| Sunday, 1st December 2024, 8:42 pm

ലൂസിഫറിലെ എന്റെ വേഷത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പൃഥ്വിയുടെ മറുപടി അതായിരുന്നു: സുനില്‍ സുഖദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് സുനില്‍ സുഖദ. 12 വര്‍ഷത്തിനിടയില്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സുനില്‍ സുഖദ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പോര്‍ തൊഴിലിലെ വില്ലന്‍ വേഷത്തിലൂടെ സുനില്‍ സുഖദ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം റിലീസായ ബ്ലഡി ബെഗ്ഗര്‍ എന്ന ചിത്രത്തിലും സുനില്‍ സുഖദ തന്റെ സാന്നിധ്യമറിയിച്ചു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിനെക്കുറിച്ച് സംസാരിക്കുകയാണ് സുനില്‍ സുഖദ. ചിത്രത്തില്‍ പല പ്രധാന സന്ദര്‍ഭത്തിലും പരാമര്‍ശിക്കുന്ന മണപ്പാട്ടില്‍ ചാണ്ടി എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിച്ചത്. ഒരൊറ്റ സീനില്‍ മാത്രമാണ് ചാണ്ടി എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. തന്റെ ഒരുപാട് ദിവസത്തെ ഡേറ്റ് ആ സിനിമക്ക് വേണ്ടി ചോദിച്ചിട്ടുണ്ടായിരുന്നെന്ന് സുനില്‍ സുഖദ പറഞ്ഞു.

എന്നാല്‍ ഒരൊറ്റ ദിവസം മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കി പിന്നീട് എടുക്കാമെന്ന് പൃഥ്വി തന്നോട് പറഞ്ഞെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാക്കി സീനുകള്‍ അതിന് ശേഷം എടുത്തില്ലായിരുന്നെന്ന് സുനില്‍ സുഖദ പറഞ്ഞു. പിന്നീട് പൃഥ്വിയുടെ കൂടെ മറ്റൊരു സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ താന്‍ ലൂസിഫറിന്റെ കാര്യം ചോദിച്ചെന്നും അടുത്ത പാര്‍ട്ടില്‍ വലിയ റോളാണെന്ന് പറഞ്ഞെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

എമ്പുരാനില്‍ താന്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം പറയേണ്ടത് താനല്ലെന്നും അതിനുള്ള അവകാശം പൃഥ്വിരാജിനാണെന്നും സുനില്‍ സുഖദ പറഞ്ഞു. വലിയ ഒരു സിനിമയായിട്ടാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്ന് മാത്രമേ തനിക്ക് അറിയാവൂ എന്നും ആ സിനിമയില്‍ മണപ്പാട്ടില്‍ ചാണ്ടി ഉണ്ടോ എന്ന് അറിയില്ലെന്നും സുനില്‍ സുഖദ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു സുനില്‍ സുഖദ.

‘ഒരുപാട് ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് ലൂസിഫറിന് വേണ്ടി എന്റെ ഡേറ്റ് വാങ്ങിയത്. എന്നാല്‍, ഒരൊറ്റ ദിവസം മാത്രമേ എന്റെ സീന്‍ എടുത്തുള്ളൂ. ബാക്കി പിന്നീട് എടുക്കുമെന്ന് വിചാരിച്ച് ഇരുന്നു. പക്ഷേ പടം തീര്‍ന്നിട്ടും എന്റെ പോര്‍ഷന്‍സ് എടുത്തില്ല. എന്നാലും ആ ഒരൊറ്റ സീനില്‍ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു. അതിന് ശേഷം പൃഥ്വിയോടൊപ്പം മറ്റൊരു സിനിമ ചെയ്ത സമയത്ത് ഇതിനെപ്പറ്റി ചോദിച്ചു.

‘അടുത്ത പാര്‍ട്ടില്‍ വലിയൊരു റോളാണ്’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എപ്പോള്‍ പൃഥ്വിയെ കണ്ടാലും ഞാന്‍ ഈ കാര്യം ചോദിക്കും. അപ്പോഴെല്ലാം ഇതുതന്നെയാണ് മറുപടി. എമ്പുരാനില്‍ മണപ്പാട്ടില്‍ ചാണ്ടി ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് പൃഥ്വിയാണ്. വലിയൊരു സിനിമയായിട്ടാണ് എമ്പുരാന്‍ ഒരുങ്ങുന്നത് എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ അറിയുള്ളൂ,’ സുനില്‍ സുഖദ പറയുന്നു.

Content Highlight: Sunil Sukhada about his character in Lucifer movie and Prithviraj Sukumaran

We use cookies to give you the best possible experience. Learn more