| Thursday, 17th February 2022, 12:39 pm

ഇത് വെറും ട്രെയ്‌ലര്‍ മാത്രം, കളി ഇനിയും ബാക്കിയുണ്ട്; ആറ് കോടി കൊടുത്ത് നിലനിര്‍ത്തിയവന്റെ 600 കോടിയുടെ വെടിക്കെട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ താരലേലം ആവേശപൂര്‍വം അവസാനിച്ചു. ഫെബ്രുവരി 12, 13 തിയ്യതികളില്‍ നടന്ന ലേലത്തില്‍ എല്ലാ ടീമുകളും തങ്ങളുടെ ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് കളത്തിലിറക്കുന്നത്.

മിക്ക ടീമുകളും തങ്ങളുടെ മികച്ച താരങ്ങളെ ടീമില്‍ നിലനിര്‍ത്താനും ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് നിലനിര്‍ത്തിയ സുനില്‍ നരെയ്‌ന്റെ ഇന്നിംഗ്‌സ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ഐ.പി.എല്‍ ലോകം.

അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഫ്രാഞ്ചൈസി ലീഗായ ബി.പി.എല്ലിലെ താരത്തിന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സാണ് കെ.കെ.ആര്‍ ആരാധകരെയും ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

വെറും 13 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് താരം സ്റ്റേഡിയത്തിന് തീപിടിപ്പിച്ചത്. ഇതേ ഫോം തന്നെ നരെയ്ന്‍ തുടരുകയാണെങ്കില്‍ ഐ.പി.എല്ലിലെ മുന്‍ചാമ്പ്യന്‍മാര്‍ക്ക് വീണ്ടും ഒരു കിരീടം എന്ന ലക്ഷ്യം അകലെയാവില്ല എന്നുറപ്പാണ്.

ഇതോടെ ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി എന്ന നേട്ടം സുനില്‍ നരെയെന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ടൂര്‍ണമെന്റിലെ രണ്ടാം ക്വാളിഫയറിലായിരുന്നു നരെയ്‌ന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അഞ്ച് ഫോറും ആറ് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നേരിട്ട ആദ്യ പന്തില്‍ റണ്‍സ് നേടാതെപോയ നരെയ്ന്‍ തൊട്ടടുത്ത പന്തുകളില്‍ 6, 4, 4, 6, 6, 4, 6, 0, 4, 6, 1, 6 എന്നിങ്ങനെ കമ്പക്കെട്ടും നടത്തിയാണ് തിരികെ പവലിയനിലെത്തിയത്. പുറത്താകുമ്പോള്‍ 16 പന്തില്‍ 57 റണ്‍സായിരുന്നു നരെയ്‌ന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

നരെയെന്റെ ബാറ്റിംഗ് കരുത്തില്‍ എതിരാളികള്‍ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍ ടീം മറികടന്നു. നായകന്‍ ഇമ്രുല്‍ കയീസ്(22), ഫാഫ് ഡുപ്ലസിസ്(30*) എന്നിവരാണ് ജയമുറപ്പിച്ചത്.

ഇന്ത്യയുടെ യുവരാജ് സിംഗിന്റെയും വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെയും അഫ്ഗാന്റെ ഹസ്രത്തുള്ള സസായിയുടേയും പേരിലാണ് കുട്ടിക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡുള്ളത്. 12 പന്തിലാണ് മൂവരും അര്‍ധ സെഞ്ച്വറി നേടിയത്.

Content Highlight: Sunil Narine’s 2nd fastest half centaury in t 20

We use cookies to give you the best possible experience. Learn more