കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം. ഇന്ത്യയുടെ മതനിരപേക്ഷ- ബഹുസ്വര പാരമ്പര്യത്തെ തമസ്‌കരിച്ച് അതിനെ ഏകാത്മകമായ ഹിന്ദുത്വത്തിന് കീഴപ്പെടുത്താനുള്ള ഹൈന്ദവ ഫാഷിസ്റ്റുകളുടെ ശ്രമമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാമൂഴം മഹാഭാരം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം വഴി മഹാഭാരതത്തിനു മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“മഹാഭാരം എന്നത് പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കിവെയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയര്‍ന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുലഗോത്ര പാരമ്പര്യം മുതല്‍ ബൗദ്ധ ധര്‍മ്മം വരെ മഹാഭാരതത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്നു.” അദ്ദേഹം പറയുന്നു.
Must Read: സഹാറന്‍പൂരില്‍ ദളിത് യുവാവിനെ സവര്‍ണര്‍ വെടിവെച്ചു കൊന്നു; 20പേര്‍ക്ക് ഗുരുതര പരുക്ക്
വ്യാസന്‍ രചിച്ച ഏകപാഠമായി മഹാഭാരതം ഒരിക്കലും നിലനിന്നിട്ടില്ല. നാടോടി ആഖ്യാനങ്ങള്‍ മുതല്‍ നോവലുകളും നാടകങ്ങളും ചലച്ചിത്രവും വരെ അനവധി പാഠങ്ങളായാണ് മഹാഭാരതം നൂറ്റാണ്ടുകളിലൂടെ നിലനിന്നത്. വ്യാസന്‍ എന്ന ഏക കര്‍ത്താവിന്റെ സൃഷ്ടിയല്ല മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തെക്കുറിച്ച് “മഹാഭാരതം: സാംസ്‌കാരിക ചരിത്രം” എന്ന തലക്കെട്ടില്‍ സുനില്‍ പി. ഇളയിടം നടത്തിയ പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
സുനില്‍ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഹൈന്ദവ ഫാഷിസ്റ്റുകളുടെ പോര്‍വിളിയാണ്. അതുവഴി മഹാഭാരതത്തിനു മേല്‍ ഉടമാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നത്.
മഹാഭാരതം പ്രാചീന ഇന്ത്യയുടെ ബഹുസ്വരാത്മക പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച നീക്കി വയ്പാണ്. ബ്രാഹ്മണികമായ മന്ത്ര സാഹിത്യത്തിനെതിരെ ഉയര്‍ന്നു വന്ന സൗത സാഹിത്യത്തിന്റെ ലോകം കൂടിയാണത്. പ്രാചീനമായ കുലഗോത്ര പാരമ്പര്യം മുതല്‍ ബൗദ്ധ ധര്‍മ്മം വരെ മഹാഭാരതത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്നു.
വ്യാസന്‍ രചിച്ച ഏക പാഠമായി മഹാഭാരതം ഒരിക്കലും നിലനിന്നിട്ടില്ല. വ്യാസന്‍ എന്ന ഏക കര്‍ത്താവിന്റെ സൃഷ്ടിയല്ല മഹാഭാരതം. അങ്ങനെ ഒരു കര്‍ത്താവ് മഹാഭാരതത്തിന് പിന്നിലില്ല. വ്യാസന്‍ എന്ന പദത്തിന് സംശോധകന്‍, പരിശോധകന്‍ എന്നൊക്കെയാണ് അര്‍ത്ഥം.
നാടോടി ആഖ്യാനങ്ങള്‍ മുതല്‍ നോവലുകളും നാടകങ്ങളും ചലച്ചിത്രവും വരെ അനവധി പാഠങ്ങളായാണ് മഹാഭാരതം നൂറ്റാണ്ടുകളിലൂടെ നിലനിന്നത്. അല്ലാതെ ഒരു ലക്ഷം ശ്ലോകങ്ങളുള്ള , വ്യാസ വിരചിതമായ മഹാഭാരതമായല്ല. എഴുത്തച്ഛന്റെയും സരള ദാസന്റെയും പമ്പയുടെയും ഒക്കെ മഹാഭാരതങ്ങള്‍ വ്യാസഭാരതമല്ല. അതിന്റെ പല തരത്തിലുള്ള പൊളിച്ചെഴുത്തുകളാണ്. അവയെല്ലാം മഹാഭാരതമായാണ് ഇക്കാലം വരെ നിലനിന്നത്.
ഈ ബൃഹദ് പാരമ്പര്യത്തിന്റെ ഏറ്റവും മിഴിവുറ്റ സമകാലിക ആവിഷ്‌കാരങ്ങളിലൊന്നാണ് രണ്ടാമൂഴം. അതിനെതിരായ വെല്ലുവിളി ഇന്ത്യയുടെ മതനിരപേക്ഷ- ബഹുസ്വര പാരമ്പര്യത്തെ തമസ്‌കരിച്ച് അതിനെ ഏകാത്മകമായ ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ്. ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തു തോല്‍പ്പിക്കണം.