| Monday, 3rd May 2021, 11:46 am

അഭിപ്രായം പറയാനുള്ള ഡോ.കെ.എസ്. മാധവന്റെ അവകാശം നിഷേധിക്കാന്‍ മുതിരുന്നത് ആശ്വാസ്യമല്ല; കാരണം കാണിക്കല്‍ നോട്ടീസില്‍ സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ സര്‍വകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദളിത് ചിന്തകനും പ്രഭാഷകനുമായ ഡോ.കെ.എസ്. മാധവന് കാലിക്കറ്റ് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം.

സര്‍വകലാശാല അധികൃതരുടെ നടപടി അനുചിതവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. മാധവന്റെ അഭിപ്രായങ്ങളോട് സര്‍വകലാശാലയ്ക്ക് എതിര്‍പ്പുണ്ടാകാം. സര്‍വകലാശാലയ്ക്ക് വിയോജിപ്പുള്ള അത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനപ്പുറം ഈ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള ഡോ. കെ.എസ്. മാധവന്റെ അവകാശം നിഷേധിക്കാന്‍ മുതിരുന്നത് ആശ്വാസ്യമല്ലെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

ഡോ.കെ.എസ്. മാധവനെതിരായ നടപടികളില്‍ നിന്ന് കോഴിക്കോട് സര്‍വകലാശാല അധികൃതര്‍ പിന്‍വാങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21ന് മാധ്യമം എഡിറ്റോറിയല്‍ പേജില്‍ കെ.എസ്. മാധവനും പി.കെ. പോക്കറും ചേര്‍ന്നെഴുതിയ ‘സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ’ എന്ന ലേഖനത്തിനാണ് സര്‍വകലാശാല കാരണം കാണിക്കല്‍നോട്ടീസ് നല്‍കിയിരുന്നത്.

ലേഖനത്തില്‍ പറഞ്ഞതുപോലെ ഭരണഘടന നിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്ന, സാമൂഹിക നീതി അട്ടിമറിക്കുന്ന മാഫിയ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഡോ.കെ.എസ്. മാധവനെ വേട്ടയാടാനുള്ള നീക്കമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം പി.കെ. പോക്കറും രംഗത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sunil P Elayidom says about calicut university action against KS Madhavan

We use cookies to give you the best possible experience. Learn more