| Tuesday, 8th September 2020, 11:37 am

ഓണം ഹിന്ദുത്വത്തിന്റെയല്ല, അത് വാമന ജയന്തിയുമല്ല: സുനില്‍ പി. ഇളയിടം

സുനില്‍ പി ഇളയിടം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സെന്റ്. തെരേസാസ് സ്‌കൂളിലെ പ്രധാനാധ്യാപികയായ സിസ്റ്റര്‍ റീത്ത ഓണദിവസം തന്റെ വിദ്യാര്‍ത്ഥികള്‍ക്കയച്ച ആശംസാ സന്ദേശവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറെ വിവാദമായിരിക്കുകയാണ്. ‘ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്’ എന്ന് തുടങ്ങുന്ന വീഡിയോ സന്ദേശമായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്കയച്ചത്. എന്നാല്‍ ഈ സന്ദേശം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് അവരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അധ്യാപിക മാപ്പ് പറയുന്ന വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വിഷയത്തില്‍ പ്രതികരണവുമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ഓണ സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി. ഇളയിടം.

രണ്ട് കാര്യങ്ങള്‍ ഇതിനോട് ബന്ധിപ്പിച്ച് കാണേണ്ടതുണ്ട്. ഒന്ന്, ഓണത്തെക്കുറിച്ച് തന്റേതായ അഭിപ്രായം പറയാനുള്ള അവകാശം കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്. അത് സംഘപരിവാറിന്റെ സൗജന്യത്താലോ അംഗീകാരത്താലോ നടക്കേണ്ടുന്ന ഒന്നല്ല. ഇത്തരത്തില്‍ സംഘപരിവാര്‍ നടത്തുന്ന എല്ലാ ശ്രമത്തേയും നമ്മള്‍ വിട്ടു വീഴ്ചയില്ലാതെ എതിര്‍ക്കേണ്ടതായിട്ടുമുണ്ട്. പോലീസ് നേതൃത്വം നല്‍കിയാണ് ഇതില്‍ മാപ്പു പറയിക്കലും മറ്റും നടന്നതെങ്കില്‍ അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

‘ഓണപ്പാട്ടുകാര്‍’എന്ന കവിതയില്‍ വാമനത്വം എന്ന ആശയത്തെക്കുറിച്ച് വൈലോപ്പിള്ളി ഇങ്ങനെ പറയുന്നുണ്ട്.

‘മൂവടി മണ്ണിനിരന്നു കവര്‍ന്നു വധിച്ചു നശിപ്പോര്‍ /
അല്‍പസുഖത്തിന്‍ പാവകളിച്ചതു തല്ലിയുടച്ച് കരഞ്ഞ് മയങ്ങി ഉറങ്ങിയിടുന്നോര്‍… ‘

‘ഇത്തിരി വട്ടം മാത്രം, കാണ്മവര്‍ ഇത്തിരി വട്ടം ചിന്തിക്കുന്നോര്‍ ‘ എന്നാണ് വൈലോപ്പിള്ളി വാമനത്വത്തെ വിശദീകരിച്ചത്. മത വര്‍ഗ്ഗീയ വാദികളുടെ അടിസ്ഥാന സ്വഭാവമാണത്.

‘ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം’ എന്ന് പറയുന്നതിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം വാസ്തവത്തില്‍ വൈലോപ്പിള്ളി പറഞ്ഞ ആ വാമനത്വത്തിന്റെ; ഇത്തിരി വട്ടം മാത്രം കണ്ട്, ഇത്തിരി വട്ടം മാത്രം ചിന്തിക്കുന്നതിന്റെ അടയാളമാണ്.

‘സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയൊക്കെ അസുന്ദരമാക്കി’എന്നെല്ലാം വാമനത്വത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങനെ എല്ലാ ഗുണങ്ങളെയും ചവിട്ടിത്താഴ്ത്തി ഈ ഭൂമിയെ അസുന്ദരമാക്കി മാറ്റാന്‍, ഏറ്റവും വൃത്തിഹീനമാക്കി മാറ്റാന്‍ ശേഷിയുള്ള ഒന്നാണ് മത വര്‍ഗീയത. അതു തന്നെയാണ് മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് എന്ന് പറയുന്നതിനെതിരെ ഹിന്ദുത്വവാദികള്‍ നടത്തിവരുന്നത്. വൈലോപ്പിള്ളി പറഞ്ഞപോലെ ‘ഇത്തിരി വട്ടം മാത്രം’ കാണുന്ന മനോനിലയുടെ പ്രകടനമാണ്.

