ഇസ്ലാമിനെക്കുറിച്ചും ടിപ്പുസുല്‍ത്താനെക്കുറിച്ചും കപ്പൂച്ചിന്‍ സഭയിലെ സുവിശേഷകനായ കാപ്പിപ്പൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ നടത്തിയ വിവാദ പരാമര്‍ശം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മുസ്ലീങ്ങള്‍ക്കുനേരെ അനീതി നടക്കുന്നുണ്ടെങ്കിലും അതിന്റെ മറുവശം കൂടി നമ്മള്‍ ഓര്‍ക്കണമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ പ്രസംഗത്തിലായിരുന്നു ഫാദര്‍ ടിപ്പുസുല്‍ത്താനിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടിപ്പു കേരളത്തിലെ പടയോട്ട കാലത്ത് നടത്തിയെന്ന് പറയപ്പെടുന്ന പല ക്രൂരകൃത്യങ്ങളെകുറിച്ചും ഫാദര്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രമുഖ ഇടതുപക്ഷ ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രസക്തമാവുകയാണ്:
ടിപ്പുസുല്‍ത്താന്‍ മതദ്രാന്തനാണെന്ന് ആദ്യം പറഞ്ഞത് വിന്‍സന്റ് സ്മിത്തിനേയും മാര്‍ക്‌സ് വില്‍സിനേയുമൊക്കെ പോലുള്ള ബ്രീട്ടീഷ് ചരിത്രകാരന്മാരാണ്. ഇന്നത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് ഹിന്ദുത്വ വാദികളാണ്. ടിപ്പു മതവിദ്വേഷിയായിരുന്നോ? ടിപ്പു മത വിശ്വാസിയായിരുന്നെങ്കില്‍ തന്റെ രാജ്യത്തെ ശൃങ്കേരി മഠത്തിന് അദ്ദേഹം ഇത്രമേല്‍ വലിയ പിന്തുണ നല്‍കിയതും ശൃങ്കേരി മഠം അദ്ദേഹത്തെ ഇത്രയധികം പിന്തുണച്ചതുമെന്തുകൊണ്ടാണ്. ടിപ്പു ഹിന്ദുവിനെതിരെ മുസല്‍മാന്റെ നേതൃത്വത്തില്‍ പടനയിച്ച ഒരു മുസ്ലീം മതഭ്രാന്തനായിരുന്നെങ്കില്‍ ഹൈദരാബാദിലെ നൈസാം എന്ന മുസ്ലീം രാജാവ് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്‍ന്നതെന്തുകൊണ്ടാണ്. നാം ഈ ചോദ്യങ്ങള്‍ ചോദിക്കില്ല. കാരണം ടിപ്പു മതഭ്രാന്തനാണെന്ന് സാമാന്യേന നാം വകവെച്ചുകൊടുത്തിട്ടുണ്ട്. ടിപ്പു തന്റെ രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെല്ലാം വലിയ പിന്തുണ നല്‍കിയിരുന്നു. മൈസൂരിലെ ഹിന്ദു നേതാക്കള്‍ മുഴുവന്‍ ടിപ്പുവിന്റെ കൂടെയായിരുന്നു.
മലബാറിലെ ഹിന്ദുക്കള്‍ പക്ഷെ ടിപ്പുവിനെതിരായിരുന്നു. മലബാറിലെ ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. കൊടകിലേയും മംഗലാപുരത്തേയും ക്രിസ്റ്റ്യാനികള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. ടിപ്പുവിനെതിരായിരുന്നു. അവരെ ടിപ്പു ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മതമല്ല. അതിന്റെ പിന്നില്‍ രാഷ്ട്രീയമാണ്, സൈനിക തന്ത്രമാണ,് സമ്പത്താണ്. പക്ഷെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാമ്രാജ്യാധികാരത്തെ ന്യായീകരിക്കുന്നതിന് വേണ്ടി ടിപ്പുസുല്‍ത്താന്‍ എന്ന മതഭ്രാന്തനില്‍ നിന്ന് ദക്ഷിണ ഇന്ത്യയെ മോചിപ്പിച്ച വീര സാഹസിക ദൗത്യമാണ് തങ്ങള്‍ നിറവേറ്റിയതെന്ന് വരുത്തി തീര്‍ക്കാന്‍ ടിപ്പുവിനെ കേവലം മതഭ്രാന്തന്‍ മാത്രമാക്കി ചിത്രീകരിക്കുകയും ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഓര്‍ക്കാവുന്നൊരു കാര്യം പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാരോട് സന്തിയില്ലാതെ സമരം ചെയ്ത ഒരു പക്ഷേ ഒരേ ഒരാള്‍ ടിപ്പു സുല്‍ത്താനാണ്. ഒരു ഒത്തുതീര്‍പ്പുമില്ല. ഉടനീളം സമരം.
