| Monday, 23rd September 2024, 9:27 am

പോര്‍ തൊഴില്‍ വിജയിക്കുമെന്ന് അവരാരും കരുതിയില്ല: സുനില്‍ സുഖദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഘ്‌നേഷ് രാജ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പോര്‍ തൊഴില്‍. ആര്‍.ശരത്കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍, ശരത് ബാബു, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ സംഗീതം നിര്‍വഹിച്ചത് ജേക്‌സ് ബിജോയിയാണ്. പോര്‍ തൊഴില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്ട് ചെയ്യുകയും നിരൂപകരില്‍ നിന്ന് പ്രശംസ നേടുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് മലയാളിയായ സുനില്‍ സുഖദയാണ്. അദ്ദേഹം ഇതുവരെ കാണാത്ത രീതിയുള്ള അഭിനയവും പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. പോര്‍ തൊഴിലിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ സുഖദ.

പോര്‍ തൊഴില്‍ വാണിജ്യപരമായി വിജയിക്കുമെന്ന് ആരും കരുതിയില്ലെന്ന് പറയുകയാണ് സുനില്‍ സുഖദ. ഷൂട്ടിങ് എല്ലാം കഴിഞ്ഞ്‌ ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെന്നും സിനിമയുടെ സംവിധായകനും നിര്‍മാതാവും പോലും പോര്‍ തൊഴില്‍ വിജയിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോ ബഡ്ജറ്റില്‍ വന്ന് വലിയ ലാഭം നിര്‍മാതാവിന് ഉണ്ടാക്കി കൊടുക്കാന്‍ ചിത്രത്തിനായെന്നും തമിഴ്‌നാട്ടില്‍ മാത്രം 75 ദിവസങ്ങള്‍ക്ക് മുകളില്‍ ചിത്രം ഓടിയെന്നും സുനില്‍ സുഖദ പറയുന്നു. പോര്‍ തൊഴിലിലെ കഥാപാത്രത്തില്‍ താന്‍ വളരെ ഇമ്പ്രെസ്സ്ഡ് ആയെന്നും വല്ലപ്പോഴും മാത്രമാണ് അത്തരത്തില്‍ വര്‍ക്ക് ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

‘ആ സിനിമ കൊമേഴ്ഷ്യലി വിജയിക്കുമെന്ന് അവര്‍ പോലും വിചാരിച്ചിട്ടില്ല. കാരണം സിനിമ എടുത്ത് വെച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടാണ് റിലീസ് വരെ ചെയ്യുന്നത്. അവരുടെ അടുത്ത് വേറെ ബിഗ് ബഡ്ജറ്റ് സിനിമകളൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ട് ഇത് ചെയ്യാം എന്നുള്ള മൈന്‍ഡില്‍ ഇരിക്കുകയായിരുന്നു.

പോര്‍ തൊഴില്‍ വിജയിക്കുമെന്ന് അതിന്റെ ഡയറക്ടറോ പ്രൊഡ്യൂസറോ പോലും ചിന്തിച്ചിരുന്നില്ല. തമിഴ്നാട്ടില്‍ മാത്രം 75 ദിവസങ്ങള്‍ക്ക് മുകളില്‍ ആ ചിത്രം ഓടിയിരുന്നു. ഒരു ലോ ബജറ്റ് ചിത്രമായിരുന്നു അത്. പക്ഷെ ആ ചിത്രം അതിന്റെ നിര്‍മാതാക്കള്‍ക്ക് വലിയ രീതിയില്‍ പ്രോഫിറ്റ് ഉണ്ടാക്കികൊടുത്തിരുന്നു. അതിലെ ക്യാരക്ടറില്‍ ഞാന്‍ വളരെ ഇമ്പ്രെസ്സ്ഡ് ആയിരുന്നു. കാരണം വളരെ അപൂര്‍വ്വമായിട്ട് മാത്രമേ നമുക്ക് അങ്ങനെ ഒരു കഥാപാത്രത്തിന്റെ മുകളില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കുകയുള്ളു,’ സുനില്‍ സുഖദ പറയുന്നു.

Content Highlight: Sunil Sukhada Talks  About Por Thozhil Film

We use cookies to give you the best possible experience. Learn more