| Monday, 1st August 2022, 4:20 pm

എന്നെ അന്ന് ആരും കാര്യമായി എടുത്തില്ല, അദ്ദേഹത്തിന്റെ ആ തീരുമാനമാണ് എന്റെ കരിയര്‍ മാറ്റിയത്; ഗൗതം ഗംഭീറിനെ പ്രശംസിച്ച് കരീബിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനോടൊപ്പം തന്റെ ടാക്റ്റിക്കല്‍ തീരുമാനങ്ങള്‍ കൊണ്ടും അദ്ദേഹം ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഗംഭീറിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ് വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഇതിഹാസമായ സുനില്‍ നരെയ്നെ ഓപ്പണിങ് ഇറക്കിയത്. തന്നെ ഓപ്പണിങ് ഇറക്കാനുള്ള ഗംഭീറിന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

2012ല്‍ കൊല്‍ക്കത്തയിലെത്തിയ നരെയ്ന്‍ ഇന്നും കെ.കെ.ആറിന്റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. ഒരു ബൗളറായിട്ടായിരുന്നു അദ്ദേഹം ടീമിലെത്തിയത്. ആദ്യ സീസണില്‍ തന്നെ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഈ മിസ്റ്ററി സ്പിന്നറിന് സാധിച്ചിരുന്നു. ആദ്യ സീസണില്‍ 24 വിക്കറ്റ് സ്വന്തമാക്കിയ താരം കൊല്‍ക്കത്തയുടെ കിരീട നേട്ടത്തിലും പ്രധാന പങ്കുവഹിച്ചു.

എന്നാല്‍ 2017 സീസണിലാണ് അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിച്ച സംഭവമുണ്ടായത്. ആ സീസണില്‍ ഗംഭീര്‍ നരെയ്നോട് ഓപ്പണിങ് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം.

ആദ്യ ഓവര്‍ മുതല്‍ ലോകോത്തര ബൗളര്‍മാരെ അറഞ്ചം പുറഞ്ചം തല്ലിത്തകര്‍ത്താണ് അദ്ദേഹം തന്റെ പുതിയ റോളിനെ സ്വീകരിച്ചത്. ആ സീസണില്‍ 172 സ്ട്രൈക്ക് റേറ്റില്‍ 224 റണ്‍സാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. അതുകഴിഞ്ഞുള്ള 2018 സീസണിലായിരുന്നു നരെയ്ന്‍ തന്റെ യഥാര്‍ത്ഥ ശക്തി കാണിച്ചത്. 16 മത്സരത്തില്‍ നിന്നും 189 സ്ട്രൈക്ക് റേറ്റില്‍ 357 റണ്‍സാണ് അദ്ദേഹം ആ സീസണില്‍ നേടിയത്.

ഇതിന്റെയെല്ലാം ക്രെഡിറ്റ് ടൈമിലെ ടീമിന്റെ നായകനായിരുന്ന ഗൗതം ഗംഭീറിന് നല്‍കുകയാണ് നരെയ്ന്‍

‘ഗൗതം ഗംഭീര്‍ എന്നോട് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ടീമിന് വേഗത്തില്‍ റണ്‍സെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്റെ വിക്കറ്റ് നേരത്തെ നഷ്ടമായാലും കുഴപ്പമില്ല. ഞാന്‍ ആ റോളില്‍ പുതുതായതുകൊണ്ട് എനിക്കെതിരെ ആസൂത്രണം ചെയ്യാന്‍ എതിരാളികള്‍ക്ക് സാധിക്കില്ല.

എതിര്‍ ടീമുകള്‍ എന്നെ അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ ഞാന്‍ സ്‌ട്രെങ്ത്തില്‍ നിന്ന് കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഞാന്‍ എത്രത്തോളം മികച്ച പ്രകടനം നടത്തുന്നുവോ അത്രയധികം കെ.കെ.ആര്‍ എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു,”നരെയന്‍ പറഞ്ഞു.

ഇന്ന് ലോകത്തെ എല്ലാ ട്വന്റി-20 ലീഗുകളിലെയും വിലപ്പെട്ട താരമാണ് നരെയ്ന്‍. തന്റെ മിസ്റ്ററി സ്പിന്‍ കൊണ്ടും വെടിക്കെട്ട് ബാറ്റിങ് കൊണ്ടും എതിര്‍ടീമുകള്‍ക്ക് ഭീഷണിയാകാന്‍ അദ്ദേഹത്തിന് സാധിക്കും.

Content Highlights: Sunil Narine Praises Goutam Gambhir for making him an opener

We use cookies to give you the best possible experience. Learn more