തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയത് ചരിത്ര സംഭവമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. ഇത് ചരിത്രപരമായി സംഭവിക്കേണ്ട കാര്യമാണെന്നും ഈയൊരു മൂവ്‌മെന്റിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സന്ദര്‍ഭമായി ഇതിനെ അടയാളപ്പെടുത്താമെന്നും സുനില്‍ പി ഇളയിടം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”ഇത് ചരിത്രപരമായി സംഭവിക്കേണ്ട ഒരു കാര്യമാണല്ലോ, എപ്പോഴാണെങ്കിലും. അത് ഏത് സമയത്ത് എന്നത് മാത്രമല്ലേയുള്ളൂ. മൂവ്‌മെന്റിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സന്ദര്‍ഭമായി ഇതിനെ കാണണമെന്നാണ് തോന്നുന്നത്. ദീര്‍ഘകാലമായി നില്‍ക്കുന്ന പരിശ്രമത്തിന്റെ ടെര്‍മിനേഷന്‍ പോയിന്റ് എന്ന നിലയ്ക്ക് വളരെ പ്രാധാന്യം ഉള്ള സന്ദര്‍ഭമായി തന്നെ തോന്നുന്നു””- അദ്ദേഹം പ്രതികരിച്ചു.
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്നത് കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റമായി വിലയിരുത്തേണ്ടതുണ്ടെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാടും പ്രതികരിച്ചിരുന്നു.
ദീര്‍ഘകാലമായി തടഞ്ഞുവെച്ചിരുന്ന സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് ധീരത കാണിച്ച ബിന്ദുവിനേയും കനകദുര്‍ഗയേയും കേരളത്തിലെ ജനത ഒന്നടങ്കം അഭിവാദ്യം ചെയ്യണമെന്നും സണ്ണി എം കപിക്കാട് പറഞ്ഞിരുന്നു.