നേടിയത് വെറും ഒരു വിക്കറ്റ് പക്ഷെ സ്വന്തമാക്കിയത് ഇതിഹാസത്തിന്റെ റെക്കോഡ്
Sports News
നേടിയത് വെറും ഒരു വിക്കറ്റ് പക്ഷെ സ്വന്തമാക്കിയത് ഇതിഹാസത്തിന്റെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th April 2024, 11:44 am

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ദല്‍ഹി കാപ്പിറ്റസിനെതിരെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ കാപ്പിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കാപ്പിറ്റല്‍സിന് 153 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 16.3 ഓവറില്‍ 157 റണ്‍സ് നേടി കൊല്‍ക്കത്ത വിജയ ലക്ഷ്യം മറി കടക്കുകയായിരുന്നു.

ദല്‍ഹിയെ തകര്‍ത്തത് വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിങ് പ്രകടനമാണ്. നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നാല് എക്കണോമി നിലനിര്‍ത്തിയ വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് കളിയിലെ താരം. താരത്തിന് പുറമേ വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചന്‍ സ്റ്റാര്‍ക്കും സുനില്‍ നരയനും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

നേടിയത് വെറും ഒരു വിക്കറ്റാണെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഈ നേട്ടത്തില്‍ നേരത്തെ ഒന്നാമത്ായിരുന്നത് ലസിത് മലിങ്കയാണ്.

ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം, വിക്കറ്റ്, സ്‌റ്റേഡിയം

സുനില്‍ നരെയ്ന്‍ – 69*- കൊല്‍ക്കത്ത

ലസിത് മലിങ്ക – 68 – മുംബൈ

അമിത് മിശ്ര – 58 – ദല്‍ഹി

യുസ്വേന്ദ്ര ചഹല്‍ – 52 – ബെംഗളൂരു

ഹര്‍ഭജന്‍ സിങ് – 49 – മുംബൈ

കൊല്‍ക്കത്തക്ക് വേണ്ടി ഫില്‍ സാള്‍ട്ട് മികച്ച പ്രകടനമാണ് നടത്തിയത്. 38 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ഫോറും അഞ്ചു സിക്‌സ് ആണ് താരം അടിച്ചുകൂട്ടിയത്. ശ്രേയസ് അയ്യര്‍ 23 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ വെങ്കിടേഷ് അയ്യര്‍ 23 പന്തില്‍ 26 റണ്‍സ് നേടി വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ദല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും ലിയാം ലിവിങ്സ്റ്റണ്‍ ഒരു വിക്കറ്റും നേടി.

ദല്‍ഹിക്ക് വേണ്ടി ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ റിഷബ് പന്ത് 20 റണ്‍സ് ആണ് നേടിയത്. തുടര്‍ന്നുണ്ടായ ബാറ്റിങ് തകര്‍ച്ചയില്‍ ടീമിന്റെ സ്‌കോര്‍ നിര്‍ത്തിയത് കുല്‍ദീപ് യാദവാണ്. 26 പന്തില്‍ 35* റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ഒരു സിക്‌സും അഞ്ച് ഫോമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് കെ.കെ.ആര്‍. ഒമ്പത് മത്സരങ്ങലില്‍ നിന്ന് ആറ് വിജയം സ്വന്തമാക്കിയ കൊല്‍ക്കത്ത 12 പോയിന്റാണ് നേടിയത്. ഒന്നാമനായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ 16 പോയിന്റാണ്.

 

Content highlight: Sunil Narine In New Record Achievement