| Monday, 12th November 2018, 8:10 pm

ഭീഷണിയെ ഭയക്കുന്നില്ല ; മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യമുണ്ട് : സുനില്‍. പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  സുനില്‍ പി ഇളയിടം പറഞ്ഞതായി പ്രചരിക്കുന്ന “മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക “എന്ന കുറിപ്പ് തന്റെ വാക്കുകളല്ലെന്ന് സുനില്‍ പി ഇളയിടം. സംഘപരിവാറിന്റെ ഭീഷണിയെ ഭയക്കാത്തത് അവര്‍ക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

“സംഘപരിവാര്‍ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. ഭയപ്പെടുത്തുകയുമില്ല. അത് ഞാന്‍ അതിധീരനായതു കൊണ്ടല്ല.
അവര്‍ക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.”

എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് നേരത്തെ ചര്‍ച്ചയായിരുന്നു. “ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം” എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്യുന്നത്.

Also Read: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുത്; തീരുമാനമെടുക്കും മുമ്പ് എല്ലാമതങ്ങളോടും ആലോചിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി. ഇളയിടം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ രംഗത്തുവന്നിരിക്കുന്നത്.

വിദ്വേഷ വ്യാജപ്രചരണങ്ങള്‍ക്ക് കുപ്രസിദ്ധമായ സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജ് സുദര്‍ശനം തുടങ്ങിവച്ച വിദ്വേഷപ്രചരണം ഏറ്റുപിടിച്ചാണ് ശ്രീവിഷ്ണുവെന്നയാള്‍് സുനില്‍ പി. ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ,

“മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക ”
ഇങ്ങനെ ഒരു വാക്യം എന്റെ പേരില്‍ പലരും പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതു കണ്ടു. അത് എന്റെ വാക്കുകളല്ല. എങ്ങനെനെയോ പ്രചരിച്ചു തുടങ്ങിയതാണ്. അത്തരം അതിശക്തിയും പുരുഷബലവും നിറഞ്ഞ വാക്കുകള്‍ എന്റെ പ്രകൃതത്തിന്റെ ഭാഗമേയല്ല. അത് ഒഴിവാക്കണം എന്ന് പ്രിയ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

സംഘപരിവാര്‍ ഭീഷണി പുതിയതല്ല. അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല.
ഭയപ്പെടുത്തുകയുമില്ല.
അത് ഞാന്‍ അതിധീരനായതു കൊണ്ടല്ല.
അവര്‍ക്കെതിരായ സമരത്തിന്റെ അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉള്ള ഉറച്ച ബോധ്യം കൊണ്ടു മാത്രം. മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യം കൊണ്ടു മാത്രം.

പിന്തുണ അറിയിക്കുകയും വിളിക്കുകയും ചെയ്ത എല്ലാവരോടും നിറയെ സ്‌നേഹം.

വിശദമായി പിന്നീട് എഴുതാം

എല്ലാവരോടും നിറയെ സ്‌നേഹം
സുനില്‍ പി ഇളയിടം

We use cookies to give you the best possible experience. Learn more