കോഴിക്കോട്: കാലടി സര്‍വകലാശാലയില്‍ എം.ഫില്ലിന് അഡ്മിഷന്‍ വാങ്ങിക്കാന്‍ സുനില്‍ പി. ഇളയിടം സഹായിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് വിദ്യാര്‍ത്ഥി. 2013 ല്‍ നടന്ന സംഭവമാണ് മുരളീധരന്‍ എന്നയാള്‍ സുനില്‍ പി. ഇളയിടത്തിന്റെ ജന്മദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പ്രൈവറ്റ് കോളേജില്‍ പഠിച്ചതിനാല്‍ തനിക്ക് അഡ്മിഷന്‍ തരാനാകില്ലെന്ന് പറഞ്ഞ് സെക്ഷന്‍ ഓഫീസര്‍ ഇടഞ്ഞപ്പോള്‍ സുനില്‍ പി. ഇളയിടമാണ് ഇടപെട്ടതെന്ന് മുരളീധരന്‍ പറയുന്നു.
‘മലയാളവിഭാഗത്തില്‍ പോയി എനിക്ക് അഡ്മിഷനില്ല അതിനാല്‍ പോവുകയാണ് എന്നതവതരിപ്പിക്കാന്‍ ചെന്നപ്പോഴാണ് ഒരു വയലറ്റ് ജുബ ധരിച്ച മനുഷ്യന്‍ ആ വരാന്തയിലൂടെ നടന്ന് വന്നത്. സുനില്‍ പി.ഇളയിടം ഇതാണെന്ന് അപ്പോഴും എനിക്കറിയുമായിരുന്നില്ല. മുഖഭാവം കണ്ടാവാം എന്താ കാര്യം എന്ന് ചോദിച്ചു. എന്റെ തൊണ്ടയിടറിയിരിക്കണം, പറഞ്ഞ് മുഴുവനാക്കിയോ എന്ന് ഓര്‍മ്മയില്ല. മുണ്ട് മടക്കി കുത്തി ആ മനുഷ്യന്‍ ഡിപാര്‍ട്‌മെന്റ് സിസ്റ്റത്തിലേക്ക് വേഗത്തില്‍ നടന്നു. നല്ല സ്പീഡിലായിരുന്നു ഒപ്പം എത്താന്‍ ഞാന്‍ ഓടുകയായിരുന്നു. എസ്.ഒ യുടെ നേരെ അക്രോശിച്ച് കൊണ്ട് മാഷ് പറഞ്ഞ ഒരു കാര്യം മാത്രം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘താന്‍ ഇവിടെ ഇരുന്ന് വിദ്യാര്‍ത്ഥി വിരുദ്ധ പണി എടുക്കാനാണ് പരിപാടിയെങ്കില്‍ ഇതിവിടെ നടക്കില്ല.ഇവന്റെ അഡ്മിഷന് ഇപ്പോള്‍ കൊടുത്തിരിക്കണം.തനിക്കെന്നെ അറിയില്ല’ എന്ന്.
പിന്നീട് രജിസ്ട്രാര്‍ വന്ന് തനിക്ക് അഡ്മിഷന്‍ നല്‍കിയതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ റൗണ്ടിലെ സ്‌പോര്‍ട്‌സ് ലാന്‍ഡില്‍ സാധനങ്ങള്‍ എടുത്തു കൊടുക്കലായിരുന്നു എന്റെ പണി, 2011-13 കാലമാണ്. പോസ്റ്റ് ഗ്രാജുവേഷന്‍ അവിടെ നിന്നാണ് പൂര്‍ത്തീകരിച്ചത്, പ്രൈവറ്റായി. എം.ഫിലോ ഗവേഷണമോ എന്റെ വന്യഭാവനയില്‍ പോലുമുണ്ടായിരുന്നില്ല. ഒരു സാധ്യത എന്ന നിലയിലാണ് 2013 ല്‍ കാലടിയില്‍ എം.ഫിലിന് അപേക്ഷിച്ചത്. പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നില്ല. ഒരു കൊല്ലമെങ്കിലും റഗുലറായി പഠിക്കുക അത് മാത്രമായിരുന്നു ലക്ഷ്യം.
