കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഐ.പി.എല്‍ പതിനൊന്നാം സീസണിലെ മൂന്നാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സീസണില്‍ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
വിന്‍ഡീസിന്റെ സൂപ്പര്‍ താരം സുനില്‍ നരെയന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മികച്ച ടോട്ടല്‍ ലഭിച്ചിട്ടും ബാംഗ്ലൂരിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 19 പന്തുകളില്‍ നിന്ന് 5 സിക്സുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ 50 റണ്‍സാണ് ഇന്നലത്തെ മത്സരത്തില്‍ അടിച്ചെടുത്തത്. 17 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ നരെയ്ന്‍ ഉമേഷ് യാദവിന്റെ പന്തിലാണ് പുറത്തായത്.
സ്‌പെഷ്യലിസ്റ്റ് ബൗളറായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച നരെയ്ന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായി ഇറങ്ങി അരങ്ങുതകര്‍ക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ സീസണിലും ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള നരെയ്ന്‍ അതിവേഗ അര്‍ദ്ധസെഞ്ച്വറിയുടെ റെക്കോര്‍ഡ് യൂസഫ് പത്താനൊപ്പം ഇന്നലത്തെ ഐ.പി.എല്‍ ആദ്യ മത്സരം വരെ പങ്കിട്ടിരുന്നു.
15 പന്തുകളില്‍ നിന്നാണ് നരെയ്‌നും യൂസഫ് പത്താനും 50 തികച്ചിട്ടുള്ളത്. ഇന്നലെ ദല്‍ഹിക്കെതിരായ മത്സരത്തില്‍ പഞ്ചാബ് താരം കെ.എല്‍ രാഹുലാണ് ഈ റെക്കോര്‍ഡ് മറികടന്നത്. 14 പന്തുകളില്‍ നിന്നായിരുന്നു രാഹുലിന്റെ അര്‍ദ്ധശതകം.
ഇന്നലെ നരെയ്ന്‍ പുറത്തായതിനു പിന്നാലെയെത്തിയ നിതീഷ് റാണ 25 പന്തില്‍ 34 റണ്‍സെടുത്തു. പക്വതയാര്‍ന്ന പ്രകടനം പുറത്തെടുത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് പുറത്താകാതെ 29 പന്തില്‍ 35 റണ്‍സെടുത്തു ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ബാംഗ്ലൂരിനെ തകര്‍ത്ത് നരെയ്‌ന്റെ ഇന്നിങ്‌സ് കാണാം: