ടി-20 മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ഇന്ത്യയ്ക്കായി റിഷബ് പന്ത് 32 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് വീതം ഫോറുകളും സിക്‌സുകളുമാണ് പന്ത് നേടിയത്. അതേസമയം നായകന്‍ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആറ് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
ഇപ്പോഴിതാ സഞ്ജുവിന്റെ ഈ മോശം പ്രകടനങ്ങളില്‍ വിമര്‍ശിച്ചുകൊണ്ടു മുന്നോട്ടുവന്നിരിക്കുകയാണ് മുന്നില്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സഞ്ജു സാംസണിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ആണ് പന്ത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി പന്ത് നന്നായി റൺസ് നേടുന്നു. ബംഗ്ലാദേശിനെതിരെ അദ്ദേഹം 50ലധികം റണ്‍സ് സ്‌കോര്‍ ചെയ്തു. സഞ്ജു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച രീതിയിലാണ് തുടക്കത്തില്‍ കളിച്ചത്. എന്നാല്‍ അവസാന രണ്ട് മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് അധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സഞ്ജു 50-60 റണ്‍സ് നേടിയിരുന്നെങ്കില്‍ വരും മത്സരങ്ങളില്‍ അവന് ഇലവനില്‍ അവസരം ലഭിക്കുമായിരുന്നു. സഞ്ജുവിനെക്കാള്‍ കൂടുതല്‍ മുന്‍ഗണന ടീം മാനേജ്‌മെന്റ് പന്തിനു നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
2024 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ്‍ നടത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.
ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് സഞ്ജു ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
Content Highlight: Sunil Gavasker talks about Sanju Samson