| Sunday, 2nd May 2021, 7:37 am

ഭക്ഷണമെത്തിക്കാനാവശ്യപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റ് കലാപാഹ്വാനമാണെന്ന നിലപാട് ന്യായീകരിക്കാനാവില്ല; കുസുമം ജോസഫിനെതിരായ കേസ് പിന്‍വലിക്കണമെന്ന് സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് ഒന്നാം തരംഗ സമയത്ത് ലോക്ക്ഡൗണില്‍ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ടതിന് എന്‍.എ.പി.എം സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് സുനില്‍ പി. ഇളയിടം. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘അരിപ്പയില്‍ ഭൂസമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കണം എന്ന ഫേസ്ബുക്ക് പോസ്റ്റ് കലാപത്തിനുള്ള ആഹ്വാനമാണെ

ന്ന നിലപാടിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ പേരില്‍ കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്,’ സുനില്‍ പി. ഇളയിടം പറഞ്ഞു.

കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണുമായി സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കുളത്തുപുഴ എസ്.ഐ, കുസുമം ജോസഫിന് നോട്ടീസ് അയച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ അരിപ്പയിലെ ഭൂരഹിതരായ ആദിവാസികളും ദളിതരും ലോക്ക്ഡൗണ്‍ കാലത്ത് ദുരിതനുഭവിക്കുകയാണെന്നും ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കുസുമം ജോസഫ് പോസ്റ്റ് ചെയ്തിരുന്നത്. 2020 ഏപ്രില്‍ 16 നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

അരിപ്പയില്‍ അരികിട്ടാതെ നാനൂറിലേറെ മനുഷ്യര്‍… ലോക്ഡൗണില്‍ പുറത്തേക്കിറങ്ങാനാവാതെ കൊല്ലം ജില്ലയിലെ അരിപ്പയില്‍ നൂറ്റി അറുപതിലേറെ കുടുംബങ്ങള്‍ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുന്നു. ഭൂസമരം നടത്തിയവരെ മര്യാദ പഠിപ്പിക്കാന്‍ കണ്ട വഴിയാണോ ഇത്? ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ് അവിടെ കുടില്‍ കെട്ടി താമസിക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിലുള്ള മുഴുവന്‍ മനുഷ്യര്‍ക്കും (അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ) പക്ഷിമൃഗാദികള്‍ക്കും ഭക്ഷണത്തിന് വഴി കണ്ടെത്തി കൊടുത്ത സര്‍ക്കാര്‍ ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയായിപ്പോയി- ഭരണകക്ഷിയിലെ പല പ്രമുഖരെയും ബന്ധപ്പെട്ടിട്ടും അവര്‍ക്ക് അരിയോ ഭക്ഷണ കിറ്റോ എത്തിയിട്ടില്ല. കേരളത്തില്‍ നിന്നു പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാന്‍ ഇതുവരെ പിടിച്ചു നിന്ന ആ മനുഷ്യര്‍ക്ക് ഇന്നുതന്നെ അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.’

പക്ഷി-മൃഗാദികളേയും അതിഥി തൊഴിലാളികളേയും അതിഥി തൊഴിലാളികളേയും പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ ഇവരേയും പരിഗണിക്കണമെന്നും അരിയും അവശ്യവസ്തുക്കളും എത്തിക്കണമെന്നും പോസ്റ്റിലുണ്ടായിരുന്നു. മന്ത്രി കെ. രാജുവിനേയും കൊല്ലം ജില്ലാ കളക്ടറേയും പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്.

സുനില്‍ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

പ്രൊഫ. കുസുമം ജോസഫിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഉടനടി പിന്‍വലിക്കണം. അരിപ്പയില്‍ ഭൂസമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കണം എന്ന ഫേസ്ബുക് പോസ്റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിന് യാതൊരു ന്യായീകരണവുമില്ല.

അതിന്റെ പേരില്‍ കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്. പ്രാഥമികമായ പൗരാവകാശങ്ങള്‍ക്കു മേലുള്ള പോലീസിന്റെ കയ്യേറ്റമാണ്.
ആ കേസ് ഉടന്‍ പിന്‍വലിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunil P Ilayidom Backs Kusumam Joseph Police Case

We use cookies to give you the best possible experience. Learn more