| Sunday, 5th November 2023, 7:45 pm

തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ട് അവന്റെ വിരമിക്കല്‍; ഇനി ലക്ഷ്യം വേറെ

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മാജിക്കല്‍ സ്പിന്നര്‍ സുനില്‍ നരെയ്ന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്നും ടി-20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിന്‍ഡീസിനായി 65 ഏകദിനവും 51 അന്താരാഷ്ട്ര ടി-20യും ആറ് ടെസ്റ്റും സുനില്‍ നരെയ്ന്‍ കളിച്ചിട്ടുണ്ട്. 165 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഈ ട്രിനിഡാഡന്‍ സ്പിന്നറുടെ പേരിലുള്ളത്.

2012ല്‍ വിന്‍ഡീസ് കുട്ടിക്രിക്കറ്റിന്റെ ലോക ചാമ്പ്യന്‍മാരായപ്പോള്‍ അന്ന് കരീബിയന്‍സിനെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു സുനില്‍ നരെയ്ന്‍ വഹിച്ചിരുന്നത്.

2013ല്‍ വിന്‍ഡീസിനായി അവസാന ടെസ്റ്റ് കളിച്ച സുനില്‍ നരെയ്ന്‍ 2016ലാണ് അവസാന ഏകദിനവും കളിച്ചത്. 2019ലാണ് സുനില്‍ നരെയ്ന്‍ അവസാനമായി വിന്‍ഡീസിന്റെ മെറൂണ്‍ ജേഴ്‌സിയില്‍ മൈതാനത്തെത്തിയത്. മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളും ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ കളിക്കുന്നതിന്റെ വര്‍ക് ലോഡും അദ്ദേഹത്തെ നാഷണല്‍ ഡ്യൂട്ടിയില്‍ നിന്നും പിന്നോട്ട് വലിച്ചു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റായ സൂപ്പര്‍ 50 കപ്പിന്റെ ഈ സീസണ്‍ അവസാനിക്കുന്നതോടുകൂടി ഡൊമസ്റ്റിക് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് നരെയ്ന്‍ അറിയിച്ചു. സൂപ്പര്‍ 50 കപ്പില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ താരമാണ് നരെയ്ന്‍.

‘ഞാന്‍ അവസാനമായി വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിട്ട് 4 വര്‍ഷത്തിലേറെയായി. എന്നാല്‍ ഇന്ന് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്, കോച്ചിങ് സ്റ്റാഫ്, ഒപ്പം നിന്ന വിന്‍ഡീസ് ആരാധകര്‍, എല്ലാ ഫോര്‍മാറ്റിലുമായി എന്നോടൊപ്പം കളിക്കുകയും പല മികച്ച വിജയങ്ങളും സ്വന്തമാക്കാന്‍ കൂടെയുണ്ടായിരുന്ന എന്റെ ടീമംഗങ്ങള്‍ എന്നിവരോടുള്ള നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുകയാണ്.

ആഭ്യന്തര 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. എന്റെ ജന്മനാടായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ പ്രതിനിധീകരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. നിലവിലെ സൂപ്പര്‍ 50 കപ്പ് നേടിക്കൊണ്ട് പടിയിറങ്ങുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച സെന്‍ഡ് ഓഫ് ആയിരിക്കും,’ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ നരെയ്ന്‍ കുറിച്ചു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് പടിയിറങ്ങുകയാണെങ്കിലും ഫ്രാഞ്ചൈസി-ലീഗ് ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും താരം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

സുനില്‍ നരെയ്‌ന്റെ ഈ അപ്രതീക്ഷിത വിരമിക്കല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. നിലവില്‍ വിന്‍ഡീസ് ടീമിന്റെ ഭാഗമല്ലെങ്കിലും അടുത്ത വര്‍ഷം തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പില്‍ മാനേജ്‌മെന്റുമായുള്ള പിണക്കങ്ങള്‍ അവസാനിപ്പിച്ച് നരെയ്ന്‍ തിരികെയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കിയാണ് നരെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2023 ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതോടെ വിന്‍ഡീസിന് സ്വയം തെളിയിക്കാനുള്ള അവസരമായിരുന്നു 2024 ടി-20 ലോകകപ്പ്. അതില്‍ നിര്‍ണാക സാന്നിധ്യമാകുമെന്ന് വിശ്വസിച്ചിരുന്ന നരെയ്‌ന്റെ പടിയിറക്കത്തില്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. എങ്കിലും ടി-20 ടൂര്‍ണമെന്റുകളില്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കാണാം എന്ന ആശ്വാസമാണ് അവര്‍ക്കുള്ളത്.

Content Highlight: Sunil Narine announces retirement from international cricket

We use cookies to give you the best possible experience. Learn more