കേരളം പോലൊരു സമൂഹം ഒരു നിലയ്ക്കും ഇതിനെ വകവെച്ച് കൊടുക്കാന്‍ പാടില്ല. കാരണം നൂറ്റാണ്ടുകളായി കേരളം ഓണത്തെ കാണുന്നത് മഹാബലിയുടെ മടങ്ങി വരവായിട്ടാണ്. അല്ലാതെ വാമനജയന്തി ആയിട്ടോ വാമന മൂര്‍ത്തിയുടെ തിരുനാളായിട്ടോ ഒന്നുമല്ല.

തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ മേല്‍ജാതി സവര്‍ണ പാരമ്പര്യങ്ങളിലൊക്കെ വാമനനുമായി ബന്ധപ്പെട്ട ഓണ സങ്കല്‍പം നിലനില്‍ക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ മലയാളി ഓണം ആഘോഷിച്ചത് വാമനനെ ഓര്‍ത്തിട്ടല്ല. മലയാളി ഓണം ആഘോഷിച്ചത് മഹാബലിയെ ഓര്‍ത്തിട്ടാണ്.

ബ്രാഹ്മണാധികാരം ചവിട്ടിത്താഴ്ത്തിയ അസുര ചക്രവര്‍ത്തിയുടെ മടങ്ങി വരവായിട്ടാണ് മഹാബലി സങ്കല്‍പം കേരളത്തില്‍ വേരൂന്നിയത്. അത് ഭാഗവതത്തില്‍ നിന്ന് പുറപ്പെട്ട മഹാബലിയല്ല. ഭാഗവതത്തില്‍ നിന്ന് പുറപ്പെട്ട വാമനനുമല്ല. മറിച്ച് കേരളത്തിലെ ജനകീയ – നാടോടി പാരമ്പര്യത്തില്‍ നിന്നുണ്ടായ മഹാബലി സങ്കല്‍പമാണ്.

ആ മഹാബലി സങ്കല്‍പത്തിനു മുകളില്‍ ബ്രാഹ്മണ്യത്തിന്റെ വാമന സങ്കല്‍പത്തെ ഉറപ്പിച്ചെടുക്കാനാണ് കഴിഞ്ഞ കുറെ കാലമായി സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വാമനനെയോ വാമനത്വത്തെയോ വിമര്‍ശിക്കുന്നതിനെ അവര്‍ നേരിടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത്.

എന്നാല്‍ ഓണം എന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മലയാളിയുടെ ജനിതകത്തിലുള്ള കീഴാള ജീവിതത്തിന്റെയും, നന്മയുടെയുമൊക്കെ പ്രതീകം കൂടിയാണ്. അല്ലാതെ അതൊരു വാമനോത്സവമല്ല.

വാമനോത്സവമെന്ന നിലയില്‍ കേരളത്തില്‍ ഓണം വ്യാപകമായി നിലനിന്നിട്ടേയില്ല. മേല്‍ജാതി വിഭാഗങ്ങളില്‍ അങ്ങനെ ചിലര്‍ സങ്കല്‍പ്പിച്ചിട്ടുണ്ടാകും. പക്ഷെ കേരളത്തിന്റെ ഓണം എന്ന് പറയുന്നത് മഹാബലിയുടെ വരവാണ്.

എം.എന്‍ വിജയന്‍ മാഷ് പണ്ട് പറഞ്ഞത് പോലെ ‘ചവിട്ടി താഴ്ത്തപ്പെട്ടവരും പുറത്താക്കപ്പെട്ടവരും ഒരു ദിവസം തിരിച്ച് വരും എന്ന ഓര്‍മയാണ് ഓണം’. ആ ഓര്‍മയെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വത്തിന്റെ വലിയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം നീക്കങ്ങളെ നമ്മള്‍ കര്‍ക്കശമായി പ്രതിരോധിക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ ഓണത്തെ ഹൈന്ദവ വല്‍ക്കരിക്കാനും ഓണത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയിലേക്ക് രൂപാന്തരപ്പെടുത്താനുമുള്ള ശ്രമത്തിനെതിരെ എല്ലാ ജനാധിപത്യവാദികളും ഒരുമിച്ച് നിന്ന് വലിയ പ്രതിരോധമുയര്‍ത്തേണ്ടതാണെന്നാണ് ഞാന്‍ കരുതുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunil P Ilayidam on Sangh Parivar forcing a school teacher from Kottayam to apologize for her Onam wishes that they claimed hurt Hindu feelings

സുനില്‍ പി ഇളയിടം

എഴുത്തുകാരന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more