| Tuesday, 31st January 2023, 5:38 pm

ലോകകപ്പ് കളിക്കാനായി തന്നെ 'ദേശീയ ടീമില്‍ നിന്നൊഴിവാക്കാന്‍' അവന്‍ ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിക്കണം; സൂപ്പര്‍ താരത്തെ കുറിച്ച് മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ക്രിക്കറ്റ് ലോകത്തെ അടുത്ത ഗ്ലോബല്‍ ഇവന്റ്. 2011ന് ശേഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് എല്ലാ ടീമുകളും മാറ്റുരക്കാന്‍ എത്തുന്നത്. കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടെത്തുമ്പോള്‍ ഒരിക്കല്‍ നേടിയ കിരീടം വീണ്ടും സ്വന്തമാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ലങ്കയും ഓസീസും കച്ചമുറുക്കും.

ഭൂതകാലങ്ങളിലേറ്റ തോല്‍വികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടായിരിക്കും ഇന്ത്യ ഏകദിന ലോകകപ്പിനിറങ്ങുക. അതിനാല്‍ തന്നെ ടീമില്‍ പല മാറ്റങ്ങളും വരുത്തേണ്ടത് അത്യാവശ്യവുമാണ്.

സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിന് 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ അവസരം ലഭിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സുനില്‍ ജോഷിയുടെ അഭിപ്രായം. താരത്തിന്റെ ആവറേജ് പ്രകടനം തന്നെയാണ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരിക്കാന്‍ കാരണമായി സുനില്‍ ജോഷി ചൂണ്ടിക്കാണിക്കുന്നത്.

ഈ വര്‍ഷം കളിച്ച രണ്ട് മത്സരത്തില്‍ നിന്നും മൂന്ന് വിക്കറ്റ് മാത്രമാണ് ചഹല്‍ വീഴ്ത്തിയത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 7.2 ഓവറില്‍ 43 റണ്‍സ് വഴങ്ങിയിരുന്നു. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

ചഹല്‍ ഫോം മടക്കിയെടുക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അവധിയെടുത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും അതിനായി മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കണമെന്നുമാണ് ജോഷി പറയുന്നത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോഷി ഇക്കാര്യം പറഞ്ഞത്.

‘ഏതൊരു ബൗളറും ഇത്തരമൊരു കാലഘട്ടത്തിലൂടെ ഉറപ്പായും കടന്നുപോകും. ചഹല്‍ ഇപ്പോള്‍ ആ ഘട്ടത്തിലായിരിക്കാം. ചഹലിനെ പോലെ ഗ്രൗണ്ടില്‍ ആവശ്യത്തിന് സമയം ലഭിക്കാത്ത ഒരു താരം ഫോം മടക്കിയെടുക്കാനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തന്നെ വിടണമെന്ന് മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കണം.

ഫോം മടക്കിയെടുക്കാന്‍ അവന് മാച്ച് ടൈം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ലോകകപ്പിനായി ചഹലിന് അനുയോജ്യമായ തയ്യാറെടുപ്പായിരിക്കും അത്,’ സുനില്‍ ജോഷി പറഞ്ഞു.

അതേസമയം, ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ചഹല്‍ കാഴ്ചവെച്ചത്. രണ്ട് ഓവര്‍ എറിഞ്ഞ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ നാല് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്.

മത്സരത്തില്‍ ഫിന്‍ അലനെ പുറത്താക്കിയതിന് പിന്നാലെ ഒരു റെക്കോഡും ചഹലിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന (91) താരം എന്ന റെക്കോഡാണ് ചഹല്‍ സ്വന്തമാക്കിയത്. പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ 90 വിക്കറ്റിന്റെ റെക്കോഡാണ് ചഹല്‍ മറികടന്നത്.

Content Highlight: Sunil Joshi about Yuzvendra Chahal

We use cookies to give you the best possible experience. Learn more