| Tuesday, 11th September 2018, 10:18 am

ഒറിജിനല്‍ ബഹ്‌റയെ പൂട്ടിയിട്ട് അവിടെ പാഷാണം ഷാജി കേറി ഇരിക്കുന്നതാണോ?; ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Administrator

കേരള ഡി ജി പി ലോക്നാഥ് ബെഹ്റക്ക് എന്താണ് സംഭവിക്കുന്നത്?
നമ്മുടെ ആഭ്യന്തരവകുപ്പിന് എന്താണ് പ്രശ്‌നം?

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകല്‍ പോലെ വ്യക്തം .

ജഗതി ശ്രീകുമാര്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ഒരു സിനിമയുണ്ട്.കാട്ടിലെ തടി, തേവരുടെ ആന . അതില്‍ ഒരു ജഗതി മന്ത്രിയാണ്. മറ്റേ ജഗതി മറ്റൊരു ആളും. സിനിമയില്‍ ഒരു ഘട്ടത്തില്‍ മന്ത്രിയായ ജഗതിയെ മറ്റേ ജഗതിയെ കൊണ്ട് മാറ്റുന്നുണ്ട്. എന്നിട്ട് ഒറിജിനല്‍ മന്ത്രിയെ ഒരിടത്തു പൂട്ടിയിടും. ഒരു കൂട്ടം മനുഷ്യര്‍ എന്നിട്ട് അവര്‍ക്ക് വേണ്ടതൊക്കെ ഡ്യൂപ്ലിക്കേറ്റ് മന്ത്രിയെ കൊണ്ട് നടത്തിയെടുക്കും.

എപ്പോഴും പാഷാണം ഷാജിയുമായുള്ള ഡി ജി പിയുടെ മുഖസാദൃശ്യവും ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനവും കാണുമ്പൊള്‍ ഞാനോര്‍ക്കും , ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടാവുമോ? അല്ലെങ്കില്‍ ഒരു ഡി ജി പി ഇങ്ങനെയൊക്കെ പെരുമാറുമോ? എന്താണ് സത്യത്തില്‍ അദ്ദേഹത്തിന് സംഭവിക്കുന്നത്?

എന്തെല്ലാമാണ് ഇദ്ദേഹം ഡി ജി പി ആയ ശേഷം സംഭവിച്ചത് എന്നോര്‍ത്ത് നോക്കു . ലോക്കപ്പ് മരണം, വിദ്യാര്‍ത്ഥി മരണം, നിരവധി കേസുകളില്‍ ഉള്ള സംശയാസ്പദമായ വൈകിപ്പിക്കല്‍ …. ഏറ്റവും ഒടുവില്‍ കന്യാസ്ത്രീകള്‍ നീതി തേടി തെരുവില്‍.ഒന്നിലും നടപടിയുണ്ടായില്ല.

എന്താണ് ശരിക്കും സംഭവിക്കുന്നത്? അത് ഒറിജിനല്‍ ബെഹ്റ അല്ലെ ? പാഷാണം ഷാജിയോ മറ്റോ ആണോ ഇനി ?
ശരിക്കും ബഹ്റയെ വല്ലവരും തട്ടി കൊണ്ട് പോയി വല്ലയിടത്തും പൂട്ടിയിട്ടിരിക്കയാണോ ?

ഒരെത്തും പിടിയും കിട്ടുന്നില്ല .

മുന്‍പ് ലിസ്റ്റ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു. (ലിസ്റ്റ് പഴയത്)

1 . ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ ?

2 . കെവിന്റെ കൊലപാതകം.കെവിന്റെ ഭാര്യയും ബന്ധുക്കളും ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് കരഞ്ഞ് കൊണ്ട് പരാതിപ്പെട്ടിട്ടും ഒന്നും ചെയ്യാത്ത പൊലീസ്.

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്ന വരാപ്പുഴ സംഭവം.

3 .എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ തെളിവ് സഹിതം പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരെ കേസ് എടുത്തു. പരാതി പൂഴ്ത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയതു. എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയില്‍ വീടുകയറി എസ്‌ഐയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് അടിച്ചുശരിയാക്കി. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.

