ഈ രണ്ടുപേരും കൊടുങ്കാറ്റല്ല 'സുനാമിയാണ്'; തകര്‍പ്പന്‍ നേട്ടത്തില്‍ കൊല്‍ക്കത്ത പവര്‍ ഹൗസുകള്‍
Sports News
ഈ രണ്ടുപേരും കൊടുങ്കാറ്റല്ല 'സുനാമിയാണ്'; തകര്‍പ്പന്‍ നേട്ടത്തില്‍ കൊല്‍ക്കത്ത പവര്‍ ഹൗസുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2024, 8:03 am

എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 98 റണ്‍സിന്റെ വമ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് നേടിയത്. സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്.

39 പന്തില്‍ നിന്ന് 7 സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 207.69 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു നരെയ്ന്‍ ബൗളര്‍മാരെ അടിച്ചിട്ടത്. കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ച സുനില്‍ തന്നെയായിരുന്നു കളിയിലെ താരവും. ഇതിനു പുറകെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

കൊല്‍ക്കത്തക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ താരം ആകാനാണ് സുനിലിന് കഴിഞ്ഞത്. 15 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളാണ് താരം സ്വന്തമാക്കിയത്. കൊല്‍ക്കത്തക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ ആന്ദ്രെ റസലിന്റെ റെക്കോഡിനൊപ്പം എത്താനും താരത്തിന് സാധിച്ചു. ഇതോടെ കൊല്‍ക്കത്തയുടെ രണ്ട് കരീബിയന്‍ പവര്‍ഹൗസ് ആവുകയാണ് നരെയ്‌നും റസലും.

നരെയ്‌ന് പുറമേ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 14 നിന്ന് 31 റണ്‍സ് നേടി ഗംഭീര പ്രകടനമാണ് തുടക്കത്തില്‍ കാഴ്ചവെച്ചത്. 228.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. ശേഷം ഇറങ്ങിയ അന്‍കൃത് രഘുവാംശി 32 റണ്‍സ് നേടിയപ്പോള്‍ മധ്യനിരയില്‍ റിങ്കു സിങ് 25 റണ്‍സ് നേടി പുറത്താക്കാതെയും തിളങ്ങി. ലഖ്‌നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിങ്ങിറങ്ങിയ ലഖ്‌നൗവിന് വേണ്ടി ക്യാപ്റ്റന്‍ രാഹുല്‍ 25 റണ്‍സിന് പുറത്തായതോടെ മാര്‍ക്കസ് സ്റ്റോയിനിസ് 36 റണ്‍സും നേടി കൂടാരം കയറി. ശേഷം അഷ്ടണ്‍ ടര്‍ണര്‍ 16 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.

കൊല്‍ക്കത്തക്ക് വേണ്ടി ഹര്‍ഷിദ് റാണയും വരുണ്‍ ചക്രവര്‍ത്തിയും മൂന്നു വീതം വിക്കറ്റുകള്‍ നേടി തിളങ്ങി. റസലിന് രണ്ട് വിക്കറ്റ്കളും നേടാന്‍ സാധിച്ചപ്പോള്‍ സുനിലും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ് കൊല്‍ക്കത്ത. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ടായിരുന്നു ജയക്കുതിപ്പ് നടത്തിയത്. ഇതോടെ ആദ്യം പ്ലെയ് ഓഫില്‍ എത്തുന്ന ടീമാകാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു.

 

Content Highlight: Sunil Narine And Andre Russel In Record Achievement