ഏഴ് ഓവര്‍, ഏഴും മെയ്ഡന്‍ ഒപ്പം ഏഴ് വിക്കറ്റും; ഫ്‌ളൈറ്റ് വൈകിയ നരെയ്ന്‍ ചില്‍ ചെയ്തതിങ്ങനെ
Sports News
ഏഴ് ഓവര്‍, ഏഴും മെയ്ഡന്‍ ഒപ്പം ഏഴ് വിക്കറ്റും; ഫ്‌ളൈറ്റ് വൈകിയ നരെയ്ന്‍ ചില്‍ ചെയ്തതിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st March 2023, 10:20 pm

ഐ.പി.എല്ലിന് മുന്നോടിയായി ടീമിനൊപ്പം ചേരാനൊരുങ്ങിയ സൂപ്പര്‍ താരം സുനില്‍ നരെയ്‌നെ ഫ്‌ളൈറ്റ് ചതിച്ചപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു പ്രകടനം പിന്നാലെയെത്തുമെന്ന് ആരും കരുതിയിരുന്നില്ല.

കൊല്‍ക്കത്തയിലേക്ക് തിരിക്കാനൊരുങ്ങിയ സുനില്‍ നരെയ്‌ന്റെ ഫ്‌ളൈറ്റ് വൈകുകയും ഇതോടെ ഒരു മത്സരം കളിക്കാമെന്ന് താരം തീരുമാനിക്കുകയുമായിരുന്നു.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ക്രിക്കറ്റ് ബോര്‍ഡ് പ്രീമിയര്‍ഷിപ് ഡിവിഷന്‍ വണ്ണില്‍ നടന്ന ക്വീന്‍സ് പാര്‍ക് ക്രിക്കറ്റ് ക്ലബ്ബും ക്ലാര്‍ക് റോഡ് യുണൈറ്റഡും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സുനില്‍ നരെയ്ന്‍ സംഹാര രൂപിയായത്.

 

ക്വീന്‍സ് പാര്‍ക്കിന് വേണ്ടി കളത്തിലിറങ്ങിയ നരെയ്ന്‍ തന്റെ മാജിക് ക്ലാര്‍ക്ക് റോഡ് യുണൈറ്റഡിനും ക്രിക്കറ്റ് ലോകത്തിനും ഒരിക്കല്‍ കൂടി കാണിച്ചു കൊടുത്തു.

മത്സരത്തില്‍ ഏഴ് ഓവര്‍ പന്തെറിഞ്ഞ സുനില്‍ നരെയ്ന്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ ഏഴ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. നരെയ്‌ന്റെ ഈ സ്‌പെല്ലിന്റെ കരുത്തില്‍ ക്വീന്‍സ് പാര്‍ക് എതിരാളികളെ 76 റണ്‍സിന് ഓള്‍ ഔട്ടാക്കി.

താരത്തിന്റെ ഈ പ്രകടനം ഏറ്റവുമധികം ആവേശത്തിലാക്കിയിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തന്നെയാണ്. ഒരിക്കല്‍ കൈവിട്ട കിരീടം വീണ്ടും തിരിച്ചുപിടിക്കാനുള്ള കെ.കെ.ആറിന്റെ മോഹങ്ങള്‍ക്ക് നിറം പകരുന്ന പ്രകടനമാണ് സുനില്‍ നരെയ്ന്‍ ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്.

നിലവില്‍ പരിക്കിന്റെ പിടിയില്‍ തുടരുന്ന നായകന്‍ ശ്രേയസ് അയ്യരിന് കളിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ ഐ.എല്‍.ടി.20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ നയിച്ച സുനില്‍ നരെയ്‌നില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സിയുമെത്തിയേക്കും.

ഏപ്രില്‍ ഒന്നിനാണ് ഐ.പി.എല്ലില്‍ കെ.കെ.ആറിന്റെ ആദ്യ മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്

മന്‍ദീപ് സിങ്, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, അനുകൂല്‍ റോയ്, ഡേവിഡ് വൈസി, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), റഹ്‌മത്തുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, കുല്‍വന്ത് ഖെജ്‌രോലിയ, ഷര്‍ദുല്‍ താക്കൂര്‍, സുയാഷ് ശര്‍മ, ടിം സൗത്തി, ഉമേഷ് യാദവ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

 

Content Highlight: Sunil Narine picks 7 wickets in 7 over