രാജിവ് രവിയുടെ സംവിധാനത്തില്‍ ഇറങ്ങിയ കുറ്റവും
ശിക്ഷയും ചിത്രത്തെ അഭിനന്ദിച്ച് സുനില്‍ പി. ഇളയിടം
പൊലീസ് ജീവിതത്തിന്റെ അതിസാധാരണതകളിലൂടെ മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് കുറ്റവും ശിക്ഷയുമെന്ന് സുനില്‍ പി. ഇളയിടം പറയുന്നു.
ജീവിതവൈരുധ്യങ്ങളില്‍ വേരാഴ്ത്തി നില്‍ക്കുന്നതിലാണ് കലയുടെ രാഷ്ടീയം കുടികൊള്ളുന്നതെന്നാണ് ഈ സിനിമ നമ്മളോട് പറയുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ സുനില്‍പി. ഇളയിടം പറഞ്ഞു.
‘കുറ്റവും ശിക്ഷയും പൊലീസ് ജീവിതത്തിന്റെ ദൈനംദിനത്വം മുകള്‍ത്തട്ടില്‍ പ്രത്യക്ഷമായും, അതിലെ ആഴമേറിയ മാനുഷികസന്ദിഗ്ധതകള്‍ അടിത്തട്ടിലെ പരോക്ഷധ്വനികളായും ശബ്ദഘോഷങ്ങളില്ലാതെ സമാന്തരമായി നീങ്ങുന്ന ചിത്രമാണിത്. പൊലീസ് ജീവിതം അതിന്റെ അതിസാധാരണതകളിലൂടെ മനുഷ്യാവസ്ഥയെ കുറിച്ച് നമ്മോട് ഇങ്ങനെ സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഉച്ചത്തിലുള്ള പ്രസ്താവനകളിലല്ല, ജീവിതവൈരുധ്യങ്ങളില്‍ വേരാഴ്ത്തി നില്‍ക്കുന്നതിലാണ് കലയുടെ രാഷ്ട്രീയം കുടികൊള്ളുന്നതെന്ന് ഈ സിനിമ നമ്മോട് പറയുന്നുണ്ട്.
കുറ്റത്തിനും ശിക്ഷയ്ക്കും ഇടയിലെ നേര്‍ത്ത അതിര്‍വരമ്പുകളിലൂടെ ഇടറിനീങ്ങുന്ന മനുഷ്യജീവിതത്തെ ഭാവന ചെയ്ത പഴയ റഷ്യന്‍ പ്രവാചകന്റെ വഴി തന്നെയാണ് ഈ സിനിമയുടേതും. മാനുഷിക വിജയങ്ങളെയെല്ലാം നിരര്‍ത്ഥകമാക്കുന്ന അന്തിമമായ പരാജയത്തിന്റെ ധ്വനി ,
ഒട്ടും പ്രകടമല്ലാതെ, ആഖ്യാനത്തിന്റെ
സൂക്ഷ്മശ്രുതിയായി ഇതിലവശേഷിക്കുന്നുണ്ട്.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സിബി തോമസും മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിബി തോമസ് സിനിമയാക്കിയിരിക്കുന്നത്. സിബി തോമസ് ഇന്‍സ്‌പെക്ടറായിരുന്ന സമയത്ത് കുണ്ടംകുഴി എന്ന മലയോര പ്രദേശത്ത് നടന്ന ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഇതിവൃത്തമായത്. കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി മലയാളത്തില്‍ ഒരുക്കിയ ചിത്രമാണ് കുറ്റവും ശിക്ഷയും.
ആസിഫ് അലി ,ഷറഫുദ്ദീന്‍, സണ്ണി വെയിന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ, സിബി തോമസ് തുടങ്ങി വന്‍ താരനിരതന്നെ സിനിമയിലുണ്ട്. പ്രകൃതിഭംഗി ഒട്ടും ചോരാതെ ഇന്നും നിലനില്‍ക്കുന്ന രാജസ്ഥാനിലെ ‘ദേവ്മാലി’ എന്ന ഗ്രാമമാണ് ചലച്ചിത്രത്തിന്റെ ഉത്തരേന്ത്യന്‍ ഭാഗങ്ങളുടെ ലൊക്കേഷനായത്.
Content Highlights : Sunil P Ilayidom Apperciates Kuttavum Shikshayum Movie