അമ്പോ ഇതെന്തൊരു തോല്‍വി; 14ല്‍ ഒറ്റ ജയം!!! ക്യാപ്റ്റന്‍സി ഇവനെക്കൊണ്ട് കൂട്ടിയാല്‍ കൂടൂല
Sports News
അമ്പോ ഇതെന്തൊരു തോല്‍വി; 14ല്‍ ഒറ്റ ജയം!!! ക്യാപ്റ്റന്‍സി ഇവനെക്കൊണ്ട് കൂട്ടിയാല്‍ കൂടൂല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 12:37 pm

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിന്റെ ശനിദശ തുടരുകയാണ്. കളിച്ച നാല് മത്സരത്തിലും തോറ്റ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

എം.എല്‍.സിയില്‍ കളിച്ച ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാത്ത ഏക ടീമാണ് ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്. ജൂലൈ 23നാണ് സീസണില്‍ നൈറ്റ് റൈഡേഴ്‌സിന്റെ അവസാന മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമായ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെയാണ് നൈറ്റ് റൈഡേഴ്‌സ് അവസാന മത്സരം കളിക്കുക.

തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകര്‍ വിമര്‍ശനമുയര്‍ത്തേണ്ടത് നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്റിനെതിരെയാണ്. കാരണം, ക്യാപ്റ്റന്‍സി തന്നെക്കൊണ്ട് വഴങ്ങുന്ന പണിയല്ല എന്ന പലകുറി തെളിയിച്ച നരെയ്‌ന് വീണ്ടും ക്യാപ്റ്റന്‍സി നല്‍കിയ മാനേജ്‌മെന്റ് തന്നെയാണ് ഇവിടെ തെറ്റുകാര്‍.

മറ്റൊരു നൈറ്റ് റൈഡേഴ്‌സിനൊപ്പം ക്യാപ്റ്റന്റെ റോളിലെത്തിയ നരെയ്ന്‍ ഒരു സീസണിലെ ഒന്നൊഴികെയുള്ള എല്ലാ മത്സരങ്ങളിലും പരാജയമായിട്ട് മാസം ആറ് പോലും പിന്നിട്ടിട്ടില്ല. രണ്ടാമതൊന്നോര്‍ക്കാതെ വീണ്ടും നരെയ്‌നെ തന്നെ ക്യാപ്റ്റനാക്കിയ നൈറ്റ് റൈഡ്‌ഴ്‌സ് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു എന്ന് വേണം കരുതാന്‍.

നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്റെ റോളിലെത്തിയ കഴിഞ്ഞ 14 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സുനില്‍ നരെയ്‌ന് ടീമിനെ വിജയിപ്പിത്താന്‍ സാധിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ഐ.എല്‍.ടി-20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി തോറ്റുതുടങ്ങിയ നരെയ്ന്‍ ഇപ്പോഴും തോറ്റുകൊണ്ടേയിരിക്കുകയാണ്.

 

സുനില്‍ നരെയ്‌ന്റെ ക്യാപ്റ്റന്‍സിയില്‍ നൈറ്റ് റൈഡേഴ്‌സ് ഈ വര്‍ഷം കളിച്ച മത്സരങ്ങള്‍

ഐ.എല്‍. ടി-20 (അബുദാബി നൈറ്റ് റൈഡേഴ്‌സ്)

vs ദുബായ് ക്യാപ്പിറ്റല്‍സ് – 73 റണ്‍സിന്റെ പരാജയം.

vs ഗള്‍ഫ് ജയന്റ്‌സ് – ആറ് വിക്കറ്റിന്റെ പരാജയം.

vs ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – ഏഴ് വിക്കറ്റിന്റെ പരാജയം.

vs ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – 11 റണ്‍സിന്റെ പരാജയം.

vs എം.ഐ എമിറേറ്റ്‌സ് – അഞ്ച് വിക്കറ്റിന്റെ പരാജയം.

vs ഗള്‍ഫ് ജയന്റ്‌സ് – ഒറ്റ പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.

vs ഷാര്‍ജ വാറിയേഴ്‌സ് – നാല് വിക്കറ്റിന്റെ പരാജയം.

vs ദുബായ് ക്യാപ്പിറ്റല്‍സ് – ഏഴ് വിക്കറ്റിന്റെ പരാജയം.

vs എം.ഐ എമിറേറ്റ്‌സ് – 18 റണ്‍സിന്റെ പരാജയം.

vs ഷാര്‍ജ വാറിയേഴ്‌സ് – അഞ്ച് വിക്കറ്റിന്റെ വിജയം.

 

മേജര്‍ ലീഗ് ക്രിക്കറ്റ് (ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്)

vs ടെക്‌സസ് സൂപ്പര്‍ കിങ്‌സ് – 69 റണ്‍സിന്റെ പരാജയം.

vs എം.ഐ ന്യൂയോര്‍ക് – 105 റണ്‍സിന്റെ പരാജയം.

vs സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സ് – 21 റണ്‍സിന്റെ പരാജയം.

vs വാഷിങ്ടണ്‍ ഫ്രീഡം – ആറ് വിക്കറ്റിന്റെ പരാജയം.

 

ഐ.എല്‍ ടി-20യിലേതെന്ന പോലെ അവസാന മത്സരത്തില്‍ മാത്രം വിജയിക്കാനുള്ള അവസരം മാത്രമാണ് ഇനി സുനില്‍ നരെയ്‌ന് മുമ്പിലുള്ളത്. എന്നാല്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെയുള്ള മത്സരം നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് ബാലികേറാമലയാകുമെന്നുറപ്പാണ്.

 

Content Highlight: Sunil Narine failed as captain