| Wednesday, 23rd June 2021, 4:07 pm

സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസാണ് കുടുംബം: സുനില്‍ പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലുണ്ടാകുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസാണ് കുടുംബവും അത് ജന്മം നല്‍കിയ മൂല്യവ്യവസ്ഥയുമെന്ന് സുനില്‍ പി. ഇളയിടം. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി കുടുംബം മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്,’ ഇളയിടം പറഞ്ഞു.

ഇതിനെ ജനാധിപത്യവല്‍ക്കരിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുനില്‍ പി. ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലരങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോള്‍ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജന്‍മം നല്‍കിയ മൂല്യവ്യവസ്ഥയുമാണ്. പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു.

വികാര പാരവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗം (compound of sentimentality and domestic strife) എന്ന് എംഗല്‍സ് പരിഹാസപൂര്‍വം വിശേഷിപ്പിച്ച ആധുനികകുടുംബം. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്.

അതിനെ ജനാധിപത്യവത്കരിക്കാനുള്ള സമരമാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ചു നിന്ന് നിര്‍വഹിക്കേണ്ട ഒരു വലിയ ദൗത്യമാണത്.

അങ്ങനെയല്ലാതെ കേരളീയ സമൂഹത്തിന് ജനാധിപത്യത്തിന്റെ വഴിയില്‍ ഇനിയൊരു ചുവടു പോലും മുന്നേറാനാവില്ല.
കൊന്നൊടുക്കപ്പെടുന്ന ഈ പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ കൂടി ഇരകളായിരുന്നുവെന്ന്
കാലം കണക്കു പറയും !


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sunil P Elayidom Kollam Vismaya Case

We use cookies to give you the best possible experience. Learn more