എം.ഫില്‍ അഡ്മിഷനു വേണ്ടിയാണ് ആദ്യമായി ഞാന്‍ ഒരു സര്‍വ്വകലാശാലയുടെ പടി കടക്കുന്നത്. എന്നെ സംബന്ധിച്ച് അവിടെ അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല. സുനില്‍ പി. ഇളയിടം പഠിപ്പിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ് എന്നറിയാം എന്നല്ലാതെ. അഡ്മിഷന്‍ എടുക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സിസ്റ്റം എന്ന ഒരേര്‍പ്പാടുണ്ട് അവിടെയാണ് ഇനിയുള്ള കാര്യങ്ങള്‍ എന്ന് അറിഞ്ഞ് അങ്ങോട്ട് പോകുന്നു. ടി.സി.യില്‍ കണ്ട പ്രൈവറ്റ് രജിസ്റ്ററേഷന്‍ എന്നതില്‍ സെക്ഷന്‍ ഓഫിസര്‍ തറഞ്ഞു നിന്നു.
പ്രൈവറ്റായി ഡിഗ്രി ചെയ്തവര്‍ക്ക് അഡ്മിഷന്‍ തരാന്‍ പറ്റില്ലാ എന്നു മുഖമടക്കി അയാള്‍ പറഞ്ഞു. അഡ്മിഷന്‍ ഫീസായടച്ച 1500 രൂപ തിരിച്ച് തന്ന് അവരെന്നെ പറഞ്ഞയച്ചു. യൂണിവേഴ്‌സിറ്റില്‍ RTI നല്കുകയും പ്രൈവറ്റ് രജിസ്‌ട്രേഷനും അഡ്മിഷന് യോഗ്യതയുണ്ടെന്ന് തിരിച്ചറിയുകയും പരാതിയിന്മേല്‍ എനിക്ക് അഡ്മിഷന്‍ അനുവദിച്ച് കൊണ്ട് റെജിസ്ട്രാര്‍ ലെറ്റര്‍ തരുകയും ഉണ്ടായതാണ് ഇതിന്റെ ബാക്കി ഭാഗം.
അതുമായി വീണ്ടും ഡിപാര്‍ട്‌മെന്റ് സിസ്റ്റത്തിലേക്കു കടന്ന് ചെന്നപ്പോഴാണ് അവിടുത്തെ സെക്ഷന്‍ ഓഫിസര്‍ വീണ്ടും ഇടയുന്നത്. ഇതില്‍ നിങ്ങളെ എന്തുകൊണ്ട് തിരിച്ചെടുക്കണം എന്ന് എഴുതിയിട്ടില്ലാ എന്ന സാങ്കേതികതയില്‍ അയാള്‍ ഊന്നി (കക്ഷിയ്ക്ക് മറ്റു താത്പര്യങ്ങളുണ്ടായിരിക്കണം ).ഹതാശ എന്ന വാക്ക് ആ സന്ദര്‍ഭത്തിലാണ് അനുഭവിച്ചറിഞ്ഞത്.എം.ഫില്‍. സ്വപ്നം അവസാനിപ്പിച്ച് സ്‌പോര്‍ട്‌സ് ലാന്‍ഡിലെ സെയില്‍സ്മാന്‍ പദവിയിലേക്ക് തിരികെ കയറാന്‍ ഞാനുറച്ചു. നമുക്ക് പറ്റിയ പണിയല്ല ഇതെന്ന് സ്വയം തീരുമാനിച്ചുറച്ചു.
മലയാളവിഭാഗത്തില്‍ പോയി എനിക്ക് അഡ്മിഷനില്ല അതിനാല്‍ പോവുകയാണ് എന്നതവതരിപ്പിക്കാന്‍ ചെന്നപ്പോഴാണ് ഒരു വൈലറ്റ് ജുബ ധരിച്ച മനുഷ്യന്‍ ആ വരാന്തയിലൂടെ നടന്ന് വന്നത്. സുനില്‍ പി.ഇളയിടം ഇതാണെന്ന് അപ്പോഴും എനിക്കറിയുമായിരുന്നില്ല. മുഖഭാവം കണ്ടാവാം എന്താ കാര്യം എന്ന് ചോദിച്ചു. എന്റെ തൊണ്ടയിടറിയിരിക്കണം, പറഞ്ഞ് മുഴുവനാക്കിയോ എന്ന് ഓര്‍മ്മയില്ല.
