| Wednesday, 30th October 2019, 4:51 pm

'താന്‍ പറ്റിക്കപ്പെടുകയായിരുന്നു'; ഓണ്‍ലൈന്‍ ചാരിറ്റി വിഷയത്തില്‍ വിശദീകരണവുമായി സുനിത ദേവദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീമോള്‍ മാരാരി എന്ന യുവതിയുടെ ചികിത്സയക്ക് വേണ്ടി പണം ആവശ്യപ്പെട്ട വിഷയത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീഡിയോ ബ്ലോഗര്‍ സുനിതാ ദേവദാസ്. സോഷ്യല്‍ മീഡിയയില്‍ വിഷയത്തെ കുറിച്ച് ആരോപണങ്ങളും ചര്‍ച്ചകളും സജീവമായപ്പോഴാണ് വിശദീകരണവുമായി സുനിത ദേവദാസ് രംഗത്തെത്തിയത്.

ശ്രീമോളുടെ കാന്‍സര്‍ ചികിത്സക്ക് വേണ്ടിയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പണം നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ടത്. പ്രവാസികളും മറ്റുള്ളവരും പണം നല്‍കി സഹായിക്കുകയും ചെയ്തു. പിന്നീട് ഈ യുവതിക്ക് കാന്‍സര്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള ചര്‍ച്ചകള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ശ്രീമോള്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് സുനിത ദേവദാസ് സമ്മതിച്ചത്.

സുനിത ദേവദാസിന്റെ വിശദീകരണം വായിക്കാം….

നിങ്ങൾ ആരെങ്കിലും ഇടതുപക്ഷ സർക്കാരിലെ ആരെയെങ്കിലുമോ ഇടതുപക്ഷ മന്ത്രിമാരെയോ നേതാക്കളെയോ എന്തെങ്കിലും ആവശ്യത്തിന് സമീപിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിൽ നമ്മൾ ആവശ്യം പറഞ്ഞു കഴിഞ്ഞാൽ അവർ പറയുന്നത് എന്താണ് എന്നോർമയുണ്ടോ?
എവിടാ നാട് ? അവിടെ ഏത് വീട്?
അപ്പൊ നിങ്ങള് പോയിട്ട് നമ്മളെ പാർട്ടിയുടെ ജില്ലാ സെക്രെട്ടറിയുടെ ഒരു കത്തുമായി വരാൻ പറയും.

ജില്ലാ സെക്രെട്ടറിയുടെ കത്ത് കിട്ടണമെങ്കിൽ എന്ത് വേണം? നിങ്ങളെ ജില്ലാ സെക്രെട്ടറിക്ക് പരിചയമുണ്ടെങ്കിൽ കത്ത് കിട്ടും. ഇല്ലെങ്കിലോ? നിങ്ങൾ പോയി ലോക്കൽ കമ്മറ്റി സ്ക്രെട്ടറിയുടെയോ ബ്രാഞ്ച് കമ്മറ്റി സെക്രെട്ടറിയുടെയോ കത്ത് വാങ്ങി ജില്ലാ സെക്രെട്ടറിയെ കാണേണ്ടി വരും.
ഈ ഘട്ടത്തിൽ ചിലരൊക്കെ സിപിഎംകാരെ ഒരാവശ്യത്തിന് സമീപിച്ചാൽ നടക്കില്ല എന്നും പറഞ്ഞു തല ചൊറിഞ്ഞു പ്രാകി സ്ഥലം കാലിയാകും . കത്ത് വാങ്ങാനൊന്നും പോകില്ല.
എനിക്കും തോന്നിയിട്ടുണ്ട് ഇതെന്തിനാ ഈ കത്തും കുത്തുമൊക്കെ എന്ന് …
ഇന്നെനിക്കത് എന്റെ ജീവിതത്തിൽ നിന്നും മനസിലായി. ഇന്നെഴുതിയില്ലെങ്കിൽ പിന്നെ എന്നാണ് ഞാനത് എഴുതുക ?

