യൂണിവേഴ്‌സിറ്റി കോളേജിലേത് ഇടതുപക്ഷത്തിന്റെ ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപം;  ആത്മവിമര്‍ശനം അഭിനന്ദാര്‍ഹമെന്നും സുനില്‍ പി.ഇളയിടം
Kerala News
യൂണിവേഴ്‌സിറ്റി കോളേജിലേത് ഇടതുപക്ഷത്തിന്റെ ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപം;  ആത്മവിമര്‍ശനം അഭിനന്ദാര്‍ഹമെന്നും സുനില്‍ പി.ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 8:11 am

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തെ എസ്. എഫ്. ഐ നേതൃത്വം ന്യായീകരിക്കാതെ ആത്മവിമര്‍ശനപരമായി സമീപിച്ചത് അഭിനന്ദാര്‍ഹമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. എന്നാല്‍ പ്രശ്‌നം ആഴമേറിയതാണെന്നും ഒരിടത്ത് മാത്രം ഉള്ളതോ അവിടെ സ്വീകരിക്കുന്ന നടപടികള്‍ക്കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതോ അല്ലെന്നും സുനില്‍ പി. ഇളയിടം വിമര്‍ശിച്ചു.

ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടതെന്നും എന്നാല്‍ പ്രസ്ഥാനം അപ്പാടെ അങ്ങനെയല്ലെന്നും ഇളയിടം വിമര്‍ശനാത്മകമായി പറഞ്ഞു.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുന്ന ഒരാള്‍ കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കുമൊക്കെ പരിണമിക്കുന്ന സ്ഥിതി ഉണ്ടായതെങ്ങനൊണെന്നും അത്തരത്തില്‍ ഒരാള്‍ മാത്രമല്ലെന്നും യൂണിവേഴ്‌സിറ്റി കോളേജിലെ ‘നേതാക്കള്‍ ‘ ഉള്‍പ്പെടെ അറിയപ്പെടുന്നതും അല്ലാത്തവരുമായ നിരവധിപേര്‍ ഉണ്ടെന്നും അവരൊക്കയും എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല , അങ്ങിനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടതെന്നും സുനില്‍ പി. ഇളയിടം ചൂണ്ടികാട്ടി.

‘എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാള്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്.നിശ്ചയമായും അയാള്‍ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ ‘നേതാക്കള്‍ ‘ ഉള്‍പ്പെടെ .

അയാള്‍ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല , അങ്ങിനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്.
അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാന്‍ കഴിയൂ.
മറികടക്കാനും.’

ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂം;

യൂണിവേഴ്‌സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘര്‍ഷത്തിന്റെ പേരില്‍ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങള്‍ക്ക് മുതിരാതെ ആത്മവിമര്‍ശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്. എഫ്. ഐ. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സന്തോഷകരമായി തോന്നിയ കാര്യമാണ്.
എസ്. എഫ്. ഐ. നേതൃത്വം അതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.

എന്നാല്‍, ഈ പ്രശ്‌നത്തിന്റെ വേരുകള്‍ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്‌സിറ്റി കോളേജില്‍ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല.
ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത്. ഇടതുപക്ഷമോവിദ്യാര്‍ത്ഥി പ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല.
പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങള്‍ക്കു പകരം സംഘടനാമുഷ്‌കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തില്‍ പലയിടത്തും പ്രബലമാണ്.ഇതിന്റെയും വേരുകള്‍ അവിടെയാണ് ; യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല.

എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാള്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്.നിശ്ചയമായും അയാള്‍ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ ‘നേതാക്കള്‍ ‘ ഉള്‍പ്പെടെ .

അയാള്‍ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല , അങ്ങിനെയൊരാള്‍ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്.
അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാന്‍ കഴിയൂ.
മറികടക്കാനും .

സംവാദസന്നദ്ധത, പുതിയ ആശയ – വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലര്‍ന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം… എന്നിവയ്ക്കായി ബോധപൂര്‍വം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്‌നം പരിഹരിക്കാനാവൂ. അല്ലെങ്കില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെട്ടുത്തുന്ന വിധത്തില്‍, മുഷ്‌കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും അരങ്ങുവാഴുന്ന രാഷ്ട്രീയ അവിവേകത്തിന്റെ പരമ്പരയിലെ പുതിയൊരു സന്ദര്‍ഭം മാത്രമായി ഇതും അവസാനിക്കും.

ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്