| Friday, 19th August 2016, 7:10 am

പാര്‍ട്ടി അറിയാതെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ല: വി.എസ് സുനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ആര്‍.എസ്.എസുകാരന് നിയമനം നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി കൃഷി മന്ത്രി വി.എസ് ശിവകുമാര്‍. പാര്‍ട്ടി അറിയാതെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരാളെയും നിയമിച്ചിട്ടില്ലെന്നും പേഴ്‌സണല്‍ സ്റ്റാഫിലുള്ള 25 പേരെയും പാര്‍ട്ടിയുടെ അറിവോടെയാണ് നിയമിച്ചിട്ടുള്ളതെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

അതേ സമയം ആരോപണ വിധേയനായ അരുണ്‍ലാല്‍ദാസ് ഓഫീസില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്ില്‍ ടൈപിസ്റ്റായി ജോലി ചെയ്യുന്നുണ്ടെന്ന വാര്‍ത്ത മന്ത്രി സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട 25 പേരില്‍പ്പെട്ട ആളല്ല അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഡയറക്ടറേറ്റില്‍ അയച്ച ജീവനക്കാരനാണ് അരുണ്‍ലാല്‍ദാസെന്നും ഇതില്‍ മന്ത്രിയായ തനിക്ക് യാതൊരു പങ്കുമില്ലെന്നും വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഓഫീസില്‍ രാത്രി 11 മണിവരെ ജോലി ചെയ്യേണ്ട സാഹചര്യങ്ങളില്‍ അതിന് സന്നദ്ധമാകുന്ന ജീവനക്കാരെയാണ് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കുന്നത്. അതില്‍ പല പാര്‍ട്ടിക്കാരുമുണ്ടാകും. ഇത്തരത്തില്‍ ഡയറക്ടറേറ്റില്‍ നിന്നും വരുന്ന ജീവനക്കാര്‍ ഒരാഴ്ചയോ രണ്ടാഴ്ചയോ ഉണ്ടാകുകയുള്ളൂവെന്നും പിന്നീട് ജീവനക്കാര്‍ മാറിമാറി വരുന്നത് പതിവാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ആര്‍ എസ് എസ് പ്രവര്‍ത്തകനായ അരുണ്‍ലാല്‍ദാസിനെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഓഫീസില്‍ നിയമനം നല്‍കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകരാരും തന്നോട് ഇതുവരെ ഒരുപരാതിയും പറഞ്ഞിട്ടില്ലെന്നും മന്ത്രി സിറാജ് ദിനപത്രത്തോട് വ്യക്തമാക്കി.

എന്നാല്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ അരുണ്‍ലാലിനെ പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയാതെയാണ് മന്ത്രി പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതെന്നാണ് സി.പി.ഐ കൊല്ലം പ്രാദേശിക നേതാക്കള്‍ മേല്‍ഘടകത്തിന് പരാതി നല്‍കിയിരുന്നത്. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ ട്രഷററാണ് അരുണിന്റെ നിയമനത്തിന് പിന്നിലെന്നും പ്രാദേശിക നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more