| Sunday, 31st March 2024, 8:12 am

ബ്ലെസി ചേട്ടൻ ചിരിച്ചാൽ അതാണ് അർത്ഥം; ആ ചിരി പോലും കിട്ടാൻ വലിയ പാടാണ്: സുനിൽ കെ.എസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ട ഓരോ പ്രേക്ഷകനും അതിലെ ഓരോ ഫ്രെയിമുകളും എടുത്ത് പറയാൻ തോന്നും. അത്രത്തോളം മനോഹരമായിട്ടാണ് സിനിമാട്ടോഗ്രാഫർ സുനിൽ കെ.എസ്. എടുത്ത് വെച്ചിട്ടുള്ളത്.

ഓരോ ഷോട്ടിനുവേണ്ടിയും ഒരുപാട് സമയമെടുത്തിട്ടുണ്ടാവുമെന്നും അത്രത്തോളം ക്ഷമ എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് ഏറ്റവും വലിയ ക്ഷമ സംവിധായകൻ ബ്ലെസിക്ക് ആയിരുന്നെന്നായിരുന്നു സുനിലിന്റെ മറുപടി. ഷോട്ട് ഓക്കെ ആയാൽ ബ്ലെസി പറയില്ലെന്നും അദ്ദേഹം ചിരിച്ചാൽ ഇഷ്ടപ്പെട്ടെന്ന് മനസിലാവുമെന്നും സുനിൽ പറയുന്നുണ്ട്. എന്നാൽ ആ ചിരി കിട്ടാൻ വലിയ പ്രയാസമാണെന്നും സുനിൽ കൂട്ടിച്ചേർത്തു. നജീബും ആടും എല്ലാം ഒരുമിച്ച് ആകുന്ന സീൻ ഉച്ചമുതൽ വൈകുന്നേരം വരെ ഷൂട്ട് ചെയ്‌തെന്നും സുനിൽ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘ഏറ്റവും വലിയ ക്ഷമ ബ്ലെസി ചേട്ടനാണ്. ബ്ലെസി ചേട്ടൻ ഓക്കെ എന്ന് പറയില്ല. അദ്ദേഹം ചിരിച്ചാൽ അറിയാം അത് ഓക്കെയാണെന്ന്. ആ ചിരി പോലും കിട്ടാൻ വലിയ പാടാണ്. നജീബും ആടും എല്ലാം ഒരുമിച്ച് ആകുന്ന സീനുണ്ട്. അതിൽ ഒരു ആട് തിരിഞ്ഞുനോക്കി കരയണം.

ഈയൊരു ഷോട്ട് എനിക്ക് തോനുന്നു ഉച്ച മുതൽ വൈകുന്നേരം വരെ ഇങ്ങനെ എടുത്തു കൊണ്ടിരിക്കുകയാണ്. ഒരു റിയാക്ഷനും കിട്ടുന്നില്ല. അത് ഒരു വിധത്തിൽ ഒപ്പിച്ചെടുത്തു. ഒട്ടകം പിന്നെയും എളുപ്പമായിരുന്നു. ആട് കുറച്ച് പാടാണ്. പ്രത്യേകിച്ച് ഇത്തരം ആടുകൾ,’ സുനിൽ കെ.എസ്. പറഞ്ഞു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. നീണ്ട പതിനാറ് വർഷത്തെ പരിശ്രമത്തിനൊടുവില്ലാണ് ബ്ലെസി ആടുജീവിതം തിയേറ്ററിൽ എത്തിക്കുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Sunil ks about blessy’s dedication on every short

We use cookies to give you the best possible experience. Learn more