ശ്രീമോൾ മാരാരി കാൻസറാണ്, ഇപ്പോ മരിക്കും എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നപ്പോ ഞാൻ നാട്ടിലെ വല്ല രാഷ്ട്രീയക്കാരോടും ഒന്ന് തിരക്കിയാൽ മതിയായിരുന്നു. അല്ലെങ്കിൽ അവളോട് ഒരു റെക്കമെന്റേഷൻ കത്ത് വാങ്ങി വരാൻ പറഞ്ഞാൽ മതിയായിരുന്നു. എങ്കിൽ ഞാൻ ഈ ചതിയിൽ പെട്ട് പോകില്ലായിരുന്നു.
കാരണം മാരാരിക്കുളത്തുള്ള എല്ലാവര്ക്കും അറിയാം ഇവൾക്ക് രോഗമില്ലെന്നും തട്ടിപ്പാണെന്നും….

പക്ഷെ ആലപ്പുഴ ജില്ലയിലെ, മാരാരിക്കുളത്തെ മുഴുവൻ സിപിഎംകാരെയും ഞാനീ നിമിഷത്തിൽ സ്നേഹത്തോടെ ഓർക്കുന്നു.
കാരണം ഞാൻ ശ്രീമോൾക്ക് കാൻസർ ആണെന്ന് പറഞ്ഞു പോസ്റ്റിട്ട് അഞ്ചു മിനിറ്റ് തികയുന്നതിനു മുൻപ് എനിക്ക് ആലപ്പുഴക്കാരൻ ഒരു സഖാവിന്റെ കോൾ വന്നു. എന്നാൽ ഞാനത് വിശ്വസിച്ചില്ല. അത് കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആലപ്പുഴയിലെ സഖാക്കൾ (ആരുടെയും പേരെടുത്തു പറയുന്നില്ല )എന്നെ വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
ഇത് തട്ടിപ്പാണ്, ശ്രീമോൾ നിങ്ങളെ പറ്റിക്കുകയാണ്, അവൾ സിപിഎംകാരിയല്ല, പാർട്ടിയുമായി ഒരു ബന്ധവുമില്ല, ഫേസ്‌ബുക്കിലെ മാത്രം സഖാവാണ് , കാന്സറില്ല എന്നൊക്കെ പറഞ്ഞു കൊണ്ട്….

ഞാൻ ഒരിക്കൽ പോലും ആലപ്പുഴയിലെ ആരെയും അങ്ങോട്ട് വിളിച്ചു ചോദിക്കാഞ്ഞിട്ടും അവർ അവരുടെ ഉത്തരവാദിത്തം പോലെ എന്നെ വിളിച്ചു കൊണ്ടിരുന്നു.
അങ്ങനെയാണ് ഞാൻ ശ്രീമോൾക്ക് ഇനിയാരും പൈസ ഇടേണ്ട , ആവശ്യത്തിനായി എന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നതും പണം ചോദിച്ചിട്ട പോസ്റ്റ് ഒൺലി മീ ആക്കുന്നതും.
പിന്നീട് കാര്യങ്ങൾ തെളിഞ്ഞു വരാൻ ഇത്ര സമയം എടുത്തു എന്ന് മാത്രം.

ആലപ്പുഴയിലെ സഖാക്കളേ നിങ്ങൾ മരണമാസ് ആണ്. ഇത് ആലപ്പുഴയിലെ മാത്രം സഖാക്കളുടെ കാര്യമല്ല കേട്ടോ. കേരളം മുഴുവനുള്ള സിപിഎംകാർ ഇക്കാര്യത്തിൽ ഇങ്ങനെ തന്നെയാണ്.
നിങ്ങൾ മരണമാസ് മനുഷ്യരാണ് സഖാക്കളേ …..

ജീവിതത്തിൽ ഓരോ അടി കിട്ടുമ്പോഴും ഞാൻ കുറെ നന്നാവാറുണ്ട്.
ഇതാ ഇപ്പോഴും കുറെ നന്നായി … ശരിക്കും നന്നായി…

സിപിഎമ്മിന്റെ ഈ രീതി മറ്റു പാർട്ടിക്കാരും എല്ലാ മനുഷ്യരും മാതൃക ആക്കണം എന്ന് ഞാൻ കിട്ടിയ അവസരത്തിൽ ഉപദേശിക്കുന്നു.

ആലപ്പുഴക്കാരെ നിങ്ങൾക്ക് ഒരു ടൈറ്റ് ഹഗ് . ഞാൻ പറ്റിക്കപ്പെട്ടത് നിങ്ങൾ പറഞ്ഞത് കേൾക്കാതിരുന്നത് കൊണ്ടാണ്.
സ്നേഹം
നന്ദി
Sunitha devadas

We use cookies to give you the best possible experience. Learn more