കോഴിക്കോട്: ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമെന്ന് സുനില്‍ ഇളയിടം. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവര്‍ഗ്ഗീയവാദികള്‍ അടുത്തിടെയായി വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സുനില്‍ ഇളയിടം പറഞ്ഞു.
ഹൈന്ദവ വര്‍ഗ്ഗീയതക്കെതിരെ ഞാന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ദുര്‍ബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണമെന്നും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ: കൃഷിയിടങ്ങളില്‍ ചെന്ന് വേദമന്ത്രങ്ങള്‍ ചൊല്ലൂ, നിങ്ങള്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കും: ഗോവ സര്‍ക്കാര്‍
“മതവര്‍ഗ്ഗീയവാദം എന്ന നിലയില്‍ പൊളിറ്റിക്കല്‍ ഇസ്ലാം ഏതെങ്കിലും നിലയില്‍ ഹൈന്ദവ വര്‍ഗ്ഗീയതയില്‍ നിന്ന് ഭിന്നമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനെ പിന്‍പറ്റുന്ന പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കേരളത്തില്‍ അവയില്‍ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനില്‍ക്കുന്നത് എന്നതിലും സംശയമൊന്നുമില്ല” ഇളയിടം പറയുന്നു.
അതേസമയം അത്തരം പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ജനാധിപത്യവാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരില്‍ ഈ യാഥാര്‍ത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികള്‍ തയ്യാറാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിറ്റിക്കല്‍ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിര്‍ത്തു കൊണ്ടു തന്നെ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്യണം എന്നാണ് ഞാന്‍ കരുതുന്നതെന്നും ഇളയിടം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പൊളിറ്റിക്കല്‍ ഇസ്ളാമിനെ പിന്തുണയ്ക്കമെന്ന് ഞാന്‍ ആവശ്യപ്പെട്ടു എന്ന കള്ളം ഹൈന്ദവവര്‍ഗ്ഗീയവാദികള്‍ അടുത്തിടെ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വര്‍ഗ്ഗീയതക്കെതിരെ ഞാന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ദുര്‍ബ്ബലപ്പെടുത്താനും അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുമുള്ള അവരുടെ ആസൂത്രിത പ്രചാരവേലയാണ് ഈ നുണപ്രചരണം.പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ചുള്ള എന്റെ വീക്ഷണം പല തവണ എഴുതുകയും പറയുകയും ചെയ്തതാണ്. മതവര്‍ഗ്ഗീയവാദം എന്ന നിലയില്‍ പൊളിറ്റിക്കല്‍ ഇസ്ളാം ഏതെങ്കിലും നിലയില്‍ ഹൈന്ദവ വര്‍ഗ്ഗീയതയില്‍ നിന്ന് ഭിന്നമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനെ പിന്‍പറ്റുന്ന പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയ ഫാസിസത്തെ തന്നെയാണ് ഉയര്‍ത്തിക്കൊണ്ടു വരുന്നത്. കേരളത്തില്‍ അവയില്‍ പലതും മതഭീകരവാദ പ്രസ്ഥാനങ്ങളായാണ് നിലനില്‍ക്കുന്നത് എന്നതിലും സംശയമൊന്നുമില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കപ്പെടേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്ളാമും .
അതേ സമയം അത്തരം പ്രസ്ഥാനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ചില പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ജനാധിപത്യവാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നും ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നേരിടുന്ന അപരവത്കരണം ഒരു അടിസ്ഥാന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. പൊളിറ്റിക്കല്‍ ഇസ്ളാമിന്റെ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിക്കാറുണ്ട് എന്നതിന്റെ പേരില്‍ ഈ യാഥാര്‍ത്ഥ്യം അങ്ങനെയല്ലാതാകുന്നില്ല. ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ ഉന്നയിച്ച പ്രസ്ഥാനങ്ങളുമായി തുലനപ്പെടുത്തി ആ പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ജനാധിപത്യവാദികള്‍ തയ്യാറാവരുത്. അത് അത്തരം പ്രശ്നങ്ങള്‍ മതവര്‍ഗ്ഗീയവാദികള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നതിന് തുല്യമാവും. അതു കൊണ്ട് പൊളിറ്റിക്കല്‍ ഇസ്ലാമിനെയും അതിന്റെ പ്രസ്ഥാന രൂപങ്ങളെയും എതിര്‍ത്തു കൊണ്ടു തന്നെ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന അപരവത്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്യണം എന്നാണ് ഞാന്‍ കരുതുന്നത്.
(പിന്‍കുറിപ്പ്: ഈ വിശദീകരണം ഹൈന്ദവ വര്‍ഗീയതയില്‍ മുങ്ങിത്താണവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും എന്ന് കരുതിയല്ല. ഇക്കാര്യത്തെക്കുറിച്ചു ആത്മാര്‍ത്ഥമായി സംശയം ഉന്നയിച്ച ജനാധിപത്യവാദികള്‍ക്കായാണ്.