ടി-20യില്‍ 29 മെയ്ഡനോ! സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയവന്റെ ടോട്ടല്‍ ഡോമിനേഷന്‍; മൂന്നാമതും ഏഴാമതും ഇന്ത്യന്‍ താരങ്ങള്‍
Sports News
ടി-20യില്‍ 29 മെയ്ഡനോ! സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയവന്റെ ടോട്ടല്‍ ഡോമിനേഷന്‍; മൂന്നാമതും ഏഴാമതും ഇന്ത്യന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 1:59 pm

റണ്ണൊഴുകുന്ന ടി-20 ഫോര്‍മാറ്റില്‍ റണ്‍ വഴങ്ങാതിരിക്കുക എന്നതാണ് ഒരു ബൗളറുടെ ഏറ്റവും വലിയ വെല്ലുവിളി. ആകെയുള്ള 20 ഓവറില്‍ മാക്‌സിമം റണ്‍സ് നേടാന്‍ ബാറ്റര്‍മാര്‍ ശ്രമിക്കും എന്നതിനാല്‍ തന്നെ ടി-20യില്‍ മെയ്ഡന്‍ ഓവറുകള്‍ അപൂര്‍വമായാണ് പിറക്കാറുള്ളത്.

ടി-20യില്‍ മെയ്ഡന്‍ എന്നുള്ളത് പല ബൗളര്‍മാരുടെയും സ്വപ്‌നമാണ്. എന്നാല്‍ പല താരങ്ങളും ഈ നേട്ടം കരിയറില്‍ പലപ്പോഴായി സ്വന്തമാക്കിയതുമാണ്.

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്‌നാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. 29 മെയ്ഡന്‍ ഓവറുകളാണ് 2011ല്‍ ആരംഭിച്ച തന്റെ ടി-20 കരിയറില്‍ നരെയ്ന്‍ എറിഞ്ഞു തീര്‍ത്തത്.

 

ഇതില്‍ സൂപ്പര്‍ ഓവറിലാണ് ഒരു മെയ്ഡന്‍ പിറന്നത്. 2014ല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാറിയേഴ്‌സിന് വേണ്ടി പന്തെറിയുമ്പോഴായിരുന്നു നരെയ്ന്‍ സൂപ്പര്‍ ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതിരുന്നത്. മറുവശത്ത് റെഡ് സ്റ്റീല്‍സിന്റെ വെടിക്കെട്ട് വീരനായിരുന്ന നിക്കോളാസ് പൂരനായിരുന്നു റണ്‍ നേടാനാകാതെ തലകുനിച്ച് നിന്നത്.

12 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ നരെയ്ന്‍ ഡിഫന്‍ഡ് ചെയ്തത്. ഓവറിലെ ആദ്യ നാല് പന്തിലും പൂരന്‍ ബീറ്റണായപ്പോള്‍ അഞ്ചാം പന്തില്‍ പുറത്താവുകയും ചെയ്തു.

അബുദാബി നൈറ്റ് റൈഡേഴ്‌സ്, കേപ് കോബ്രാസ്, കൊമില്ല വിക്ടോറിയന്‍സ്, ധാക്ക ഡൈനാമിറ്റ്‌സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലാഹോര്‍ ഖലന്ദേഴ്‌സ്, മെല്‍ബണ്‍ റെനഗെഡ്‌സ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, സറേ, സിഡ്‌നി സിക്‌സേഴ്‌സ്, ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീം എന്നിവര്‍ക്ക് വേണ്ടിയാണ് താരം കരിയറില്‍ പന്തെറിഞ്ഞത്.

ബംഗ്ലാ നായകന്‍ ഷാകിബ് അല്‍ ഹസനാണ് പട്ടികയില്‍ രണ്ടാമത്. 25 മെയ്ഡനാണ് താരത്തിന്റെ പേരിലുള്ളത്. 22 മെയ്ഡനായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും പട്ടികയില്‍ ഇടം നേടി. ഇതില്‍ പത്ത് മെയ്ഡനും അന്താരാഷ്ട്ര തലത്തിലാണ് പിറന്നതും.

 

 

 

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ താരങ്ങള്‍

(താരം – ദേശീയ ടീം – മെയ്ഡന്‍ ഓവര്‍ എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – വെസ്റ്റ് ഇന്‍ഡീസ് – 29

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 25

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 22

മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 22

സാമുവല്‍ ബദ്രീ – വെസ്റ്റ് ഇന്‍ഡീസ് – 21

വഹാബ് റിയാസ് – പാകിസ്ഥാന്‍ – 21

ജസ്പ്രീത് ബുംറ – ഇന്ത്യ – 20

മുഹമ്മദ് ഇര്‍ഫാന്‍ – പാകിസ്ഥാന്‍ – 20

പ്രവീണ്‍ കുമാര്‍ – ഇന്ത്യ – 19

ഫ്രാങ്ക് എന്‍സുബുഗ – ഉഗാണ്ട – 18

 

 

Content Highlight: Sunil Narine bowled most maidens in T20