'ജനാധിപത്യബോധ'ത്തിന്റെ കനത്ത മൗനത്തില്‍ ആ കൊലകളെല്ലാം മുങ്ങിത്താണു, മാധ്യമ ചര്‍ച്ചകളൊന്നും ഉണ്ടാവാതെ: സുനില്‍ പി. ഇളയിടം
Kerala News
'ജനാധിപത്യബോധ'ത്തിന്റെ കനത്ത മൗനത്തില്‍ ആ കൊലകളെല്ലാം മുങ്ങിത്താണു, മാധ്യമ ചര്‍ച്ചകളൊന്നും ഉണ്ടാവാതെ: സുനില്‍ പി. ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2020, 12:59 pm

കോഴിക്കോട്: വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങള്‍ മാധ്യമചര്‍ച്ചകളായി മാറാത്തതിനെ സുനില്‍ പി. ഇളയിടം തന്റെ ഫെയ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. മൊയാരത്ത് ശങ്കരന്‍ കൊലപാതകം മുതല്‍ ചീമേനിയടക്കം നിരവധി കൊലകള്‍ കോണ്‍ഗ്രസ്സുകാര്‍ നടത്തിയിട്ടുണ്ടെന്നും സുനില്‍ പി. ഇളയിടം ആരോപിച്ചു.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ
മിഥിലാജ്, ഹക്ക് മുഹമ്മദ് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിന്‍ എന്നിവരെ മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിച്ചത്. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം നടത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള മൂന്ന്
പ്രതികളെ പൊലീസ് പിടികൂടി. അക്രമികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

സുനില്‍ പി. ഇളയിടത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

”തിരുവോണത്തലേന്ന് രണ്ടു സഖാക്കളെ കൂടി കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
സഖാവ് ഹഖ്മുഹമ്മദിനെയും
സഖാവ് മിഥിലാജിനെയും.
സഖാവ് സിയാദിനെ കൊല ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല.
ജനാധിപത്യവാദികള്‍ ഈ ഹീനതയ്‌ക്കെതിരെ രംഗത്തുവരണം.

മൊയാരത്ത് ശങ്കരന്റെ കൊലപാതകം മുതല്‍ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകള്‍. എങ്കിലും ‘സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ‘ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല. അവരുടെ ‘ജനാധിപത്യബോധ’ത്തിന്റെ കനത്ത മൗനത്തില്‍ ആ കൊലകളെല്ലാം മുങ്ങിത്താണു. ഇതിനെയും അങ്ങനെ മുക്കിത്താഴ്ത്താന്‍ അവര്‍ കഴിയുന്ന പോലെ ശ്രമിക്കും.

സഖാവ് ഹഖ് മുഹമ്മദിനും
സഖാവ് മിഥിലാജിനും
അന്ത്യാഭിവാദ്യങ്ങള്‍ !’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Sunil P. Ilayidom On Venjaramoodu twin murder of CPIM Workers