അവനെ ടെസ്റ്റ് ഫോർമാറ്റിലേക്ക് തിരിച്ചുകൊണ്ടുവന്നാൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാം: സുനിൽ ഗാവസ്‌കർ
Cricket
അവനെ ടെസ്റ്റ് ഫോർമാറ്റിലേക്ക് തിരിച്ചുകൊണ്ടുവന്നാൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാം: സുനിൽ ഗാവസ്‌കർ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 1:25 pm

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

‘അടുത്ത രണ്ട് മാസത്തിനുള്ളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയെ സമ്മതിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നു. അതില്‍ ഒരു ദിവസം 10 ഓവര്‍ പന്തെറിയാന്‍ അവന് സാധിക്കും. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ടീമിന് വിജയിച്ചുകൊണ്ട് മുന്നേറാൻ സാധിക്കും.. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനും ഓസ്‌ട്രേലിയയില്‍ വെച്ച് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഇന്ത്യക്ക് സാധിക്കും,’ സുനില്‍ ഗവാസ്‌കര്‍ റേവ് സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 2018ന് ശേഷം ഹര്‍ദിക് കളിച്ചിട്ടില്ല എന്നുള്ളത് ശ്രേദ്ധേയമായ ഒന്നാണ്. നീണ്ട ആറ് വര്‍ഷങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സ് നായകന്‍ വീണ്ടും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിയാനുള്ള സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടു തന്നെ അറിയണം.

അതേസമയം 2024 ടി-20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹര്‍ദിക് നടത്തിയത്. ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐ.സി.സി ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയും അവസാന ഓവറില്‍ 16 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ഡേവിഡ് മില്ലറെയും പുറത്താക്കിയാണ് ഹര്‍ദിക് നിര്‍ണായകമായത്.

കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു മുംബൈ നായകന്‍.

 

Content Highlight: Sunil Gavasker Talks about Hardik Pandya