| Monday, 28th August 2023, 2:02 pm

ഐ.പി.എല്ലില്‍ തുഷാര്‍ ദേശ്പാണ്ഡേയാണെങ്കില്‍ സി.പി.എല്ലില്‍ ചരിത്രം സൃഷ്ടിച്ചത് നരെയ്ന്‍; പുറത്താക്കി അമ്പയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ചരിത്രം കുറിച്ചുകൊണ്ടായിരുന്നു ഐ.പി.എല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം തുഷാര്‍ ദേശ്പാണ്ഡേയായിരുന്നു ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയര്‍. ഐ.പി.എല്ലിന് പിന്നലെ ടി.എന്‍.പി.എല്‍ അടക്കമുള്ള ലീഗുകള്‍ ഇംപാക്ട് പ്ലെയര്‍ റൂള്‍ സ്വീകരിച്ചിരുന്നു.

ഇത്തരത്തില്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചത്. സി.പി.എല്ലില്‍ ആദ്യമായി റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന താരമായി ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

സീസണ്‍ ആരംഭിച്ച് 12ാം മത്സരത്തിലാണ് അമ്പയര്‍ ആദ്യമായി റെഡ് കാര്‍ഡ് പുറത്തെടുത്തത്. ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ് മത്സരത്തിലാണ് സംഭവം.

പേട്രിയേറ്റ്‌സ് ഇന്നിങ്‌സിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് നരെയ്‌ന് പുറത്തുപോകാന്‍ വഴിയൊരുക്കിയത്. നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ നൈറ്റ് റൈഡേഴ്‌സിന് സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് അമ്പയര്‍ കാര്‍ഡ് ഉയര്‍ത്തിയത്.

റെഡ് കാര്‍ഡ് നിയമം പ്രകാരം നൈറ്റ് റൈഡേഴ്‌സിന് ഒരു താരത്തെ പിന്‍വലിക്കേണ്ടതായി വന്നിരുന്നു. ഇതിനോടകം നരെയ്‌ന്റെ നാല് ഓവര്‍ ക്വാട്ട കഴിഞ്ഞതിനാല്‍ പൊള്ളാര്‍ഡ് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു.

നാല് ഓവര്‍ പന്തെറിഞ്ഞ നരെയ്ന്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടിയിരുന്നു.

ഇതോടെ അവസാന ഓവറില്‍ പത്ത് പേരായി ചുരുങ്ങിയ നൈറ്റ് റൈഡേഴ്‌സിന് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ സാധിച്ചിരുന്നുള്ളൂ. ഈ അവസരം മുതലാക്കിയ പേട്രിയറ്റ്‌സ് ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സാണ് നേടിയത്.

അതേസമയം, മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. പേട്രിയറ്റ്‌സ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്തും ആറ് വിക്കറ്റും ശേഷിക്കെ നൈറ്റ് റൈഡേഴ്‌സ് മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പേട്രിയറ്റ്‌സ് ക്യാപ്റ്റന്‍ എസ്. റൂഥര്‍ഫോര്‍ഡിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 38 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. ആന്ദ്രേ ഫ്‌ളെച്ചര്‍ (17 പന്തില്‍ 32), കോര്‍ബിന്‍ ബോഷ് (21 പന്തില്‍ 30) എന്നിവരാണ് പേട്രിയറ്റ്‌സിന്റെ മറ്റ് റണ്‍ ഗെറ്റേഴ്‌സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിക്കോളാസ് പൂരന്റെ അര്‍ധ സെഞ്ച്വറിയിലൂടെയാണ് മറുപടി നല്‍കിയത്. 32 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്.

പൂരന് പുറമെ ലോര്‍കന്‍ ടക്കര്‍ (31 പന്തില്‍ 36), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (16 പന്തില്‍ 37), ആന്ദ്രേ റസല്‍ (എട്ട് പന്തില്‍ 23) എന്നിവരും തകര്‍ച്ചടിച്ചതോടെയാണ് റണ്‍സ് ഉയര്‍ന്നത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ്. സീസണിലെ ആദ്യ വിജയമാണിത്.

ഓഗസ്റ്റ് 31നാണ് ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. ബാര്‍ബഡോസ് റോയല്‍സാണ് എതിരാളികള്‍.

Content Highlight:  Sunil Narine becomes first victim of red-card rule in CPL 2023

We use cookies to give you the best possible experience. Learn more