കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും നാനാതലത്തിലേക്കുള്ള ചര്‍ച്ചയിലേക്ക് വഴി തെളിയിക്കുന്നതാണെന്നും സുനില്‍ ഇളയിടം. നമ്മുടെ തന്നെ ആഭ്യന്തരവൈരുദ്ധ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനും അതിനെ മറികടക്കാനും വെല്ലുവിളിച്ച് നേരിടാനും കേരളീയസമൂഹത്തിന് വന്നുചേര്‍ന്നുട്ടുള്ള ഒരു അവസരമാണ് ഇതെന്നും അതിന് ശബരിമല വിധി ഉയര്‍ത്തിക്കൊണ്ട് വന്ന ചര്‍ച്ചകളെ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന “ആര്‍പ്പോ ആര്‍ത്തവം” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ചരിത്രത്തിലാദ്യമായി മുന്നോട്ട് വെച്ചു എന്നതാണ് ഈ വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. ഇതിന് മുന്‍പ് ഭരണഘടനയും സാമൂഹ്യനീതി എന്നതും തമ്മിലുള്ള ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അതിന്റെ ചരിത്രപരമായ ഉള്ളടക്കമെന്താണ് എന്നത് കുറേക്കൂടി പ്രസക്തമാണെന്നും സുനില്‍ ഇളയിടം പറഞ്ഞു.ധാരാളം മനുഷ്യര്‍ തെരുവുകളില്‍ ഒത്തുകൂടി ഭരണഘടനയേയും അതിന്റെ ധാര്‍മ്മികതയേയും കുറിച്ച് ചര്‍ച്ചചെയ്യുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടുവന്നത് ഒരുപക്ഷെ ഈ വിധിയുണ്ടാക്കിയ സാഹചര്യമാണ്. അതിനെ കൂടുതല്‍ കൂടുതല്‍ ശക്തപ്പെടുത്തുകയാണ് വേണ്ടത്- സുനില്‍ ഇളയിടം കൂട്ടിച്ചേര്‍ത്തു.
ആര്‍ത്തവം എങ്ങനെയാണ് ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ള, അതിനെ മറികടക്കേണ്ട അവസ്ഥകളെ കുറിച്ചുള്ള ചോദ്യമാണ് ഒരു പക്ഷെ ഈ സംഘാടനത്തിന്റെ മുഖ്യ കേന്ദ്ര പ്രമേയം. അങ്ങനെയൊരു പ്രമേയം നിലനനില്‍ക്കെ തന്നെ നാനാപ്രമേയത്തിലേക്ക് ഈ പ്രശ്നം തുറന്ന് കിടക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും സുനില്‍ ഇളയിടം പറഞ്ഞു.
അതുപോലെ തന്നെ നവോത്ഥാനം എന്ന് നാം വിളിക്കുന്ന ആധുനികീകരണപ്രക്രിയയുടെ ആഭ്യന്തരവൈരുദ്ധ്യത്തെയും ഇത് തുറന്ന് കാണിക്കുന്നുണ്ടെന്നും ഒരര്‍ത്ഥത്തില്‍ നാം മുമ്പ് റദ്ദാക്കിയ മൂല്യങ്ങളുടെയൊക്കെ സമാഹൃതസ്ഥാനം നല്‍കി നമ്മുടെ ഗാര്‍ഹികാന്തരീക്ഷം മാറിത്തീരുന്ന ഒരു വലിയ പരിണാമപ്രക്രിയ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്ക്ക് നടന്നുകഴിഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്തിട്ടേയില്ലാത്ത ഒരു പ്രമേയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:
ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി മുന്നോട്ട് വെച്ച ചില ചര്‍ച്ചകളില്‍ ഒന്ന് അത് ഭരണഘടനയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ചരിത്രത്തിലാദ്യമായി മുന്നോട്ട് വെച്ചു എന്നതാണ്. എന്റെ ഓര്‍മ്മയില്‍ ഭരണഘടനയെന്നത് സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവാദ വിഷയമായിത്തീന്നത് മുമ്പെങ്ങുമുണ്ടായിട്ടില്ല. അതിനെ കേവലമൊരു സമാഹാരമായി കാണുകയും അതിനെ തികച്ചും സാങ്കേതികമായി കാണുന്നതുമായ ഒരു സമീപനമാണ് നിലനിന്നുപോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭരണഘടന എന്താണ് ഭരണഘടനയില്‍ എന്താണ് സഞ്ചിതമായിക്കുന്നത് എന്നതാണ് സുപ്രധാനമായി ചര്‍ച്ച ചെയ്യേണ്ടത്. അതിന്റെ ചരിത്രപരമായ ഉള്ളടക്കമെന്താണ് എന്നത് കുറേക്കൂടി പ്രസക്തമാണ്.
ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നു. അത് വാഗ്ദാനം ചെയ്യുന്ന തുല്യത കേവലം നിയമപരമായ ഒന്നല്ല, മറിച്ച് ആധുനികസമൂഹത്തിന്റെ ആധുനികസമൂഹരൂപീകരണത്തിന്റെ മൂലതത്വങ്ങള്‍ എന്ന നിലയിലാണ്. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ നാനാവിധ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട് വന്നതാണ്. ഇന്ത്യയുടെ മൂല്യബോധത്തെ അതിന്റെ ആധുനികരൂപീകരണ മൂല്യബോധങ്ങളുടെ സമാഹൃതരൂപമായിട്ട് ഭരണഘടനയെ നമ്മള്‍ നോക്കിക്കാണേണ്ടതുണ്ട്. അല്ലാതെ നിമയപരമായി മാത്രം വ്യവസ്ഥപ്പെട്ട ഒന്നല്ല.
ഒന്നരനൂറ്റാണ്ടുകളോളം നീണ്ട് നില്‍ക്കുന്ന ചെറുതും വലുതുമായ സമരങ്ങളുടെ, സ്വാഭിമാനത്തിനുവേണ്ടി മതനവീകരണത്തിനുവേണ്ടി ഒക്കെ ഇന്ത്യയിലരങ്ങേറിയ സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന സാമൂഹ്യബോധത്തിന്റെ രാഷ്ട്രീയ ഇച്ഛയുടെ ആവിഷ്‌കാര സ്ഥാനമുണ്ട് ഭരണഘടനയ്ക്ക്. അങ്ങനെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്, പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പരിവര്‍ത്തനോന്‍മുഖമായ ഭരണഘടനാവാദം എന്ന ഒരു ആശയം മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട്.
ഭരണഘടന ഒരു ജഡരേഖയല്ലെന്നും അത് സഞ്ചിതമായിരിക്കുന്ന ഒരു നീതിസങ്കല്‍പ്പം ഒരു ധാര്‍മികപദ്ധതിയുണ്ടെന്നും അതിനെ പടിപടിയായി വ്യാഖ്യാനിച്ച് വികസിപ്പിച്ചുകൊണ്ടുമാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നൊരു ബോധ്യം ഇപ്പോഴത്തെ ചര്‍ച്ചകള്‍ വഴി ഉയര്‍ന്നു വന്നിട്ടുണ്ട്. ജ. ചന്ദ്രചൂഡിന്റെ വിധിയില്‍ “ഗോസ്റ്റ് ഓഫ് ഓപ്പമാലി”യെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. 1951ലെ ബോംബെ ഹൈക്കോടതി വിധിയില്‍ പ്രത്യേക സാമൂഹ്യവിഭാഗങ്ങളുടെ ആചാരവിശ്വാസങ്ങള്‍ നിയമപരമായ പരിശോധനക്ക് വിധേയമാക്കാവുന്നതല്ല എന്ന് പറയുന്നുണ്ട്. അതിനെ ജസ്റ്റിസ് ചന്ദ്രചൂഡ് വിശേഷിപ്പിച്ചത് “ഗോസ്റ്റ് ഓഫ് ഒപ്പമാലി” എന്നാണ്. ഒപ്പമാലിയുടെ ഭൂതബാധ. ആ ഭൂതബാധയില്‍ നിന്ന് നമ്മുടെ നിയമവ്യവസ്ഥ പുറത്തുകടക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പ് ഈ വിധിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അത് നിസ്സാര കാര്യമല്ല.
ഇത്തരം നിയമപരിരക്ഷയുടെ മറവില്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ട് നിലനിന്നുപോന്ന ആചാര വിശ്വാസങ്ങളെ ഭരണഘടനാപരമായ പരിശോധനക്ക്, ധാര്‍മ്മികവും നൈതികവുമായ പുനഃപരിശോധനക്ക് വിധേയമാക്കാവുന്നതാണ് എന്നത് വാസ്തവത്തില്‍ ഭരണഘടനയുടെ ചൈതന്യത്തെ ആധുനികമായ ഒരു നീതിബോധത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ചുവടാണ്. ആ ചുവട് ഇതില്‍ നിലീനമായി കിടക്കുന്നുണ്ട്.
ഇക്കാര്യത്തോട് വിയോജിപ്പുകളുണ്ടാകാം. ഇന്ദുമല്‍ഹോത്രയുടെ വിധിയില്‍ തന്നെ അവരക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇത് ഒരു ഭൂതത്തെ തുറന്നുവിടുന്നുണ്ട് എന്ന് അവരതില്‍ പറയുന്നുണ്ട്. അത്തരത്തില്‍ കുടം തുറന്ന് വിടേണ്ട ചിലഭൂതങ്ങളുണ്ട് എന്നും അങ്ങനെ കുടം തുറന്ന് വിട്ട് അന്തിമമായി ഇല്ലാതാക്കേണ്ട ചില ഭൂതങ്ങള്‍ നമ്മുടെ നീതിവ്യവസ്ഥക്കകത്തും വ്യവഹാരത്തിനകത്തും നിലനില്‍ക്കുന്നുണ്ട്. അവയെ ഇല്ലാതാക്കേണ്ടത് പൊതുസമൂഹത്തിന്റെ സുധീരമായ ഒരു പരിശ്രമമായിട്ടുകൂടി കാണണം.
ധാരാളം മനുഷ്യര്‍ തെരുവുകളില്‍ ഒത്തുകൂടി ഭരണഘടനഎന്ത്, അതിന്റെ ധാര്‍മ്മികത എന്തെന്ന് ചര്‍ച്ചചെയ്യുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടുവന്നത് ഒരുപക്ഷെ ഈ വിധിയുണ്ടാക്കിയ സാഹചര്യം. അതിനെ കൂടുതല്‍ കൂടുതല്‍ ശക്തപ്പെടുത്തുകയാണ് വേണ്ടത്.
കേരളീയ പൊതുസമൂഹത്തെ സംബന്ധിച്ച് ഇപ്പോഴുള്ളത് വേറൊരു അര്‍ത്ഥത്തില്‍ ഒരു സുവര്‍ണാവസരമാണ്. നമ്മുടെ തന്നെ ആഭ്യന്തരവൈരുദ്ധ്യങ്ങളെ മുഖാമുഖം നോക്കാണാനും അതിനെ മറികടക്കാനും വെല്ലുവിളിച്ച് നേരിടാനുമുള്ള കേരളീയസമൂഹത്തിന് വന്നുചേര്‍ന്നുട്ടുള്ള ഒരു അവസരകമാണ് ഇത്. അതിന് ശബരിമല വിധി ഉയര്‍ത്തിക്കൊണ്ട് വന്ന ചര്‍ച്ചകളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മറ്റൊന്ന് നിരവധി ഘടകങ്ങള്‍ വന്നുചേരുന്ന ഒരു സംവാദസ്ഥാനമായാണ് ശബരിമലവിധി ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ടിട്ടുള്ള, ആര്‍ത്തവം എങ്ങനെയാണ് ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ള, അതിനെ മറികടക്കേണ്ട അവസ്ഥകളെക്കുറിച്ചുള്ള ചോദ്യമാണ് ഒരു പക്ഷെ ഈ സംഘാടനത്തിന്റെ മുഖ്യ കേന്ദ്ര പ്രമേയം. അങ്ങനെയൊരു പ്രമേയം നിലനനില്‍ക്കെ തന്നെ നാനാപ്രമേയത്തിലേക്ക് ഈ പ്രശ്നം തുറന്ന് കിടക്കുന്നു എന്ന് കാണാം. അതിലൊന്ന് നമ്മുടെ ഗാര്‍ഹികതയെ സംബന്ധിക്കുന്ന ഒരു പ്രശ്നമാണ്.
മറ്റൊന്ന് നാം ആര്‍ജിക്കുന്ന വിജ്ഞാനത്തിന്റെ പ്രകൃതത്തെയും അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും പുനഃപരിശോധനയുടെ ഒരു തലം ഇതിലുണ്ട്. കാരണം ഈ വിഷയത്തില്‍ തെരുവിലിറങ്ങിയ മനുഷ്യരെ നോക്കിയാല്‍ അവരൊന്നും വിദ്യാഭ്യാസമില്ലാത്ത മനുഷ്യരല്ല. അവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ബിരുദാനന്തബിരുദമുള്ളവരാണ്. അവരാര്‍ജ്ജിച്ചെടുത്ത വിജ്ഞാനവും നമ്മുടെ സാമൂഹ്യജീവിതവും തമ്മലുള്ള ഈ അതിഭീമമായ അന്തരം എവിടെന്നാണ് രൂപം കൊണ്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ഇവിടെ രേഖ സംസാരിച്ചപ്പോള്‍ സൂചിപ്പിച്ച കാര്യം കേരളത്തിലെ സര്‍വ്വകലാശാലകളില്‍, കോളേജുകളില്‍, വിദ്യാലയങ്ങളില്‍ ഒക്കെ നിലനില്‍ക്കുന്ന അതിഭീമമായ ജാതീയമായ വിവേചനങ്ങളെക്കുറിച്ച് രേഖ ഇവിടെ പരാമര്‍ശിക്കുകയുണ്ടായി. ഒപ്പം തന്നെ ആലോചിക്കേണ്ട വിഷയമായി എനിക്ക് തോന്നുന്നത്, നമ്മുടെ വിജ്ഞാനവിതരണമെന്ന് പറയുന്നത് ഈ അറിവിന്റെ സാമൂഹികവും ചരിത്രപരവുമായ ഉള്ളടക്കത്തില്‍ നിന്ന് എത്ര പറിച്ച് മാറ്റപ്പെട്ടനിലയിലാണ് ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം നമ്മുടെ വിദ്യാഭ്യാസം വികസിച്ചത് വിഷയകേന്ദ്രീകൃതവും വൈഭവനിര്‍മ്മാണത്തെ മുന്‍നിര്‍ത്തിയുമാണ് എന്നത് ചെറിയ കാര്യമല്ല. ഈ തരത്തിലുള്ള വിദ്യാഭ്യാസം വിശാലാര്‍ത്ഥത്തില്‍ വിജ്ഞാനത്തെ റദ്ദാക്കിക്കളയുന്ന ഒന്നാണ്. അറിവിന്റെ വിമര്‍ശനാത്മക മൂല്യത്തെ ഏതാണ്ട് സമ്പൂര്‍ണമായി ഉച്ഛാടനം ചെയ്ത് കേവലം വസ്തുതാവിവരണമായി മാറിത്തീരുകയോ തൊഴില്‍ പരിശീലനമായി വിദ്യാഭ്യാസത്തെ മാറ്റുകയോ വൈഭവാര്‍ജ്ജനമായി വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസപ്രക്രിയയുടെ ഉല്‍പ്പന്നങ്ങളായ ആളുകളാണ് തങ്ങളുടെ ശീരത്തെ തങ്ങള്‍ക്ക് തന്നെ അശുദ്ധിയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ തെരുവില്‍ എത്തിച്ചേര്‍ന്നതില്‍ വലിയൊരു വിഭാഗം. അത് കേരളീയ വിദ്യാഭ്യാസത്തിലെ ആഭ്യന്തരവൈരുദ്ധ്യത്തെ തുറന്ന് കാണിക്കുന്നുണ്ട്.
ഇങ്ങനെ എത്രയോ വിതാനങ്ങളിലേയ്ക്ക് ഈ പ്രശ്നങ്ങള്‍ വ്യാപിച്ച് നില്‍ക്കുന്നുണ്ട്. അതുപോലെ തന്നെ നവോത്ഥാനം എന്ന് നാം വിളിക്കുന്ന ആധുനികീകരണപ്രക്രിയയുടെ ആഭ്യന്തരവൈരുദ്ധ്യത്തെയും ഇത് തുറന്ന് കാണിക്കുന്നുണ്ട്. എവിടെയൊക്കെയാണ് അത് ഇരുട്ടറകളായി ഇരിക്കുന്നതെന്നും, ആ ഇരുട്ടറകള്‍ എങ്ങെയൊക്കെയാണ് നമ്മുടെ ജീവിതത്തെ വലയം ചെയ്തിരിക്കുന്നതെന്നുമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടേണ്ടതാണ്. അതുകൊണ്ട് സ്വാധികാരമില്ലാത്ത ഗാര്‍ഹികാനുഭവലോകങ്ങളെ കൂടുതല്‍ കൂടുതല്‍ സൃഷ്ടിച്ചുകൊണ്ട് അവിടേക്ക് മനുഷ്യരെ കെട്ടിത്തളക്കുകയും ഒരര്‍ത്ഥത്തില്‍ നാം മുമ്പ് റദ്ദാക്കിയ മൂല്യങ്ങളുടെയൊക്കെ സമാഹൃതസ്ഥാനം നല്‍കി നമ്മുടെ ഗര്‍ഹികാന്തരീക്ഷം മാറിത്തീരുന്ന ഒരു വലിയ പരിണാമപ്രക്രിയ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയ്ക്ക് നടന്നുകഴിഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്തിട്ടേയില്ലാത്ത ഒരു പ്രമേയമാണ്്. ഇത്തരം പ്രമേയങ്ങളെ അഭിസംബോധന ചെയ്തപ്പോഴൊക്കെയും പുച്ഛിച്ചു തള്ളിയ ഒരു പൊതുസമൂഹമാണ് ഇവിടെ നിലനിന്നിട്ടുള്ളത്. പ്രസ്തുത പുച്ഛവും പരിഹാസവും നിലനില്‍ക്കുന്ന ഗാര്‍ഹികമണ്ഡലത്തിന്റെ ജനാധിപത്യവല്‍ക്കരണമെന്നത് നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളേറ്റെടുക്കേണ്ട കാര്യമാണ്.