ടിപ്പുവിന്റെ അതേ കാലത്ത് നമുക്കിവിടെ പഴശ്ശിരാജയുണ്ട്. പഴശ്ശിരാജ നമ്മുടെ വലിയ ധീരപോരാളിയാണെന്ന് നമുക്കറിയാം. ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം അതിധീരമായി സമരം ചെയ്തു. ഒരു പക്ഷേ ചരിത്രത്തിലെ വലിയ സമരങ്ങളിലൊന്ന്. പക്ഷെ ടിപ്പുവിനെതിരെ കമ്പനി പടനയിക്കുന്ന കാലത്ത് പഴശ്ശി ടിപ്പുവിനൊപ്പമല്ല. പഴശ്ശി കമ്പനിക്കൊപ്പമാണ്. പഴശ്ശി കമ്പനിക്കെതിരായത് കമ്പനി ഇന്ത്യ ഭരിച്ചതുകൊണ്ടല്ല. ബ്രിട്ടീഷ് കമ്പനി സാമ്രാജ്യത്വ ശക്തിയായി കേരളം കീഴടക്കിയതുകൊണ്ടല്ല. കാരണം വളരെ ലളിതമായിരുന്നു കുറുമ്പ്രനാട്ട് താലൂക്കില്‍ കരം പിരിക്കാനുള്ള അവകാശം തനിക്ക് തരാതെ അമ്മാവന് കൊടുത്തതായിരുന്നു പഴശ്ശിയുടെ പ്രശ്‌നം. ഞാന്‍ പഴശ്ശിയുടെ ആക്രമണത്തെ കുറച്ചുകാണുകയല്ല. ചെറുത്ത് നില്‍പ്പിനെ ചെറുതാക്കി കാണിക്കുകയല്ല. പക്ഷെ പഴശ്ശിയുടെ പ്രശ്‌നം ബ്രിട്ടീഷുകാരായിരുന്നില്ല. കുറുമ്പ്രനാട്ട് താലൂക്കിലെ കരം പിരിക്കലായിരുന്നു. ടിപ്പുവിന്റെ പ്രശ്‌നം ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പില്ല. ഫ്രഞ്ചുകാരുമായി സഖ്യം ചെയ്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചയാളാണ് നാമറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ടിപ്പുവിന്റെ കാലത്ത് സാങ്കേതിക വിദ്യ വളര്‍ന്നതിന്റെ തോത് അറിയണമെങ്കില്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ അഞ്ഞൂറ് തോക്കൂകള്‍ മൈസൂരിലെത്തിയപ്പോള്‍ മൈസൂരില്‍ നിര്‍മ്മിക്കുന്ന തോക്കുകളുടെ അതേ നിലവാരം ഇവയ്ക്കില്ലായെന്ന് പറഞ്ഞ് ഫ്രാന്‍സിലേത്ത് തിരിച്ചയച്ച ആളാണ് ടിപ്പുസുല്‍ത്താന്‍. ഫ്രാന്‍സ് നിര്‍മ്മിക്കുന്ന തോക്കുകളേക്കാള്‍ മെച്ചപ്പെട്ട തോക്ക് നിര്‍മ്മിക്കാന്‍ ഉള്ള സാങ്കേതിക ജ്ഞാനം കൈവരിച്ച ഒന്നായിരുന്നു അന്ന് മൈസൂര്‍. അത്രയും വികസിച്ചതായിരുന്നു. പക്ഷെ നമ്മുടെ ചരിത്രത്തില്‍ ഇതൊന്നും കാണില്ല. നമ്മുടെ പഞ്ചായത്തിലെ പൊളിഞ്ഞു കിടക്കുന്ന അമ്പലം ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണ് എന്നാണ്. ഞങ്ങളുടെ നാട്ടില്‍ ഒക്കെ അങ്ങനെയാ ഏത് അമ്പലം പൊളിഞ്ഞാലും അത് ടിപ്പുവിന്റെ അക്കൗണ്ടിലാ. ആ പഞ്ചായത്തിലൊന്നും ടിപ്പു വന്നിട്ടേ ഇല്ല. അത് പ്രശ്‌നമല്ല. രണ്ട് കാര്യമാണ് ഉറപ്പായിട്ടുള്ളത്. ക്ഷേത്രത്തിന് അഞ്ചായിരം വര്‍ഷത്തെ പഴക്കമുണ്ട്. അഞ്ചായിരം കൊല്ലം മുന്‍പ് മനുഷ്യജീവിതം തന്നെ കാര്യമായില്ല. എങ്കിലും അഞ്ചായിരം കൊല്ലത്തെ പഴക്കമുണ്ട്. രണ്ടാമത്തെ കാര്യം ടിപ്പു പൊളിച്ചതാണെന്നാണ്. ഇങ്ങനെ, ഇത് മാത്രമല്ല കെട്ടോ നമ്മുടെ ഭൂതകാലത്തെ മുഴുവന്‍ മതം കൊണ്ട് വിഭജിച്ചതാരാണ്. മതപരമാണ് ഇന്ത്യന്‍ ഭൂതകാലമെന്ന് പഠിപ്പിച്ചതാരാണ്. സാമ്രാജ്യത്വമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