ഫ്ലോറിഡ: നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്നും 26ന് മടങ്ങും. 21 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് മടക്കം. ഒരുപാട് ആശങ്കങ്ങൾക്കൊടുവിലാണ് വില്യംസ് മടങ്ങിയെത്തുന്നുവെന്ന റിപ്പോർട്ടുകൾ എത്തിയത്.
ജൂൺ അഞ്ചിനാണ് ബഹിരാകാശ യാത്രയ്ക്കായി പേടകം ബോയിങ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും ബഹിരാകാശ സാങ്കേതിക വെല്ലുവിളികൾ നേരിടുന്നതിനാൽ പേടകത്തിൻ്റെ തിരിച്ചുവരവ് വൈകുകയായിരുന്നു.
ബോയിങ് സ്റ്റാർലൈനർ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമെത്തിയപ്പോൾ പേടകത്തിൽ നിന്നും ഹീലിയം വാതക ചോർച്ചയുണ്ടായിരുന്നു. ചില യന്ത്ര ഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതും ദൗത്യം ദുഷ്കരമാക്കിയിരുന്നു. പേടകത്തിന്റെ സുരക്ഷ നാസ ഉറപ്പു വരുത്തിയ ശേഷമാണ് മടങ്ങി വരവിനുള്ള തീയ്യതി നിശ്ചയിച്ചത്.
മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന എന്ററോ ബാക്ടർ ബുഗാണ്ടെനിസ് എന്ന ബാക്റ്റീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനം ബഹിരാകാശ നിലയത്തിൽ സ്ഥിരീകരിച്ചതും ഭീഷണിയുയർത്തിയിരുന്നു.
സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ ദൗത്യമാണിത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരുമായുള്ള ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഈ ദൗത്യം. നാസ ശാസ്ത്രജ്ഞൻ ബാരി യൂജിൻ ബുഷ് വിൽമോറിനൊപ്പമാണ് സുനിത നിലയത്തിലെത്തിയത്. സാങ്കേതിക തകരാർ മൂലം നിരവധി തവണ ദൗത്യം മാറ്റി വെച്ചിരുന്നു.
26ന് വൈകീട്ട് അഞ്ചോടെ ന്യൂമെക്സിക്കോയിലെ വൈറ്റ് സാൻഡ്‌സ് സ്പേസ് ഹാർബറിൽ പേടകം ഇറക്കും. ബഹിരാക്ഷത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയാണ് സുനിത. നിലവിൽ 322 ദിവസം സുനിത ബഹിരാകാശത്തു ചിലവഴിച്ചിട്ടുണ്ട്. യു.എസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത 1998ലാണ് നാസയുടെ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Sunita williams will return to earth on june 26