കോഴിക്കോട്: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ കുഴിമന്തിയെ കുറിച്ചെഴുതിയ പോസ്റ്റിന് പിന്തുണ നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.
താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നായിരുന്നു വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലായിരുന്നു പിന്തുണ അറിയിച്ചുകൊണ്ട് സുനില്‍ പി. ഇളയിടം തമ്പ്‌സ് അപ് ഇമോജിയിട്ടത്.
എന്നാല്‍ ഭാഷാ മാലിന്യം, പദനിരോധനം എന്നിവ ഒരു നിലയ്ക്കും ജനാധിപത്യ സമൂഹത്തിന് സ്വീകാര്യമായ, സാധുവായ ആശയങ്ങളല്ല എന്നാണ് ഫേസ്ബുക്കില്‍ സുനില്‍ പി. ഇളയിടം കുറിച്ചിരിക്കുന്നത്.
”തന്റെ അഭിപ്രായം പറയാന്‍ ശ്രീരാമേട്ടന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ എന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്.
പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവെക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു,” അദ്ദേഹം വ്യക്തമാക്കി.
‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.
മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത് പറയരുത്, കേള്‍ക്കരുത്, കാണരുത് മുഴിമന്തി,’ എന്നായിരുന്നു നേരത്തെ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സുനില്‍ പി. ഇളയിടത്തിന് പുറമെ എഴുത്തുകാരി ശാരദക്കുട്ടിയും പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. ‘കുഴിമന്തി പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വിലയ ചര്‍ച്ചയായിട്ടുണ്ട്.
സുനില്‍ പി. ഇളയിടത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
കുഴിമന്തി എന്ന പേരിനെ മുന്‍നിര്‍ത്തി ശ്രീരാമേട്ടന്‍ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്റെ പ്രതികരണവും ചര്‍ച്ചയായ സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കണം എന്നു കരുതുന്നു.
വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാന്‍ ഉദ്ദേശിച്ചത് അതാണ്.
‘മൊളൂഷ്യം’ എന്ന വിഭവത്തിന്റെ പേരും ഇതുപോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പഛനത്തില്‍ വരുന്ന ജഹദജഹല്‍ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്‌ക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദങ്ങള്‍ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.
എന്നാല്‍, ഇതൊന്നും ഭാഷാ മാലിന്യം, പദനിരോധനം തുടങ്ങിയ ആശയങ്ങള്‍ക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല.
തന്റെ അഭിപ്രായം പറയാന്‍ ശ്രീരാമേട്ടന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാന്‍ കരുതുന്നത്.
എങ്കിലും ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ എന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവെക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്.
അക്കാര്യത്തിലുള്ള എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.
Content Highlight: Sunil P. Elayidom’s regret post for supporting V. K. Sreeraman’s ‘Kuzhimanthi post’