| Saturday, 4th June 2022, 10:05 am

സോറി ഐ.പി.എല്ലില്‍ ഇങ്ങനെ പറ്റില്ല; കൊടുക്കുന്ന കാശ് കുറഞ്ഞ് പോയോ അതോ ഇങ്ങേര്‍ക്ക് ഐ.പി.എല്ലിനോട് വല്ല ദേഷ്യവുമുണ്ടോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കരീബിയന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. മുന്‍ കാലങ്ങളില്‍ വമ്പനടികളുമായി കളം നിറഞ്ഞാടിയ സുനില്‍ നരെയ്‌ന്റെ നിഴല്‍ പോലും ഇത്തവണത്തെ ഐ.പി.എല്ലില്‍ കാണാന്‍ സാധിച്ചിരുന്നില്ല.

ഈ സീസണില്‍ 14 മത്സരത്തിലെ 10 ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ നരെയ്ന്‍ സ്വന്തമാക്കിയത് 8.88 ശരാശരിയില്‍ 71 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോറാകട്ടെ 22ഉം.

177.50 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് താരം സീസണില്‍ ആശ്വാസമെന്നോണം ബാക്കി വെച്ചത്.

ബൗളിംഗില്‍ താരതമ്യേന മികച്ച പ്രകടനമാണ് താരം നടത്തിയത്. അധികം വിക്കറ്റുകളൊന്നും വീഴ്ത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച എക്കോണമിയാണ് താരത്തിനുള്ളത്.

14 ഇന്നിംഗ്‌സില്‍ നിന്നും 56 ഓവര്‍ പന്തെറിഞ്ഞ താരം 5.57 എക്കോണമിയില്‍ 312 റണ്‍സാണ് വിട്ടുനല്‍കിയത്. 9 വിക്കറ്റാണ് ഐ.പി.എല്‍ 2022ല്‍ സ്വന്തമാക്കിയത്.

എന്നാല്‍, ഐ.പി.എല്ലിന് ശേഷം ലീഗും ഫാഞ്ചൈസിയും മാറിയതോടെ നരെയ്ന്‍ പഴയ നരെയ്‌നായിരിക്കുകയാണ്. വിന്‍ഡീസ് ക്രിക്കറ്റിന്റെ സ്‌ഫോടനാത്മകമായ ക്രിക്കറ്റ് പുറത്തെടുക്കുന്ന സുനില്‍ നരെയ്‌നാണ് ടി-20 ബ്ലാസ്റ്റിലെ കാഴ്ച.

എണ്ണം പറഞ്ഞ ഷോട്ടുമായി കരീബിയന്‍ ക്രിക്കറ്റിന്റെ വശ്യത വ്യക്തമാക്കുന്ന സുനില്‍ നരെയ്‌നെയാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ കാണുന്നത്.

ടി-20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി ആഞ്ഞടിക്കുന്ന നരെയ്‌നെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഐ.പി.എല്ലിലെ മോശം ഫോമിന്റെ ലാഞ്ഛന പോലുമില്ലാതെയാണ് താരം ടി-20 ബ്ലാസ്റ്റില്‍ അടിച്ചുതകര്‍ക്കുന്നത്.

സറേ – ഹാംഷെയര്‍ മത്സരത്തിലായിരുന്നു നരെയ്ന്‍ തന്റെ വിശ്വരൂപം ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്. 23 പന്തില്‍ നിന്നും 226.09 പ്രഹരശേഷിയില്‍ 52 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്.

നരെയ്‌നൊപ്പം സാം കറനും വില്‍ ജാക്‌സണും ആഞ്ഞടിച്ചപ്പോള്‍ 4 വിക്കറ്റിന് 228 റണ്‍സാണ് സറേ അടിച്ചുകൂട്ടിയത്.

ബൗളിംഗിലും നരെയ്ന്‍ തിളങ്ങിയിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ബാറ്റിംഗിനൊപ്പം സാം കറന്‍ ബൗളിംഗിലും തിളങ്ങിയപ്പോള്‍ ഹാംഷെയറിന്റെ തോല്‍വി വേഗത്തിലായി. നാല് ഓവറില്‍ 30 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ കറന് മുമ്പില്‍ 156 റണ്‍സിന് ഹാംഷെയര്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ മങ്ങുകയും ഇംഗ്ലീഷ് മണ്ണില്‍ തിളങ്ങുകയും ചെയ്യുന്ന നരെയ്ന്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇനി എന്ത് അത്ഭുതമാണ് ബാക്കിവെച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Sunil Naraine plays magnificent innings in England T20 Blast

We use cookies to give you the best possible experience. Learn more