ഞ മെയ് മുതല്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ച റഷ്യന്‍ശാസ്ത്രജ്ഞന്‍ ഗെന്നഡി പദാല്‍ക ഭൂമിയിലേക്ക് മടങ്ങിയതിനെത്തുടര്‍ന്നാണ് സുനിതയുടെ സ്ഥാനാരോഹണം. []
ഐ.എസ്.എസ്സില്‍ സുനിതയടക്കം മൂന്നുയാത്രികരാണ് ഇപ്പോഴുള്ളത്. ജനവരിയില്‍ ഇവര്‍ ഭൂമിയിലേക്ക് മടങ്ങും. ഐ.എസ്.എസ്സില്‍ നാളെ 47ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സുനിത വില്യംസ്.
ഏറ്റവുമധികം സമയം ബഹിരാകശത്ത് തങ്ങിയ വനിത, ഏറ്റവുംകൂടുതല്‍ തവണയും കൂടുതല്‍ സമയവും ബഹിരാകാശത്ത് നടന്ന വനിത എന്നീ റെക്കോഡുകളുടെ ഉടമയാണ് അവര്‍.
യു.എസ്. ബഹിരാകാശ ഏജന്‍സിയായ “നാസ”യില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായ സുനിതയുടെ രണ്ടാമത്തെ ഐ.എസ്.എസ്. ദൗത്യമാണിത്. 2006ലായിരുന്നു ആദ്യയാത്ര. കഴിഞ്ഞ ജൂലായിലാണ് വീണ്ടും ബഹിരാകാശനിലയത്തിലേക്ക് പോയത്.
പെഗ്ഗി വിറ്റ്‌സണും രണ്ടാമത്തെ ദൗത്യത്തിലാണ് ഐ.എസ്.എസ്സിന്റെ കമാന്‍ഡറായത്. ജൈവരസതന്ത്ര ഗവേഷകയായ അവരുടെ ആദ്യ ബഹിരാകാശയാത്ര 2002ലായിരുന്നു.