മുണ്ട് മടക്കി കുത്തി ആ മനുഷ്യന്‍ ഡിപാര്‍ട്‌മെന്റ് സിസ്റ്റത്തിലേക്ക് വേഗത്തില്‍ നടന്നു. നല്ല സ്പീഡിലായിരുന്നു ഒപ്പം എത്താന്‍ ഞാന്‍ ഓടുകയായിരുന്നു. എസ്.ഒ യുടെ നേരെ അക്രോശിച്ച് കൊണ്ട് മാഷ് പറഞ്ഞ ഒരു കാര്യം മാത്രം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘താന്‍ ഇവിടെ ഇരുന്ന് വിദ്യാര്‍ത്ഥി വിരുദ്ധ പണി എടുക്കാനാണ് പരിപാടിയെങ്കില്‍ ഇതിവിടെ നടക്കില്ല.
ഇവന്റെ അഡ്മിഷന് ഇപ്പോള്‍ കൊടുത്തിരിക്കണം.തനിക്കെന്നെ അറിയില്ല’ എന്ന്. അയാളും മാഷും തമ്മില്‍ കയ്യാങ്കളിയോളമെത്തുന്ന പൊരിഞ്ഞ ബഹളം. എന്ത് ചെയ്യണമെന്നറിയാതെ വാ പൊളിച്ചു ഞാനും. ഡിപാര്‍ട്‌മെന്റ് സിസ്റ്റം നിന്നു, അഥവാ യൂണിവേഴ്‌സിറ്റി മുഴുവനായി തന്നെ. കൃശഗാത്രനായ ഒരാള്‍ ഇത്രയുയര്‍ന്ന ശബ്ദത്തില്‍ വിറ കൊണ്ട് സംസാരിക്കുന്നത് കാണുന്നതാദ്യമായിരുന്നു, അതും എനിക്കു വേണ്ടി.
സുനില്‍ ഇവിടെ വന്ന് ജോലിക്ക് തടസം സൃഷ്ടിക്കുന്നു എന്ന് എസ് ഒ ഫോണിലാരെയോ വിളിച്ചപ്പോഴാണ് ഇതാണ് സുനില്‍ പി.ഇളയിടം എന്നറിഞ്ഞത്. മിനുറ്റുകള്‍ക്കുള്ളില്‍ രജിസ്ട്രാര്‍ കാറില്‍ വന്നിറങ്ങി. എന്നെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്ന് എസ്.ഒ.പരാതി പറയുന്നുണ്ട്. ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം പക്ഷേ, ‘ഇവന്റെ കാര്യം എന്താണ് ‘ എന്ന ചോദ്യം മാത്രണ്. അഡ്മിഷന്‍ കൊടുക്കും എന്ന് രജിസ്ട്രാര്‍. ”പിന്നെന്താ വൈകുന്നത് വേഗമാവട്ടെ’ എന്ന് മാഷ്. എന്റെ രേഖകളെല്ലാം എടുത്ത് വെച്ച് പൈസ അടച്ച് പൊക്കോളാന്‍ രജിസ്ട്രാര്‍ എന്നെ അകത്തേക്കു വിളിച്ചു പറഞ്ഞു.
എല്ലാം കഴിഞ്ഞ് മാഷിനെ ചെന്നു കണ്ട് നന്ദി പറയാന്‍ ഞാന്‍ ഡിപാര്‍ട്‌മെന്റിലേക്കു ചെന്നു. അദ്ദേഹം എം.എ ക്ലാസ്സ് തകര്‍ത്തെടുക്കയാണ് വാതിലില്‍ അല്പനേരം അന്ധാളിച്ചു നിന്നു ഞാന്‍ പുറത്തേക്കിറങ്ങി. ആ സന്ദര്‍ഭത്തില്‍ കാണാതെ ഒരു നന്ദി പോലും പറയാതെ പോന്നത് ശരിയായില്ല എന്നത് അന്നുമിന്നും എന്നെ വേട്ടയാടാറുണ്ട്. എന്തെങ്കിലും സംസാരിച്ചാല്‍ ഞാന്‍ കരഞ്ഞു പോകുമായിരുന്നിരിക്കണം . പിന്നീട്, എണ്ണമറ്റ പല പ്രതിസന്ധി ഘട്ടത്തിലും മാഷ് ചേര്‍ത്ത് പിടിച്ചു. എന്നെങ്കിലും ഗവേഷണം പൂര്‍ത്തീകരിക്കുമ്പോള്‍ അതിന്റെ ആദ്യ കടപ്പാട് അദ്ദേഹത്തോടായിരിക്കും. നീതി എന്ന വാക്കിന്റെ പര്യായമാണ് എനിക്ക് സുനില്‍ പി.ഇളയിടം എന്ന പേര്. മാഷിന്റെ ജന്മദിനമാണിന്ന്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക