| Saturday, 17th November 2018, 5:36 pm

ഏറ്റുമുട്ടുന്നത് ഒരു മാരകശക്തിയോട്; എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും: സുനില്‍ ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വര്‍ഗ്ഗീയതയോട് ആര്‍ക്കും എതിരിടാനാവൂവെന്ന് സുനില്‍ ഇളയിടം. ഗാന്ധിജിയെ വെടിവച്ചു കൊന്ന പാരമ്പര്യമാണ് അതിന്റേതെന്നും എങ്കിലും ഈ സമരം നമുക്ക് തുടരാതിരിക്കാനാവില്ലെന്നും സുനില്‍ ഇളയിടം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും പല രൂപത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്ത പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ “സോദരത്വേന… ” എന്ന് ചരിത്രത്തിന്റെ ചുവരിലെഴുതിയ ആ മഹാവാക്യത്തെ മതഭ്രാന്തിന്റെ പടയോട്ടങ്ങള്‍ മായ്ചു കളയുന്നത് നമുക്ക് അനുവദിക്കാനാവില്ലെന്നും കുറിച്ചു.

Read Also : ബി.ജെ.പി ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്കും യാത്രക്കാര്‍ക്കും ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ

“ശബരിമല വിഷയത്തില്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷം കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളില്‍ സംഘടിതമായി വലിയ ആക്രമണങ്ങളാണ് ഒരുമിച്ചരങ്ങേറിയത്. തെറിക്കത്തുകള്‍ മുതല്‍ വധഭീഷണി വരെ. എങ്കിലും എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും. ഭയം വിതച്ച് ഭയം കൊയ്യുന്ന ഒരു ലോകമായി ഈ നാടിനെ മാറ്റിയെടുക്കാന്‍ ആര്‍ക്കുംഎളുപ്പം സാധ്യമാവില്ല എന്നെനിക്കറിയാം. എത്രയോ പേര്‍ ചുറ്റും ഉണര്‍ന്നിരിക്കുന്നു”. കുറിപ്പില്‍ പറയുന്നു.

“മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ ചില അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി വൈജ്ഞാനികമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ഞാന്‍ കഴിഞ്ഞ കുറെക്കാലമായി ചെയ്തു വരുന്നത്. അതിനു വേണ്ടി തെരുവോരങ്ങളിലും വഴിവക്കുകളിലും സമ്മേളനമുറികളിലും എല്ലാം നാനാതരം ആശയങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അത്തരം അറിവുകള്‍ തന്നെവരോടെല്ലാം ഇന്നാട്ടിലെ സാമാന്യമനുഷ്യരോടൊപ്പം ഞാനും കൃതജ്ഞതയുള്ളവനാണ്. “ഒരാശയം ഭൗതികശക്തിയായിത്തീരുന്നത് ജനങ്ങള്‍ അതേറ്റെടുക്കുമ്പോഴാണ് ” എന്ന പഴയ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയങ്ങള്‍ തെരുവോരങ്ങളില്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മതവര്‍ഗ്ഗീയതക്കെതിരായ സമരത്തിന്റെ ദൃഢീകരണത്തിന് നമ്മുടെ കാലം ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണെന്റെ വിശ്വാസം”. സുനില്‍ ഇളയിടം കൂട്ടിച്ചേര്‍ത്തു.

കാലടി സര്‍വകലാശാലയില്‍ സുനില്‍ ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലെ ബോര്‍ഡ് നശിപ്പിക്കുകയും ഓഫീസ് വാതിലില്‍ കാവി വരകളിട്ട് വൃത്തി കേടാക്കുകയും ചെയ്തിരുന്നു.

സുനില്‍ ഇളയിടത്തിനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. “ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം” എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

സംഘപരിവാറിന്റെ വിധ്വംസക രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ ഇളയിടം. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ ചരിത്രത്തിന്റെയും വസ്തുതകളുടെയും പിന്‍ബലത്തോടെ തുറന്നുകാട്ടിക്കൊണ്ടുള്ള സുനില്‍ പി. ഇളയിടത്തിന്റെ പല പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകളും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ആക്രമണമുണ്ടായത്.

We use cookies to give you the best possible experience. Learn more