| Friday, 5th April 2013, 11:30 am

മോഡിയെ സന്ദര്‍ശിക്കാന്‍ തയ്യാറാകാതെ സുനിത വില്യംസ് ഗുജറാത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കാന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് സുനിത-മോഡി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും സുനിത പ്രതികരിച്ചില്ല. []

അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ സുനിതക്ക് ഗുജറാത്ത് സര്‍ക്കാറിന്റെവാഹനത്തില്‍ സഞ്ചരിക്കാമെന്ന് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും സുനിത നിരസിച്ചു. സര്‍ക്കാര്‍ വാഹനം വേണ്ടെന്നും സ്വകാര്യവാഹനത്തില്‍ പോയ്‌ക്കോളാമെന്നുമായിരുന്നു സുനിതയുടെ മറുപടി.

എങ്കിലും സ്വകാര്യ വാഹനത്തില്‍ സഞ്ചരിച്ച സുനിതക്ക് അകമ്പടിയായി ഒരു പൈലറ്റ് വാഹനം പൊലീസ് അനുവദിച്ചു. ഒരു ദിവസം മുഴുവനായി ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും സുനിത നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.

ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന 2003 മാര്‍ച്ച് 26ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹരേണ്‍ പാണ്ഡ്യയുടെ വിധവയും സുനിതയുടെ കൂടെയുണ്ടായിരുന്നു.

2007ല്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ സുനിതയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്നത്തെ ചടങ്ങില്‍ മോഡി സുനിതയെ വാനോളം പ്രശംസിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന റെക്കോഡ് കുറിച്ചശേഷം ചൊവ്വാഴ്ചയാണ് സുനിത വില്യംസ് ആദ്യമായി ഇന്ത്യയിലെത്തിയത്. സുനിത വില്യംസിന്റെ അച്ഛന്റെ നാട് ഗുജറാത്തിലെ അഹ്മദാബാദിലാണ്.

We use cookies to give you the best possible experience. Learn more