ഐ.പി.എല്ലില്‍ ഇവന്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്, ചരിത്രം തിരുത്തി കൊല്‍ക്കത്തയുടെ ചീറ്റപ്പുലി!
Sports News
ഐ.പി.എല്ലില്‍ ഇവന്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്, ചരിത്രം തിരുത്തി കൊല്‍ക്കത്തയുടെ ചീറ്റപ്പുലി!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 8:45 am

2024 ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി 2024 ഐ.പി.എല്‍ സീസണിന് വിരാമം ഇടുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയം എളുപ്പമാക്കിയത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു. 208.33 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ഗുര്‍ബാസ് 32 പന്തില്‍ നിന്ന് രണ്ട് സിക്സും 5 ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓപ്പണര്‍ സുനില്‍ നാരെയ്ന്‍ പുറത്തായത് ഒരു കൂറ്റന്‍ സിക്‌സര്‍ നേടിയാണ്. എന്നിരുന്നാലും സീസണില്‍ ഉടനീളം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. സീസണില്‍ ഓപ്പണിങ് പെസിഷന്‍ വീണ്ടെടുത്ത് വെടിക്കെട്ട് പ്രകടനം നടത്തിയ നരെയ്‌നെ തേടി ഒരു കിടിലന്‍ റെക്കോഡാണ് വന്നിരിക്കുന്നത്. ഐ.പി.എല്ലില്‍ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന് നേട്ടം ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്ന താരമാകാനാണ് നരെയ്‌ന് സാധിച്ചത്. ഈ സിസണില്‍ അടക്കം മൂന്ന് തവണയാണ് താരം നേട്ടം സ്വന്തമാക്കിയത്.

ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന നേട്ടം ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്ന താരം, എണ്ണം

സുനില്‍ നരെയ്ന്‍ – 3*

ഷെയ്ന്‍ വാട്‌സണ്‍ – 2

ആന്ദ്രെ റസല്‍ – 2

മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സ് നേടി കൂടെ നിന്നു. ഹൈദരബാദിന് വേണ്ടി ഷഹബാസും കമ്മിന്‍സും ഓരോ വിക്കറ്റുകളാണ് നേടിയത്.

തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നീട് ഗോള്‍ഡന്‍ ഡക്കിന് ട്രാവിസ് ഹെഡും മടങ്ങയതോടെ കൊല്‍ക്കത്ത ബൗളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു ചെപ്പോക്കില്‍.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

 

Content Highlight: Sunil Narine In Record Achievement In 2024 IPL