4 . വിജിലന്‍സിനെ നിങ്ങള്‍ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലന്‍സ് എന്നാല്‍ എന്തിനുള്ള ഏജന്‍സി ആണ് ?
കെ എം മാണി നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാര്‍ വിഷയത്തില്‍ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂര്‍ കേസ് എന്തായിരുന്നു ?

5 . സോളാര്‍ കേസ് എന്തായി ? ശരിക്കും ഉമ്മന്‍ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ?

6 . ബി ജെപിയും ആര്‍ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ നിങ്ങള്‍ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?
പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകള്‍ അത്രക്കുണ്ടല്ലോ . ചിലത് ഓര്‍മ്മിപ്പിക്കാം .സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ?
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല ?
പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ?
പി ശശികല എന്നൊരാള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നതായി താങ്കള്‍ക്കറിയാമോ ? അവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?

7 . കമല്‍ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും നേരിട്ട രീതി ?

8 . ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?

9 . പോലീസ് കംപ്ലയിന്റ് അതോറിട്ടി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ?
(കോടതിവ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍നിന്നാവണം. ജില്ലാ കംപ്ലയിന്റ് അതോറിറ്റി തലവന്‍ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലില്‍ നിന്നാവണം നിയമനം. പോലീസ് ബില്‍ വന്നപ്പോള്‍ സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?

10 . കൊച്ചിയില്‍ “അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്”” പോലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പോലീസുകാര്‍ക്കൊക്കെ സുഖമല്ലേ ? അവര്‍ക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?

11 . ആര്‍ട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറില്‍ പെണ്‍കുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണില്‍ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..

12 . ഒന്ന് മറന്നു … ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങള്‍

13 . ട്രാന്‍സ്ജെന്‍ഡേഴ്‌സിനെതിരെ തുടര്‍ച്ചയായി പോലീസ് നടത്തുന്ന മര്‍ദ്ദനങ്ങള്‍ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അര്‍ഹിക്കുന്നതാണ് . ജനമൈത്രി പോലീസ് എന്നാല്‍ ഇതാണ് . ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ പുറത്ത് കണ്ടാല്‍ തല്ലി ഓടിക്കണം . അതാണ് സര്‍ക്കാര്‍ നയം .

14 . അന്യസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാല്‍ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .

15 . ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്

16 . ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങള്‍ തടഞ്ഞത് എന്തിനായിരുന്നു ?

17 . പുതുവൈപ്പിന്‍ സമരം നേരിട്ട രീതി ഗംഭീരം

18 . കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോലീസ് മര്‍ദ്ദനത്തില്‍ ഓട്ടോഡ്രൈവറുടെ കേള്‍വി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെല്‍ഡണ്‍ മിസ്റ്റര്‍

19 . എ കെ ശശീന്ദ്രന്‍ ഒരു സ്ത്രീയെ ഫോണ്‍ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആര്‍ക്കാ ഫോണ്‍ വിളിച്ചത് ? കേസ് ഒത്തു തീര്‍ന്ന വ്യവസ്ഥകള്‍ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റില്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ എന്താ ?

20. ഷുഹൈബിന്റെ കൊലപാതകത്തില്‍ ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ?
അയാള്‍ കീഴടങ്ങിയതാണോ ? നിങ്ങള്‍ ഓടിച്ചിട്ട് പിടിച്ചതാണോ ?

21. ആശിഷ് രാജ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മൂത്രമൊഴിക്കാന്‍ സൗകര്യം ആവശ്യപ്പെട്ടപ്പോള്‍ അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ?

22. കേരളത്തിലെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകള്‍ സൈബര്‍ പരാതികള്‍ നല്‍കിയിട്ടുണ്ട് ? അതില്‍ ഇത് വരെ എന്ത് നടപടികള്‍ എടുത്തു ? എന്ത് കൊണ്ടാണ് കേരളത്തിലെ സാധാരണക്കാരന് നീതി കിട്ടാത്തത് ?

23. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയത്

എത്രയെത്ര സംഭവങ്ങള്‍ ! ലിസ്റ്റ് അപൂര്‍ണം

Administrator

We use cookies to give you the best possible experience. Learn more