| Tuesday, 2nd July 2024, 12:59 pm

ഇന്ത്യ പലവട്ടം 90കളിൽ വീണു, സെഞ്ച്വറി നേടിയത് ഇപ്പോഴാണ്: സുനിൽ ഗാവസ്‌കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് രോഹിത് ശര്‍മയും സംഘവും വീണ്ടും ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചത്. 2007ല്‍ എം.എസ് ധോണിക്ക് ശേഷമാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ കിരീടം ചൂടിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി കിരീടമാണിത്.

കെന്‍സിങ്ടണ്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വീണ്ടും ലോക ക്രിക്കറ്റിന്റെ നെറുകയില്‍ എത്തിയത്. ഈ ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത് ശര്‍മയും സംഘവും കിരീടം ചൂടിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഒറ്റ മത്സരം പോലും തോല്‍ക്കാതെ കിരീടം സ്വന്തമാക്കുന്നത്.

ഇതോടെ ഏകദിനത്തിലും ടി-20യിലും ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന നേട്ടത്തിലേക്കും ഇന്ത്യ കാലെടുത്തുവെച്ചിരുന്നു. നാല് ലോക കിരീടങ്ങളാണ് ഇന്ത്യ നേടിയത്. 1983, 2011 എന്നീ വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പും 2007ന് ശേഷം ഇപ്പോള്‍ ടി-20 ലോകകപ്പും ഇന്ത്യ നേടിയതോടെയാണ് ഇന്ത്യ പുതിയ നേട്ടത്തിലേക്ക് നടന്നുകയറിയത്.

ഇതോടെ നാല് കിരീടങ്ങള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ റെക്കോഡിനൊപ്പമെത്താനും രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചു. മൂന്ന് കിരീടങ്ങള്‍ നേടിയ ഇംഗ്ലണ്ടിനെ മറികടന്നുകൊണ്ടായിരുന്നു ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ലോകകപ്പ് നേടിയത് ഒരു സെഞ്ച്വറി നേടിയതിന് തുല്യമാണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

‘ഇത്രയും നാളുകള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. ഇന്ത്യക്ക് 90കള്‍ ലഭിക്കുന്നുണ്ടെങ്കിലും സെമിഫൈനലുകളിലും ഫൈനലുകളിലും എത്തിയിരുന്ന സമയങ്ങളില്‍ എല്ലാം ഞാന്‍ ഇന്ത്യ സെഞ്ച്വറി നേടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ഒരു സെഞ്ച്വറി വിജയമാണ് ലഭിച്ചത്,’ സുനില്‍ ഗവാസ്‌കര്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലോകകപ്പ് വിജയത്തിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്ര്യഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Sunil Gvasker talks about Indian Cricket Team T20 world cup Win

We use cookies to give you the best possible experience. Learn more