| Thursday, 1st August 2019, 9:51 pm

സുനിത വില്യംസ് ഇസ്‌ലാം മതം സ്വീകരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് ഇസ്‌ലാമിലേക്ക് മതം മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ടൈംസ് ഓഫ് ഇന്ത്യ.

ബംഗാളി ഭാഷയില്‍ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സുനിത വില്യംസ് മതം മാറിയെന്ന വാര്‍ത്തകളും വീഡിയോയും പ്രചരിച്ചിരുന്നത്. വീഡിയോയില്‍ സുനിത ഇസ്‌ലാം മതത്തില്‍ ചേര്‍ന്നെന്ന് പറയുന്നു.

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സുനിത ഇസ്‌ലാം മതത്തില്‍ വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചരണം.

എന്നാല്‍ സുനിത വില്യംസ് മതം മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല വര്‍ഷങ്ങളായി നടക്കുന്ന വ്യാജ പ്രചാരണമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2010ലും സമാനമായ പ്രചാരണം നടന്നിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് അന്ന് സുനിത വില്യംസ് പറഞ്ഞത്.

‘എന്റെ അച്ഛന്‍ ഹിന്ദുവാണ്. അമ്മ ക്രിസ്ത്യാനിയും. കൃഷ്ണന്റെയും രാമന്റെയും സീതയുടെയും യേശു ക്രിസ്തുവിന്റെയും കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും’ സുനിത വ്യക്തമാക്കിയിരുന്നു.

2016ല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലും സമാന അഭിപ്രായമാണ് സുനിത പറഞ്ഞത്. നാസ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് സുനിതയുടെ അച്ഛന്റെ പേര് ദീപക് പാണ്ഡ്യ എന്നും അമ്മയുടെ പേര് ബനി പാണ്ഡ്യ എന്നുമാണ്.

We use cookies to give you the best possible experience. Learn more